
ന്യൂയോർക്ക്: ഇസ്രയേൽ - ഇറാൻ സംഘർഷം പത്താം നാളിലേക്ക് കടക്കവെ അമേരിക്കയുടെ നേരിട്ടുള്ള ആക്രമണം ഇറാനെതിരെ ഉണ്ടാകുമോയെന്ന ആശങ്ക ശക്തമാകുന്നു. പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് വൈറ്റ് ഹൗസിലെത്തി ഇക്കാര്യത്തിൽ തീരുമാനം വൈകാതെ തന്നെ കൈക്കൊള്ളുമെന്നാണ് അറിയിച്ചിട്ടുള്ളത്. അതിനിടയിൽ ആശങ്ക ശക്തമാക്കിക്കൊണ്ട് അമേരിക്കയുടെ യുദ്ധ വിമാനങ്ങൾ പസഫിക് സമുദ്രത്തിന് കുറുകെ പറന്നെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. ന്യൂയോർക്ക് ടൈംസ് അടക്കമുള്ള മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഉഗ്ര പ്രഹര ശേഷിയുള്ള യു എസ് വ്യോമസേന ബി 2 ബോംബർ വിമാനങ്ങൾ അമേരിക്കയിലെ സൈനിക താവളത്തിൽ നിന്ന് പറന്നുയർന്ന് പസഫിക് സമുദ്രത്തിന് കുറുകെ പോയെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
30,000 പൗണ്ട് ഭാരമുള്ള ബങ്കർ - ബസ്റ്റർ ബോംബുകൾ വഹിക്കാൻ കഴിയുന്ന ബി 2 വിമാനം ഫോർഡോയിലെ ഇറാന്റെ ഭൂഗർഭ ആണവ കേന്ദ്രങ്ങൾക്കെതിരെ വിന്യസിക്കാൻ ആലോചിക്കുന്നുണ്ടെന്നാണ് ഫ്ലൈറ്റ് ട്രാക്കർ ഡാറ്റ കാണിക്കുന്നെന്നാണ് വിവരം. മിസ്സോറിയിലെ വൈറ്റ്മാൻ എയർഫോഴ്സ് ബേസിൽ നിന്നാണ് ഇവ പറന്നുയർന്നതെന്നും ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇറാനിയൻ ആണവ കേന്ദ്രങ്ങൾക്കെതിരായ ഇസ്രായേലിന്റെ ആക്രമണങ്ങളിൽ പങ്കുചേരണോ വേണ്ടയോ എന്ന് തീരുമാനിക്കാൻ പ്രസിഡന്റ് ട്രംപ് വൈറ്റ് ഹൗസിലേക്ക് മടങ്ങാൻ പോകുന്നതിനിടെയാണ് യു എസ് വ്യോമസേന ബി 2 ബോംബർ വിമാനങ്ങൾ മിസ്സോറിയിൽ നിന്ന് പറന്നതെന്നാണ് വിവരം. ഇറാനെതിരായ ഇസ്രയേൽ ആക്രമണത്തിൽ നേരിട്ട് പങ്കാളിയാകാൻ ട്രംപ് തീരുമാനിച്ചാൽ വൈകാതെ തന്നെ ബി 2 ബോംബർ വിമാനങ്ങൾ തീ തുപ്പുമെന്നാണ് ഇത് വ്യക്തമാക്കുന്നതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
ഇറാനെതിരായ നീക്കത്തില്‍ തീരുമാനം നേരത്തെ ഉണ്ടാകുമെന്ന മുന്നറിയിപ്പ് അമേരിക്കയും ട്രംപും നൽകിയിട്ടുണ്ട്. ഇസ്രായേലിനോട് യുദ്ധം നിര്‍ത്താന്‍ പറയില്ലെന്നും ട്രംപ് വിവരിച്ചിരുന്നു. ഇസ്രായേല്‍ - ഇറാന്‍ സംഘര്‍ഷം പെട്ടെന്ന് അവസാനിക്കില്ലെന്ന് സൂചന നല്‍കുന്നതായിരുന്നു അമേരിക്കന്‍ പ്രസിഡന്‍റിന്‍റെ നേരത്തെയുള്ള പ്രസ്താവന. യൂറോപ്യന്‍ യൂണിയന്‍ നടത്തുന്ന ചര്‍ച്ച പരാജയപ്പെടുമെന്നും അമേരിക്കയുമായുള്ള ചർച്ചകളിൽ മാത്രമാണ് ഇറാന് താൽപര്യമെന്നും ട്രംപ് വിവരിച്ചിരുന്നു. ഇറാന്‍റെ തീരുമാനം അറിയാന്‍ പരമാവധി രണ്ടാഴ്ച്ച വരെ മാത്രം കാത്തിരിക്കുമെന്നാണ് ആദ്യം പറഞ്ഞതെങ്കിലും പിന്നീട് ട്രംപ്, ഈതീരുമാനം നേരത്തെയാക്കുമെന്ന മുന്നറിയിപ്പും നൽകിയിരുന്നു. യുദ്ധത്തിൽ അമേരിക്ക കരസേനയെ വിന്യസിക്കില്ലെന്നും ഇറാന്റെ ആണവകേന്ദ്രങ്ങളെ നിർവീര്യമാക്കാൻ ഇസ്രയേലിന് ഒറ്റക്ക് സാധിക്കില്ലെന്നും നിലവിൽ ആക്രമണങ്ങൾ നിർത്തിവെക്കാന്‍ ഇസ്രായേലിനോട് പറയാനാകില്ലെന്നും ട്രംപ് വിശദീകരിച്ചിട്ടുണ്ട്. ഇറാന്റെ ആണവ പദ്ധതികളെ കുറിച്ച് യു എസ് രഹസ്യാന്വേഷണ മേധാവി തുൾസി ഗാബാർഡ് ജനപ്രതിനിധി സഭയിൽ അവതരിപ്പിച്ച റിപ്പോർട്ടടക്കം തള്ളിക്കൊണ്ടാണ് ട്രംപ് സംസാരിച്ചത്. ഇറാൻ അടുത്തെങ്ങും ആണവായുധം നിർമിക്കില്ലെന്ന റിപ്പോര്‍ട്ടാണ് ട്രംപ് തള്ളിക്കളഞ്ഞത്. എന്തായാലും വൈറ്റ് ഹൗസിൽ മടങ്ങിയെത്തുന്ന ട്രംപിന്‍റെ തീരുമാനം എന്താകുമെന്നറിയാൻ ലോകം ഉറ്റുനോക്കുകയാണ്.