ഇസ്രായേൽ സൈന്യം വധിച്ച യഹ്യ സിൻവാറിന് പകരമായി ഖലീൽ അൽ-ഹയ്യയെ ഹമാസിന്റെ പുതിയ നേതാവായി നിയമിച്ചു. മുൻപ് ഡെപ്യൂട്ടി ചെയർമാനായിരുന്ന അൽ-ഹയ്യ, മറ്റ് പ്രമുഖ നേതാക്കൾ കൊല്ലപ്പെട്ടതിനെ തുടർന്ന് രൂപീകരിച്ച താൽക്കാലിക ഭരണസമിതിയിലെ അംഗമായിരുന്നു
ഹമാസ് തലപ്പത്ത് ഖലീൽ അൽ-ഹയ്യയെ നിയമിച്ചു. ഇസ്രായേൽ സൈന്യം വധിച്ച യഹ്യ സിൻവാറിന് പകരമാണ് ഖലീൽ അൽ-ഹയ്യയെ തങ്ങളുടെ പുതിയ നേതാവായി ഹമാസ് പ്രഖ്യാപിച്ചത്. മുമ്പ് പലസ്തീൻ ഗ്രൂപ്പിന്റെ ഡെപ്യൂട്ടി ചെയർമാനും അഞ്ചംഗ കൗൺസിലിലെ അംഗവുമായിരുന്നു അൽ-ഹയ്യ. 2024-ൽ ഗാസയിലെ മുൻനിര ഹമാസ് നേതാവായ യഹ്യ സിൻവാറും സൈനിക കമാൻഡർ മുഹമ്മദ് ദൈഫും കൊല്ലപ്പെടുകയും, അതേ വർഷം ടെഹ്‌റാൻ സന്ദർശനത്തിനിടെ മറ്റൊരു നേതാവായ ഇസ്മായിൽ ഹനിയ്യ വധിക്കപ്പെടുകയും ചെയ്തതോടെയാണ് അൽ-ഹയ്യ നേതൃത്വത്തിലേക്ക് വന്നത്.
നേതൃ നിരയിലെ പ്രമുഖർ കൊല്ലപ്പെട്ടതോടെ 2024 അവസാനം രൂപീകരിച്ച താൽക്കാലിക അഞ്ചംഗ ഭരണ സമിതിയായ ഹമാസിന്റെ നേതൃത്വ കൗൺസിലിനെ നയിക്കുന്ന അഞ്ച് നേതാക്കളിലൊരാളായി അൽ-ഹയ്യ മാറി. 2025 ഒക്ടോബറിൽ ഇസ്രായേലുമായി വെടിനിർത്തൽ കരാറിലെത്തിയപ്പോൾ ഹമാസിന്റെ പ്രധാന മധ്യസ്ഥൻ അദ്ദേഹമായിരുന്നു. എന്നാൽ ഗാസയിലെ രൂക്ഷമായ മാരകമായ ഇസ്രായേലി ആക്രമണങ്ങൾക്ക് വിരാമമിടാൻ ഈ കരാറിന് സാധിച്ചില്ല. അൽ-ഹയ്യ തന്നെ കുറഞ്ഞത് രണ്ട് തവണയെങ്കിലും ഇസ്രായേൽ സൈന്യത്തിന്റെ വധശ്രമങ്ങൾക്ക് ഇരയായിട്ടുണ്ട്.
അൽ ഹയ്യയുടെ തിരഞ്ഞെടുപ്പിനെ കുറിച്ച് ഇസ്രായേൽ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.


