'ഇറാനെ ആക്രമിച്ചാൽ ചെങ്കടലിൽ യുഎസ് കപ്പലുകൾ ആക്രമിക്കും'; അമേരിക്കയ്ക്ക് ഭീഷണിയുമായി ഹൂതികൾ

Published : Jun 21, 2025, 11:54 PM ISTUpdated : Jun 21, 2025, 11:58 PM IST
Houthi rebels attacked a container ship in the Red Sea

Synopsis

ഇറാനെതിരെയുള്ള ആക്രമണത്തിൽ ഇസ്രായേലിനൊപ്പം അമേരിക്ക പങ്കാളിയായാൽ, ചെങ്കടലിൽ അവരുടെ കപ്പലുകളെയും യുദ്ധക്കപ്പലുകളെയും ലക്ഷ്യമിടും എന്നാണ് സായുധ സേനയുടെ മുന്നറിയിപ്പ്

ടെഹ്റാൻ: ഇറാനെതിരായ ആക്രമണത്തിൽ അമേരിക്ക ഇസ്രയേലിനൊപ്പം ചേർന്നാൽ ചെങ്കടലിൽ അമേരിക്കൻ കപ്പലുകളെ ലക്ഷ്യം വയ്ക്കുമെന്ന് ഹൂതികളുടെ ഭീഷണി. ഇസ്രയേലിനൊപ്പം ചേർന്ന് ഇറാനെതിരെ നീങ്ങുമോയെന്ന കാര്യത്തിൽ അമേരിക്ക ഇതുവരെ വ്യക്തത വരുത്തിയിട്ടില്ല. ഇസ്രയേലും ഇറാനും തമ്മിലുള്ള സംഘർഷം ഒമ്പതാം ദിവസത്തിലെത്തിയിട്ടും അവസാനിക്കുന്നതിന്റെ സൂചനകളൊന്നും ഇതുവരെയില്ല. പിന്നാലെയാണ് അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഹൂതി സായുധ സേന രംഗത്തെത്തിയത്.

2023 ഒക്ടോബർ 7 ന് തുടങ്ങിയ ഇസ്രയേൽ - ഹമാസ് യുദ്ധത്തിന് പിന്നാലെ ഇസ്രയേൽ ഗാസയെ ആക്രമിച്ചതോടെ, ചെങ്കടലിൽ ഇസ്രയേലുമായി ബന്ധമുള്ള കപ്പലുകളെ ഹൂതികൾ ആക്രമിച്ചിരുന്നു. തുടർന്ന് അമേരിക്ക യെമനിൽ ഹൂതികൾക്കെതിരെ ആക്രമണം നടത്തി. പിന്നീട് പരസ്പരം ആക്രമിക്കില്ല എന്ന ധാരണ മെയ് മാസത്തിൽ യുഎസും ഹൂതികളും തമ്മിലുണ്ടായി. ഇരുപക്ഷവും പരസ്പരം ലക്ഷ്യം വയ്ക്കില്ല എന്നതാണ് ധാരണ. എന്നാൽ ഇറാനെതിരായ യുദ്ധത്തിൽ അമേരിക്കയും പങ്കാളിയായേക്കുമെന്ന റിപ്പോർട്ടുകൾക്കിടെയാണ് താക്കീതുമായി ഹൂതികൾ രംഗത്തെത്തിയത്. ഹൂതി സൈനിക വക്താവ് ബ്രിഗേഡിയർ ജനറൽ യഹ്യ സരിയുടെ മുൻകൂട്ടി റെക്കോർഡ് ചെയ്‌ത വീഡിയോ പ്രസ്താവനയാണ് പുറത്തുവന്നത്.

'ഇറാനെതിരെയുള്ള ആക്രമണത്തിൽ ഇസ്രായേലിനൊപ്പം അമേരിക്ക പങ്കാളിയായാൽ, സായുധ സേന ചെങ്കടലിൽ അവരുടെ കപ്പലുകളെയും യുദ്ധക്കപ്പലുകളെയും ലക്ഷ്യമിടും. ഗാസ, ലെബനൻ, സിറിയ, ഇറാൻ എന്നിവിടങ്ങളിൽ ആക്രമണം നടത്തി പശ്ചിമേഷ്യയിൽ ആധിപത്യം സ്ഥാപിക്കാനുള്ള സയണിസ്റ്റ് - അമേരിക്കൻ നീക്കം തിരിച്ചടി നേരിടും. നീക്കങ്ങൾ നിരീക്ഷിച്ചുവരികയാണ്' എന്നാണ് സന്ദേശം.

അതിനിടെ ഇസ്ഫഹാൻ ആണവ നിലയം ആക്രമിച്ചെന്ന് ഇസ്രയേൽ അവകാശപ്പെട്ടു. ആണവ കേന്ദ്രം ആക്രമിക്കുന്ന ദൃശ്യങ്ങൾ ഇസ്രയേൽ സൈന്യം പുറത്തുവിട്ടു. ആണവ നിലയം ആക്രമിക്കരുതെന്ന് ഇന്നലെ അന്താരാഷ്ട്ര ആണവോര്‍ജ്ജ സമിതി മുന്നറിയിപ്പ് നൽകിയിരുന്നു. ഇത് തള്ളിയാണ് ഇസ്രയേലിന്റെ ആക്രമണം. ടെഹ്റാനിലെ ആയുധ ഫാക്ടറി അടക്കം പത്തിലധികം കേന്ദ്രങ്ങളിലും ഇസ്രായേൽ ആക്രമണം നടത്തി. അഹ്വാസിലും ഇസ്രയേൽ ആക്രമണമുണ്ടായി. ഇറാന്റെ സൈബർ യൂണിറ്റിന്റെ കെട്ടിടം തകർത്തതായും ഇസ്രയേൽ അറിയിച്ചു.

ഏറ്റുമുട്ടൽ തുടരുന്നതിനിടെ ഇറാന്റെ പരമോന്നത നേതാവ് അയത്തുള്ള അലി ഖമനയി പിൻഗാമിയെ തീരുമാനിച്ചെന്നും റിപ്പോർട്ടുണ്ട്. മൂന്നുപേരുടെ പട്ടിക പിൻഗാമിയെ തീരുമാനിക്കാനുള്ള വിദഗ്ധസമിതിക്ക് നൽകിയതായാണ് വിവരം. പട്ടികയിൽ ഖമനയിയുടെ മകന്റെ പേരില്ലെന്നാണ് സൂചന. ഇസ്രയേൽ - ഇറാൻ യുദ്ധത്തിൽ ഇടപെടുന്നതിൽ തീരുമാനം നേരത്തെ ഉണ്ടാകുമെന്നാണ് ഇന്ന് അമേരിക്കയുടെ മുന്നറിയിപ്പ്. നേരത്തെ രണ്ടാഴ്ചക്ക് ശേഷം തീരുമാനമെന്നായിരുന്നു ട്രംപ് അറിയിച്ചത്. അമേരിക്കയുടെ നീക്കം അപകടകരമായ സാഹചര്യത്തിലേക്ക് എത്തിക്കുമെന്ന് ഇറാനും തിരിച്ചടിച്ചു.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

യുഎസിൽ ഇന്ത്യൻ വംശജനായ വിദ്യാർത്ഥി അറസ്റ്റിൽ; ഒരു ലക്ഷം ഡോളർ ബോണ്ട് ചുമത്തി; സ്വന്തം വീടിന് തീവെക്കാൻ ശ്രമിച്ചെന്ന് കേസ്
റോഡരികിൽ നിസ്‌കരിക്കുകയായിരുന്ന യുവാവിൻ്റെ ശരീരത്തിലേക്ക് ഓഫ് റോഡ് വാഹനം ഓടിച്ചുകയറ്റി; പലസ്തീൻ യുവാവിനോട് ഇസ്രയേൽ സൈനികൻ്റെ ക്രൂരത