
ദില്ലി: ഇറാന്‍റെ മുൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനെയിയുടെ സംസ്‌കാര ചടങ്ങുകളിൽ പങ്കെടുത്തതിന് ഇന്ത്യൻ സർക്കാരിനും ജനങ്ങൾക്കും നന്ദി അറിയിച്ച് ഇന്ത്യയിലെ ഇറാൻ എംബസി. ഇന്ത്യയുടെ ഈ നടപടി ഇരു രാജ്യങ്ങളും തമ്മിലുള്ള ആഴത്തിലുള്ള ചരിത്രപരവും സാംസ്കാരികവും മാനുഷികവുമായ ബന്ധത്തെ പ്രതിഫലിപ്പിക്കുന്നതാണെന്ന് ഇറാൻ വ്യക്തമാക്കി.
സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിലൂടെയാണ് ഇറാൻ എംബസി തങ്ങളുടെ കൃതജ്ഞത രേഖപ്പെടുത്തിയത്'. 'ഇറാന്‍റെ രക്തസാക്ഷിയായ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനെയിയുടെ സംസ്‌കാര ചടങ്ങുകളിൽ പങ്കെടുക്കുകയും ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്ത ഇന്ത്യയിലെ സൗഹൃദ സർക്കാരിനും ജനങ്ങൾക്കും, പ്രത്യേകിച്ച് ഇന്ത്യൻ ഔദ്യോഗിക പ്രതിനിധി സംഘത്തിനും ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്‍റെ ഹൃദയം നിറഞ്ഞ നന്ദിയും ആദരവും അറിയിക്കുന്നു'- ഇറാൻ എംബസി കുറിച്ചു.
ഇന്ത്യൻ രാഷ്ട്രീയ നേതാക്കൾ, പാർലമെന്‍റ് അംഗങ്ങൾ, പണ്ഡിതന്മാർ, ചിന്തകർ, വിവിധ മതവിഭാഗങ്ങളുടെ പ്രതിനിധികൾ എന്നിവരുടെ സാന്നിധ്യം ഇരുരാജ്യങ്ങളും തമ്മിലുള്ള ദീർഘകാലത്തെ ബന്ധത്തിന്റെ തെളിവാണെന്ന് എംബസി ചൂണ്ടിക്കാട്ടി. ഈ ദേശീയ ദുഃഖാചരണ വേളയിൽ ഇറാനിലെ ജനങ്ങളോട് കാണിച്ച ആത്മാർത്ഥമായ ഐക്യദാർഢ്യത്തെ അവർ പ്രശംസിച്ചു.
‘ഇന്ത്യൻ ജനത കാണിച്ച ഈ സൗഹൃദവും അനുകമ്പയും ബഹുമാനവും ഇറാന്റെ ചരിത്രത്തിൽ ഒരിക്കലും മറക്കില്ല. ഇത് ഇരുരാജ്യങ്ങളും തമ്മിലുള്ള ദൃഢമായ ബന്ധത്തിന്റെ വിലയേറിയ തെളിവാണ്’- എംബസി കൂട്ടിച്ചേർത്തു. ഖമനെയിയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തിയ മറ്റ് ഇന്ത്യൻ ഉദ്യോഗസ്ഥർക്കും പൊതുപ്രവർത്തകർക്കും പൗരന്മാർക്കും അവർ നന്ദി പറഞ്ഞു.
തെഹ്‌റാനിൽ നടന്ന സംസ്‌കാര ചടങ്ങുകളിൽ കേന്ദ്ര വിദേശകാര്യ സഹമന്ത്രി പവിത്ര മാർഗരീറ്റ, ബിഹാർ ഗവർണർ ലെഫ്റ്റനന്റ് ജനറൽ (റിട്ട.) സയ്യിദ് അതാ ഹസ്‌നൈൻ എന്നിവരാണ് ഔദ്യോഗികമായി ഇന്ത്യയെ പ്രതിനിധീകരിച്ചത്. മുതിർന്ന കോൺഗ്രസ് നേതാവും മുൻ വിദേശകാര്യ മന്ത്രിയുമായ സൽമാൻ ഖുർഷിദ്, ജമ്മു കശ്മീർ പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (പി.ഡി.പി) അധ്യക്ഷ മെഹബൂബ മുഫ്തി എന്നിവരും ചടങ്ങിൽ പങ്കെടുത്ത് ആദരാഞ്ജലികൾ അർപ്പിച്ചു. ടെഹ്‌റാനിൽ നിന്ന് മടങ്ങുന്ന വേളയിൽ, ഈ വലിയ നഷ്ടത്തിന്റെ സമയത്ത് ധീരരായ ഇറാൻ നേതൃത്വത്തിനൊപ്പം എപ്പോഴും നിലകൊള്ളുമെന്ന് മെഹബൂബ മുഫ്തി എക്സിൽ കുറിച്ചു.
ഈ വർഷം ഫെബ്രുവരി 28നാണ് അമേരിക്കയും ഇസ്രയേലും നടത്തിയ വ്യോമാക്രമണത്തിൽ ആയത്തുള്ള അലി ഖമനെയി കൊല്ലപ്പെടുന്നത്. ഇതേത്തുടർന്ന് പശ്ചിമേഷ്യയിൽ കടുത്ത യുദ്ധപ്രതീതിയും സംഘർഷാവസ്ഥയും ഉടലെടുത്തിരുന്നു. ലക്ഷക്കണക്കിന് ആളുകളാണ് തെഹ്‌റാനിൽ നടന്ന വിലാപയാത്രയിൽ പങ്കെടുത്തത്. ഖമനെയിയുടെ വിയോഗത്തെ തുടർന്ന് അദ്ദേഹത്തിന്‍റെ മകൻ മൊജ്താബ ഖമനെയിയെ ഇറാന്റെ പുതിയ പരമോന്നത നേതാവായി പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇസ്രയേലിൽ നിന്നുള്ള സുരക്ഷാ ഭീഷണികൾ നിലനിൽക്കുന്നതിനാൽ അദ്ദേഹം ആറ് ദിവസം നീണ്ടുനിൽക്കുന്ന പൊതു സംസ്‌കാര ചടങ്ങുകളിൽ നിന്ന് വിട്ടുനിന്നേക്കുമെന്നാണ് 'അൽ ജസീറ' റിപ്പോർട്ട് ചെയ്യുന്നത്.
The Embassy of the Islamic Republic of Iran in the Republic of India extends its heartfelt gratitude and sincere appreciation to the friendly Government and people of India, especially the official delegation that attended on behalf of the Government and people of India, for… pic.twitter.com/Xv01SK2fjz
— Iran in India (@Iran_in_India) July 5, 2026
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam