തകര്‍ന്നടിഞ്ഞ കോണ്‍ക്രീറ്റ് അവശിഷ്ടങ്ങള്‍ക്കടിയില്‍ ഇപ്പോഴും അയ്യായിരത്തിലധികം മൃതദേഹങ്ങള്‍ ചീഞ്ഞഴുകിയ നിലയിലുണ്ടെന്നാണ് സിഎന്‍എന്‍ റിപ്പോര്‍ട്ട് നല്‍കുന്ന വിവരം. ഒക്ടോബറിന് ശേഷം 784 മൃതദേഹങ്ങള്‍ മാത്രമാണ് അധികൃതര്‍ക്ക് വീണ്ടെടുക്കാന്‍ കഴിഞ്ഞത്. 7,500-ലധികം ആളുകളെക്കുറിച്ച് ഇപ്പോഴും വിവരമില്ല.

ഗാസ സിറ്റി: മാസങ്ങള്‍ക്ക് മുമ്പ് പ്രഖ്യാപിക്കപ്പെട്ട വെടിനിര്‍ത്തല്‍ കരാറുകള്‍ വെറും പ്രഖ്യാപനങ്ങളായി തുടരുമ്പോള്‍, ഗാസയിലെ ജനജീവിതം നരകതുല്യമായി തുടരുന്നു. ദീര്‍ഘകാല സമാധാനത്തിനായി ശ്രമിക്കുന്നുണ്ടെന്ന് യുഎസും ഇറാനും അവകാശപ്പെടുമ്പോഴും, ഗാസയിലെ ജനങ്ങള്‍ ജീവിക്കുന്നത് അവിശ്വസനീയമായ ദുരിതങ്ങളിലാണെന്ന് യു എസ് ചാനലായ സി എന്‍ എന്‍ റിപ്പോര്‍ട്ട് ചെയ്തു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഒക്ടോബറിലാണ് ഇസ്രായേലും ഹമാസും തമ്മില്‍ രണ്ട് ഘട്ടങ്ങളായുള്ള സമാധാന കരാര്‍ ഒപ്പുവെച്ചത്. വ്യവസ്ഥകള്‍ പരസ്പരം ലംഘിച്ചതായാണ് ഇരുവിഭാഗവും കുറ്റപ്പെടുത്തുന്നത്. ഗാസയുടെ 70 ശതമാനത്തിലധികം പ്രദേശങ്ങളുടെ നിയന്ത്രണം സൈന്യം ഏറ്റെടുത്തതായി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രഖ്യാപിച്ചു കഴിഞ്ഞു. ഇതിനിടയില്‍ ഹമാസ് ആയുധങ്ങള്‍ ഉപേക്ഷിക്കാന്‍ തയ്യാറാകാതെ വീണ്ടും ശക്തമായി തിരിച്ചുവരികയാണ്.

വെടിനിര്‍ത്തല്‍ കരാര്‍ ഒപ്പിട്ടതിന് ശേഷം മാത്രം ഇസ്രായേല്‍ നടത്തിയ ആക്രമണങ്ങളില്‍ 1,059 പേര്‍ കൊല്ലപ്പെടുകയും 3,429 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു. ഒക്ടോബറിന് ശേഷം പ്രതിദിനം ശരാശരി ഒരു കുട്ടിയെന്ന നിലയിലാണ് ഗാസയില്‍ ജീവന്‍ പൊലിയുന്നത്. ഗാസയിലെ കുട്ടികളെ ബോധപൂര്‍വ്വം ലക്ഷ്യമിടുന്നതിലൂടെ ഇസ്രായേല്‍ വംശഹത്യ തുടരുകയാണെന്ന് യുഎന്‍ കമ്മീഷന്‍ കണ്ടെത്തിയിരുന്നു.

ഗാസയിലെ ജനസംഖ്യയുടെ 90 ശതമാനത്തിലധികം (ഏകദേശം 1.9 ദശലക്ഷം ആളുകള്‍) ഭവനരഹിതരാണ്. താല്‍ക്കാലിക കൂടാരങ്ങളിലാണ് മാസങ്ങളായി ഇവരുടെ താമസം. ുചിമുറികളുടെ അഭാവം മൂലം കടുത്ത മാലിന്യങ്ങള്‍ക്കു നടുവിലാണ് ഇവരുടെ താമസം. കൂടാരങ്ങളില്‍ എലികളും പാറ്റകളും മറ്റ് കീടങ്ങളും പെരുകിു. ഉറങ്ങിക്കിടക്കുന്ന കൊച്ചുകുട്ടികളെയും മുതിര്‍ന്നവരെയും ഇവ കൂട്ടത്തോടെ ആക്രമിക്കുന്നതായി അന്താരാഷ്ട്ര സംഘടനയായ 'മെഡിക്കല്‍ എയ്ഡ് ഫോര്‍ പാലസ്തീനിയന്‍സ്' മുന്നറിയിപ്പ് നല്‍കുന്നു. ദുരിതാശ്വാസമായി ലഭിക്കുന്ന അരിയും ഗോതമ്പും എലികള്‍ കാര്‍ന്നുതിന്നുന്നത് തടയാന്‍ ഭക്ഷണപ്പൊതികള്‍ കൂടാരങ്ങളുടെ മേല്‍ക്കൂരയില്‍ കെട്ടിത്തൂക്കേണ്ട അവസ്ഥയിലാണ് ഫലസ്തീനികള്‍.

തകര്‍ന്നടിഞ്ഞ കോണ്‍ക്രീറ്റ് അവശിഷ്ടങ്ങള്‍ക്കടിയില്‍ ഇപ്പോഴും അയ്യായിരത്തിലധികം മൃതദേഹങ്ങള്‍ ചീഞ്ഞഴുകിയ നിലയിലുണ്ടെന്നാണ് സിഎന്‍എന്‍ റിപ്പോര്‍ട്ട് നല്‍കുന്ന വിവരം. ഒക്ടോബറിന് ശേഷം 784 മൃതദേഹങ്ങള്‍ മാത്രമാണ് അധികൃതര്‍ക്ക് വീണ്ടെടുക്കാന്‍ കഴിഞ്ഞത്. 7,500-ലധികം ആളുകളെക്കുറിച്ച് ഇപ്പോഴും വിവരമില്ല. ഡിഎന്‍എ ടെസ്റ്റിംഗ് കിറ്റുകളുടെ അഭാവം മൂലം അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് ലഭിക്കുന്ന മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ പോലും സാധിക്കാത്ത സ്ഥിതിയാണ്.

യുദ്ധം കാരണം ഗാസയിലെ തൊഴിലില്ലായ്മ നിരക്ക് 85.1 ശതമാനമായി ഉയര്‍ന്നതായി ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്‍ വ്യക്തമാക്കുന്നു. യുദ്ധത്തിന് മുമ്പ് ഇത് 45 ശതമാനമായിരുന്നു. ഇത്തരമൊരു കടുത്ത സാഹചര്യത്തിലും തങ്ങളുടെ അതിജീവനത്തിന്റെ കഥകള്‍ ലോകത്തോട് വിളിച്ചുപറഞ്ഞ് പ്രതീക്ഷ കൈവിടാതെ പോരാടുകയാണ് ഗാസയിലെ പുതിയ തലമുറ.