ഒരു സാഹചര്യത്തിലും ആണവ പദ്ധതികൾ നിർത്തില്ലെന്ന് ഇറാൻ; ഇസ്രയേലിന് സൈനിക സഹായം നൽകരുതെന്ന് മുന്നറിയിപ്പ്

Published : Jun 22, 2025, 01:49 AM ISTUpdated : Jun 22, 2025, 01:58 AM IST
Iran-Israel War Tensions Escalate Over Fordow Nuclear Facility Attack

Synopsis

ഇസ്രയേലിന് സൈനിക സാമഗ്രികൾ നൽകുന്ന രാജ്യങ്ങൾ ഇറാന്റെ ലക്ഷ്യമാകുമെന്ന് മുന്നറിയിപ്പ്. യുദ്ധത്തിന് ഇറങ്ങേണ്ടി വന്നാലും ആണവ സമ്പുഷ്ടീകരണം നിർത്തില്ലെന്ന് ഇറാൻ പ്രസിഡന്‍റ്. 

ടെഹ്റാൻ: ഇസ്രയേലിന് സൈനിക സാമഗ്രികൾ നൽകരുതെന്ന മുന്നറിയിപ്പുമായി ഇറാൻ. നൽകുന്നവർ ഇറാന്റെ ലക്ഷ്യമായി മാറുമെന്നാണ് മുന്നറിയിപ്പ്. ഇസ്രയേലിനെ സഹായിക്കുന്നവരെ യുദ്ധത്തിൽ കക്ഷിയായി കണക്കാക്കും. യുദ്ധത്തിന് ഇറങ്ങേണ്ടി വന്നാലും ആണവ സമ്പുഷ്‌ടീകരണം നിർത്തില്ലെന്ന് ഇറാൻ പ്രസിഡന്‍റ് പറഞ്ഞതായി വാർത്താ ഏജൻസിയായ ഇർന (IRNA) റിപ്പോർട്ട് ചെയ്തു.

'സമാധാനപരമായ ആവശ്യങ്ങൾക്ക് ആണവ പദ്ധതി ഉപയോഗിക്കുന്നത് സംബന്ധിച്ച് ചർച്ച ചെയ്യാനും സഹകരിക്കാനും തയ്യാറാണ്. പക്ഷേ ഒരു സാഹചര്യത്തിലും ആണവ പദ്ധതി നിർത്തില്ലെ'ന്ന് ഇറാൻ പ്രസിഡൻ്റ് മസൂദ് പെസെഷ്കിയൻ ഫ്രഞ്ച് പ്രസിഡന്‍റ് ഇമാനുവൽ മക്രോണിനോട് ഫോണ്‍ സംഭാഷണത്തിൽ പറഞ്ഞെന്നാണ് ഇർന റിപ്പോർട്ട് ചെയ്തത്.

അതിനിടെ ഇറാനെതിരായ ആക്രമണത്തിൽ അമേരിക്ക ഇസ്രയേലിനൊപ്പം ചേർന്നാൽ ചെങ്കടലിൽ അമേരിക്കൻ കപ്പലുകളെ ലക്ഷ്യം വയ്ക്കുമെന്ന് ഹൂതികൾ ഭീഷണി മുഴക്കി. ഇസ്രയേലിനൊപ്പം ചേർന്ന് ഇറാനെതിരെ നീങ്ങുമോയെന്ന കാര്യത്തിൽ അമേരിക്ക ഇതുവരെ വ്യക്തത വരുത്തിയിട്ടില്ല. ഇസ്രയേലും ഇറാനും തമ്മിലുള്ള സംഘർഷം ഒമ്പതാം ദിവസം പിന്നിട്ടിട്ടും അവസാനിക്കുന്നതിന്റെ സൂചനകളൊന്നും ഇതുവരെയില്ല. പിന്നാലെയാണ് അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഹൂതി സായുധ സേന രംഗത്തെത്തിയത്.

'ഇറാനെതിരെയുള്ള ആക്രമണത്തിൽ ഇസ്രായേലിനൊപ്പം അമേരിക്ക പങ്കാളിയായാൽ, സായുധ സേന ചെങ്കടലിൽ അവരുടെ കപ്പലുകളെയും യുദ്ധക്കപ്പലുകളെയും ലക്ഷ്യമിടും. ഗാസ, ലെബനൻ, സിറിയ, ഇറാൻ എന്നിവിടങ്ങളിൽ ആക്രമണം നടത്തി പശ്ചിമേഷ്യയിൽ ആധിപത്യം സ്ഥാപിക്കാനുള്ള സയണിസ്റ്റ് - അമേരിക്കൻ നീക്കം തിരിച്ചടി നേരിടും. നീക്കങ്ങൾ നിരീക്ഷിച്ചുവരികയാണ്' എന്നാണ് സന്ദേശം.

അതിനിടെ ഇസ്ഫഹാൻ ആണവ നിലയം ആക്രമിച്ചെന്ന് ഇസ്രയേൽ അവകാശപ്പെട്ടു. ആണവ കേന്ദ്രം ആക്രമിക്കുന്ന ദൃശ്യങ്ങൾ ഇസ്രയേൽ സൈന്യം പുറത്തുവിട്ടു. ആണവ നിലയം ആക്രമിക്കരുതെന്ന് ഇന്നലെ അന്താരാഷ്ട്ര ആണവോര്‍ജ്ജ സമിതി മുന്നറിയിപ്പ് നൽകിയിരുന്നു. ഇത് തള്ളിയാണ് ഇസ്രയേലിന്റെ ആക്രമണം. ടെഹ്റാനിലെ ആയുധ ഫാക്ടറി അടക്കം പത്തിലധികം കേന്ദ്രങ്ങളിലും ഇസ്രായേൽ ആക്രമണം നടത്തി. അഹ്വാസിലും ഇസ്രയേൽ ആക്രമണമുണ്ടായി. ഇറാന്റെ സൈബർ യൂണിറ്റിന്റെ കെട്ടിടം തകർത്തതായും ഇസ്രയേൽ അറിയിച്ചു.

ഏറ്റുമുട്ടൽ തുടരുന്നതിനിടെ ഇറാന്റെ പരമോന്നത നേതാവ് അയത്തുള്ള അലി ഖമനയി പിൻഗാമിയെ തീരുമാനിച്ചെന്നും റിപ്പോർട്ടുണ്ട്. മൂന്നുപേരുടെ പട്ടിക പിൻഗാമിയെ തീരുമാനിക്കാനുള്ള വിദഗ്ധസമിതിക്ക് നൽകിയതായാണ് വിവരം. പട്ടികയിൽ ഖമനയിയുടെ മകന്റെ പേരില്ലെന്നാണ് സൂചന. ഇസ്രയേൽ - ഇറാൻ യുദ്ധത്തിൽ ഇടപെടുന്നതിൽ തീരുമാനം നേരത്തെ ഉണ്ടാകുമെന്നാണ് ഇന്ന് അമേരിക്കയുടെ മുന്നറിയിപ്പ്. നേരത്തെ രണ്ടാഴ്ചക്ക് ശേഷം തീരുമാനമെന്നായിരുന്നു ട്രംപ് അറിയിച്ചത്. അമേരിക്കയുടെ നീക്കം അപകടകരമായ സാഹചര്യത്തിലേക്ക് എത്തിക്കുമെന്ന് ഇറാനും തിരിച്ചടിച്ചു.

PREV
Read more Articles on
click me!

Recommended Stories

സമാധാന ചർച്ചകൾ മൂന്നാം ദിനത്തിൽ, യുക്രൈന് നേരെ ആക്രമണം കടുപ്പിച്ച് റഷ്യ, ഒറ്റ രാത്രിയിൽ വിക്ഷേപിച്ചത് 653 ഡ്രോണുകളും 51 മിസൈലുകളും
ഡ്യൂറൻഡ് ലൈനിൽ വീണ്ടും സംഘർഷം, പാകിസ്താനും അഫ്ഗാനിസ്താനും ഏറ്റുമുട്ടി, 5 പേർ കൊല്ലപ്പെട്ടു