ഇറാഖിനെ താറുമാറാക്കിയ യുദ്ധത്തിന് രണ്ട് പതിറ്റാണ്ട്; സമാധാന പൂര്‍ണമായ ഭാവിയിലേക്ക കണ്ണ് നട്ട് ജനം

By Web TeamFirst Published Mar 20, 2023, 11:57 AM IST
Highlights

സദ്ദാം ഹുസ്സൈനെ നിർവീര്യനാക്കാനും, സമൂലനാശമുണ്ടാക്കുന്ന മാരകായുധങ്ങൾ കണ്ടെടുക്കാനും വേണ്ടി 2003 -ൽ തുടങ്ങിയ യുദ്ധം 2011 വരെ നീണ്ടിട്ടും അമേരിക്കയ്ക്ക് ഇറാഖിൽ നിന്ന് രാസായുധങ്ങൾ ഒന്നും തന്നെ കണ്ടുകിട്ടിയില്ല

ബാഗ്ദാദ്: ഇറാഖിന്റെ മണ്ണിലേക്ക് അമേരിക്കൻ സൈന്യം നടത്തിയ അധിനിവേശത്തിന് ഇന്നേക്ക് രണ്ടു പതിറ്റാണ്ടു തികയുന്നു. സദ്ദാം ഹുസ്സൈനെ നിർവീര്യനാക്കാനും, സമൂലനാശമുണ്ടാക്കുന്ന മാരകായുധങ്ങൾ കണ്ടെടുക്കാനും വേണ്ടി 2003 -ൽ തുടങ്ങിയ യുദ്ധം 2011 വരെ നീണ്ടിട്ടും അമേരിക്കയ്ക്ക് ഇറാഖിൽ നിന്ന് രാസായുധങ്ങൾ ഒന്നും തന്നെ കണ്ടുകിട്ടിയില്ല. 

ഒരാളുടെ തീരുമാനപ്രകാരം നടന്ന, ക്രൂരവും, നീതീകരിക്കാനാവാത്തതുമായ അധിനിവേശമായിരുന്നു ഇറാഖില്‍ കണ്ടത്. ഇന്നേക്ക് ഇരുപതുവർഷം മുമ്പൊരു പകൽ, തുരുതുരാ തൊടുത്തുവിട്ട മിസൈലുകൾ കൊണ്ട് ഇറാഖിലെ സുപ്രധാന കേന്ദ്രങ്ങൾ ഛിന്നഭിന്നമാക്കിയതിനു പിന്നാലെ, ബാഗ്ദാദിലേക്ക് അമേരിക്കൻ ടാങ്കുകൾ ഇരച്ചുകയറി. നഗരമധ്യത്തിലെ പടുകൂറ്റൻ സദ്ദാം പ്രതിമ അമേരിക്കൻ മറീനുകൾ മറിച്ചിട്ടപ്പോൾ, സദ്ദാം വിരുദ്ധ പക്ഷം അത് ആഘോഷമാക്കി മാറ്റി.

ഇരുപതുവര്ഷം നീണ്ട ഇറാഖ് അധിനിവേശത്തിനിടെ അമേരിക്കയ്ക്കു നഷ്ടമായത് എണ്ണായിരത്തില്പരം സൈനികരെയാണ്. പൗരന്മാരും സൈനികരുമായി ഇറാഖിന് നഷ്ടമായത് ലക്ഷക്കണക്കിന് പേരുടെ ജീവനും. യുദ്ധം തുടങ്ങി ആറാഴ്ചയ്ക്കുള്ളിൽ തന്നെ പ്രധാന സൈനിക നടപടികൾ അവസാനിച്ചതായി അമേരിക്കൻ പ്രസിഡന്റ് ജോർജ് ഡബ്ലയു ബുഷിൻറെ പ്രഖ്യാപനമെത്തി.

ചടങ്ങിന്റെ പശ്ചാത്തലത്തിൽ, MISSION ACCOMPLISHED എന്ന് ബാനർ കെട്ടിയെങ്കിലും, ഇറാഖിൽ അമേരിക്കയുടെ പ്രതിസന്ധികൾ തുടങ്ങുന്നതേ ഉണ്ടായിരുന്നുള്ളൂ. അമേരിക്ക ഭരണത്തിൽ പ്രതിഷ്ഠിച്ച പാവ ഗവണ്മെന്റിനെതിരെ ഒളിഞ്ഞും തെളിഞ്ഞുമുള്ള പോരാട്ടങ്ങൾ പിന്നെയും തുടർന്നുപോയി. 2003 ഡിസംബറിൽ സദ്ദാം പിടിയിലായതോടെ ഈ ആക്രമണങ്ങൾക്ക് വിരാമമാകും എന്ന് കരുതിയവർക്കും നിരാശരാകേണ്ടി വന്നു. മൂന്നുവര്ഷത്തിനിപ്പുറം, സദ്ദാമിനെ കഴുവേറ്റിയതോടെ ഇറാഖ് കൂപ്പുകുത്തിയത് അന്തമില്ലാത്ത ഒരു ആഭ്യന്തര യുദ്ധങ്ങളിലേക്കാണ്. 2011 -ൽ ബറാഖ് ഒബാമ ഇറാഖിൽ നിന്ന് അവസാന സൈനികനേയും പിൻവലിക്കും വരെയും ഇറാഖിൽ അമേരിക്കയ്ക്ക് വിജയം നേടാനായില്ല.

അധിനിവേശത്തിന് രണ്ടു പതിറ്റാണ്ടു കഴിയുമ്പോൾ, ഇറാഖിൽ അക്രമങ്ങൾ തെല്ലൊന്നടങ്ങിയിട്ടുണ്ട്. ജനങ്ങൾ യുദ്ധത്തിന്റെ കോലാഹലങ്ങളിൽ നിന്ന് സ്വൈരജീവിതത്തിലേക്ക് തിരിച്ചു വരികയാണ്. ഇന്നും രണ്ടായിരത്തി അഞ്ഞൂറോളം അമേരിക്കൻ സൈനികർ ഇറാഖിലുണ്ട്. രാജ്യത്തെ താറുമാറാക്കിയ യുദ്ധത്തിന്റെ പേടിസ്വപ്നങ്ങളെ കുടഞ്ഞെറിഞ്ഞ്, സമാധാനപൂർണമായ ഒരു ഭാവിയിലേക്ക് കണ്ണും നട്ടിരിക്കുകയാണ് ഇറാഖിലെ ജനങ്ങൾ ഇന്ന്.
 

click me!