
ദുബൈ: വഴിയരികിൽ നിന്നവർക്കെല്ലാം പുതിയ ഐഫോൺ സൗജന്യമായി നല്‍കുന്ന ജർമ്മൻ ഇൻഫ്ലുവന്‍സറായ യൂനസ് സാറൂവിന്‍റെ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ കത്തിക്കയറുന്നത്. ദുബൈയിലെ പൊതുസ്ഥലത്ത് വെച്ചാണ് ഇദ്ദേഹം ഐഫോൺ വിതരണം നടത്തിയത്.
ദുബൈ ദെയ്റയിലെ ഗോൾഡ് സൂഖിലാണ് ഈ സംഭവം. അവിടെക്കൂടിയവർക്കെല്ലാം യൂനസ് സാറൂ ഐഫോൺ ബോക്സ് നൽകുന്നതായാണ് വീഡിയോയിലുള്ളത്. നിരവധി പേര്‍ ബോക്സ് വാങ്ങുന്നതും കാണാം. ആദ്യം ഓരോരുത്തരായി ക്ഷമയോടെ നിന്ന് ഐഫോൺ വാങ്ങുന്നുണ്ടെങ്കിലും അവസാനം തീർന്നു പോകുമെന്ന നിലയിലെത്തിയപ്പോള്‍ വൻ ആള്‍ക്കൂട്ടം യൂനസിന് ചുറ്റും കൂടുന്നതായും വീഡിയോയില്‍ കാണാം. ബോക്സിലുള്ള അവസാന ഐഫോണും തീർന്നതോടെയാണ് ആള്‍ക്കൂട്ടം പിരിഞ്ഞത്. എന്നാൽ വീഡിയോ വൈറലായതോടെ നിരവധി പേർ കമന്‍റുകളുമായെത്തി. ഇതിൽ ഏറെയും മലയാളികളാണ്. ചിലർ തങ്ങൾക്കും ഐഫോൺ കിട്ടിയെന്ന് കമന്‍റ് ചെയ്തിട്ടുണ്ട്. എന്നാൽ ഐഫോൺ അല്ല, ഐഫോണിന്‍റെ ബോക്സ് മാത്രമാണ് ഇൻഫ്ലുവൻസർ വിതരണം ചെയ്തതെന്നും ചിലർ കമന്‍റുകള്‍ പങ്കുവെച്ചിട്ടുണ്ട്. യഥാർത്ഥത്തില്‍ ഐഫോൺ ഉള്ളത് ഒരു ബോക്സിൽ മാത്രമാണെന്നും ബാക്കിയുള്ളത് കാലി ബോക്സാണെന്നും കമന്‍റുകളില്‍ പറയുന്നുണ്ട്. വീഡിയോ വൈറലായതോടെ സോഷ്യൽ മീഡിയ പ്ലാറ്റ്‍ഫോമുകളില്‍ ഇതുമായി ബന്ധപ്പെട്ട പോസ്റ്റുകള്‍ നിറയുകയാണ്. കാലി ബോക്സ് ആണ് ഇൻഫ്ലുവൻസർ നൽകിയതെന്നാണ് പല സോഷ്യൽ മീഡിയ ഉപയോക്താക്കളും പറയുന്നത്. ഇന്‍സ്റ്റാഗ്രാമില്‍ 2.54 കോടിയിലേറെ ഫോളോവേഴ്സുള്ളയാളാണ് യൂനസ് സാറൂ. എന്തായാലും വീഡിയോ വൈറലായതോടെ സോഷ്യൽ മീഡിയയിൽ ഇതിനെച്ചൊല്ലിയുള്ള ചർച്ചകളും ചൂടുപിടിക്കുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam