'അമേരിക്കയ്ക്ക് മരണം', ഡൊണാൾഡ് ട്രംപിനെ വധിക്കാനും ഇസ്രായേലിനെ ഇല്ലാതാക്കാനും ഇറാൻ ശ്രമിച്ചു; യുഎന്നിൽ ആഞ്ഞടിച്ച് അമേരിക്ക

Published : Mar 01, 2026, 02:48 PM IST
Trump Khamenei

Synopsis

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ ഇറാൻ വധിക്കാൻ ശ്രമിച്ചിരുന്നുവെന്ന് യുഎസ് ഗുരുതരമായ ആരോപണം ഉന്നയിച്ചു. അതേസമയം, ഖമനെയിയുടെ കൊലപാതകത്തിന് പ്രതികാരം ചെയ്യുമെന്ന് ഇറാൻ പ്രതിജ്ഞയെടുത്തിട്ടുണ്ട്. 

ജനീവ: ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുള്ള അലി ഖമനെയിയെ വധിച്ചതിന് പിന്നാലെ ഇറാനെതിരെ ​ഗുരുതര ആരോപണങ്ങളുമായി അമേരിക്ക രം​ഗത്ത്. മുമ്പ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ വധിക്കാൻ ഇറാൻ ശ്രമിച്ചിരുന്നുവെന്ന് ഐക്യരാഷ്ട്രസഭയിലെ യുഎസ് അംബാസഡർ മൈക്ക് വാൾട്ട്സ് ആരോപിച്ചു. ഐക്യരാഷ്ട്രസഭ സുരക്ഷാ കൗൺസിലിനെ അഭിസംബോധന ചെയ്ത് സംസാരിക്കവെയായിരുന്നു വാൾട്ട്സിന്റെ ആരോപണം.

'47 വർഷമായി ഇറാൻ ഭരണകൂടം "അമേരിക്കയ്ക്ക് മരണം" എന്ന് പറഞ്ഞുകൊണ്ടേയിരിക്കുന്നു. പാർലമെന്റ് ആരംഭിക്കുമ്പോഴെല്ലാം ഇസ്രായേൽ എന്ന രാഷ്ട്രത്തെ ഉന്മൂലനം ചെയ്യാൻ അവർ ശ്രമിച്ചു. അവസാനിക്കാത്ത രക്തച്ചൊരിച്ചിലിന്റെയും കൂട്ടക്കൊലയുടെയും പ്രചാരണമാണ് അവർ നടത്തിയത്. പ്രകോപനമില്ലാതെ തന്നെ അമേരിക്കയെയും ഇസ്രായേലിനെയും ലക്ഷ്യമിട്ടുള്ള നിരവധി സായുധ ആക്രമണങ്ങൾ ഇറാൻ നടത്തി. യുഎൻ ചാർട്ടറിന്റെ ലംഘനങ്ങൾക്കും മിഡിൽ ഈസ്റ്റിലുടനീളം അന്താരാഷ്ട്ര സമാധാനത്തിനും സുരക്ഷയ്ക്കും ഭീഷണി ഉയർത്തിയതിന് ഇറാൻ ഉത്തരവാദികളാണ്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ പോലും അവർ വധിക്കാൻ ശ്രമിച്ചു.' മൈക്ക് വാൾട്ട്സ് ആരോപിച്ചു.

പരസ്യമായി ഇരയാണെന്ന് അവകാശപ്പെടുമ്പോഴും, തങ്ങളുടെ മോശമായ പ്രവൃത്തികൾ 'മറച്ചുവെക്കാനും മൂടിവെക്കാനും' നേരിട്ട് മാത്രമല്ല, മറിച്ച് തങ്ങളുടെ നിഴൽരൂപങ്ങൾ വഴിയും ടെഹ്‌റാൻ ശ്രമിച്ചതായി വാൾസ് ആരോപിച്ചു. ഇറാന്റെ ഭീഷണി നിറഞ്ഞ പ്രവർത്തനങ്ങൾ അമേരിക്കയെയും, അമേരിക്കൻ സൈനികരെയും, വിദേശത്തുള്ള താവളങ്ങളെയും, പങ്കാളികളെയും, ലോകമെമ്പാടുമുള്ള സഖ്യകക്ഷികളെയും നേരിട്ട് അപകടത്തിലാക്കുന്നതാണ്. ഇറാനുമായുള്ള ഈ സംഘർഷത്തിന് സമാധാനപരമായ പരിഹാരം കണ്ടെത്താൻ അമേരിക്ക എല്ലാ ശ്രമങ്ങളും നടത്തിയിട്ടുണ്ട്. എന്നാൽ, ഇറാൻ ആ അവസരം പ്രയോജനപ്പെടുത്തുന്നതിൽ പരാജയപ്പെട്ടു. അതിനാൽ, ഇസ്രായേൽ സർക്കാരുമായി അടുത്ത ഏകോപനത്തോടെ, ഐക്യരാഷ്ട്രസഭയുടെ ചാർട്ടറിന്റെ ആർട്ടിക്കിൾ 51 അനുസരിച്ച്, ഈ ഭീഷണികളെ നേരിടാൻ അമേരിക്ക നിയമപരമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, ശനിയാഴ്ച പുലർച്ചെ ഇസ്രായേലും അമേരിക്കയും സംയുക്തമായി നടത്തിയ ആക്രമണത്തിലാണ് 86കാരനായ ആയത്തുള്ള അലി ഖമനെയി കൊല്ലപ്പെട്ടത്. മൂന്ന് പതിറ്റാണ്ടിലേറെയായി ഇറാന്റെ പരമോന്നത നേതാവായിരുന്ന ഖമനെയി ടെ​ഹ്റാനിലെ വസതിയിൽ വെച്ചാണ് കൊല്ലപ്പെട്ടത്. ഈ "വലിയ കുറ്റകൃത്യത്തിന് ഒരിക്കലും ഉത്തരം ലഭിക്കാതെ പോകില്ല" എന്ന് ഇറാനിയൻ മന്ത്രിസഭ ഞായറാഴ്ച മുന്നറിയിപ്പ് നൽകി. ഇറാൻ 40 ദിവസത്തെ ദേശീയ ദുഃഖാചരണം പ്രഖ്യാപിക്കുകയും പരമോന്നത നേതാവിന്റെ കൊലപാതകത്തിന് പ്രതികാരം ചെയ്യുമെന്ന് പ്രതിജ്ഞയെടുക്കുകയും ചെയ്തിട്ടുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഖമനെയിയും ഇറാന്‍ വന്‍തോക്കുകളും കൊല്ലപ്പെട്ടത് എങ്ങനെ, രഹസ്യവിവരങ്ങള്‍ പുറത്ത്
മധ്യസ്ഥ രാജ്യത്തെയും വിടാതെ ഇറാൻ; ഒമാനിലും ആക്രമണം, ഗൾഫ് മേഖല കനത്ത ജാഗ്രതയിൽ, ആറ് രാജ്യങ്ങളിൽ ഡ്രോൺ വർഷം