പശ്ചിമേഷ്യയിൽ അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമായതോടെ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം കുത്തനെ ഇടിഞ്ഞു. സുരക്ഷാ ഭീഷണി വർധിച്ചതും ഇറാൻ എണ്ണക്കപ്പലിന് നേരെ ആക്രമണം നടത്തിയതും മേഖലയിലെ യാത്രകൾ താൽക്കാലികമായി നിർത്തിവെക്കാൻ പല കപ്പൽ കമ്പനികളെയും പ്രേരിപ്പിച്ചു.

ദുബായ്: പശ്ചിമേഷ്യയിൽ അമേരിക്കയും ഇറാനും തമ്മിലുള്ള ആക്രമണങ്ങളും പ്രത്യാക്രമണങ്ങളും ശക്തമായതോടെ ആഗോള എണ്ണവ്യാപാരത്തിന്റെ ജീവനനാഡിയായ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം കുത്തനെ ഇടിഞ്ഞു. മേഖലയിൽ സുരക്ഷാ ഭീഷണി വർദ്ധിച്ച സാഹചര്യത്തിൽ അന്താരാഷ്ട്ര ചരക്ക് കപ്പലുകൾ വലിയ മുൻകരുതലാണ് സ്വീകരിക്കുന്നത്.

ഷിപ്പിംഗ് ഡാറ്റാ നിരീക്ഷണ ഏജൻസിയായ 'കെപ്ലറിന്‍റെ' വിവരങ്ങൾ ഉദ്ധരിച്ച് അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് ആണ് ഈ വിവരങ്ങൾ പുറത്തുവിട്ടത്. ശക്തമായ സുരക്ഷാ ആശങ്ക നിലനിൽക്കുന്നതിനാൽ തിങ്കളാഴ്ച എണ്ണയും മറ്റ് ചരക്കുകളും വഹിച്ചുകൊണ്ടുള്ള 4 കപ്പലുകൾ മാത്രമാണ് ഹോർമുസ് കടലിടുക്ക് മുറിച്ചുകടന്നത്.

ഞായറാഴ്ച 7 കപ്പലുകൾ ഈ മേഖലയിലൂടെ സർവീസ് നടത്തിയിരുന്നു. തിങ്കളാഴ്ച സഞ്ചരിച്ച ഭൂരിഭാഗം കപ്പലുകളും ഇറാന്റെ സമുദ്രപാതയിലൂടെയാണ് കടന്നുപോയത്. അമേരിക്കൻ-ഇറാൻ സൈനിക നീക്കങ്ങൾ രൂക്ഷമായതോടെ പല അന്താരാഷ്ട്ര കപ്പൽ കമ്പനികളും അപകടസാധ്യത ഒഴിവാക്കാൻ യാത്രകൾ താൽക്കാലികമായി നിർത്തിവെക്കുകയോ ഇതര പാതകൾ തിരഞ്ഞെടുക്കുകയോ ചെയ്യുകയാണ്. ലോകത്തിലെ എണ്ണ വിതരണത്തിന്റെ വലിയൊരു ശതമാനം കടന്നുപോകുന്ന തന്ത്രപ്രധാനമായ ഈ സമുദ്രപാതയിലെ തടസ്സങ്ങൾ ആഗോള ഇന്ധന വിപണിയെയും സാമ്പത്തിക മേഖലയെയും കടുത്ത പ്രതിസന്ധിയിലാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

എണ്ണക്കപ്പലിന് നേരെ ഇറാന്‍റെ ആക്രമണം

ഇറാന് നേരെയുള്ള അമേരിക്കയുടെ വ്യോമാക്രമണം തുടർച്ചയായ പത്താം നാളിലും ശക്തമായി തുടരുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം. ആക്രമണത്തിൽ ഇന്ധന ടാങ്കറിന് തീ പിടിച്ചു. ഇതോടെ ജീവനക്കാർ കപ്പൽ ഉപേക്ഷിച്ച് ലൈഫ് ബോട്ടിൽ രക്ഷപ്പെട്ടു. അമേരിക്ക ആക്രമണം തുടരുന്നിടത്തോളം ഹോർമുസ് വഴി എണ്ണ കടത്തിവിടില്ലെന്നാണ് ഇറാന്‍റെ ഭീഷണി. കുവൈത്തിലെ അമേരിക്കയുടെ മിസൈൽ സിസ്റ്റങ്ങൾക്ക് നേരെ പ്രത്യാക്രമണം നടത്തിയതായി ഇറാൻ അവകാശപ്പെട്ടു. അതേസമയം ഇറാന്‍റെ സൈനിക കമാൻഡ് സെന്‍ററുകൾ ആക്രമിച്ച് അമേരിക്ക. ഇറാന്റെ സിരിക്, ബന്ദർ അബ്ബാസ്, ഖഷം ദ്വീപ്, ചബഹാർ, കൊനാരക് എന്നീ മേഖലകളെ ലക്ഷ്യമിട്ടാണ് യു.എസ് അവസാനമായി ബോംബാക്രമണം നടത്തിയത്.