
വാഷിങ്ടൺ: ഇറാനുമായുള്ള ചർച്ചകളിൽ ഏർപ്പെട്ടിരിക്കുന്ന അമേരിക്കൻ ഉദ്യോഗസ്ഥരെ നിരീക്ഷിക്കാനും വിവരങ്ങൾ ചോർത്താനും ഇസ്രയേൽ ശ്രമിക്കുന്നതായി യുഎസ് രഹസ്യാന്വേഷണ ഏജൻസി കണ്ടെത്തിയെന്ന് റിപ്പോർട്ട്. ഇറാനുമായി അമേരിക്ക ചർച്ചകൾ തുടരുന്നതിനിടെ, തങ്ങളുടെ തന്ത്രപ്രധാന പങ്കാളിയായ ഇസ്രയേലിൽ നിന്ന് തന്നെ ഇത്തരമൊരു സുരക്ഷാ ഭീഷണി ഉയർന്നത് യുഎസ് ഭരണകൂടത്തെ സംബന്ധിച്ച് കടുത്ത ആശങ്കയ്ക്ക് കാരണമായിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഇറാനുമായുള്ള ചർച്ചകളിൽ അമേരിക്കയുടെ നിലപാടുകളും തന്ത്രങ്ങളും മുൻകൂട്ടി മനസ്സിലാക്കാൻ ഇസ്രയേലി ചാരസംഘടനകൾ നിരീക്ഷണം ശക്തമാക്കിയതായാണ് യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
ഇറാനുമായുള്ള ചർച്ചകളിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്‍റെ മുഖ്യ പ്രതിനിധിയായ സ്റ്റീവ് വിറ്റ്കോഫ്, പെന്റഗണിലെ ഉന്നത നയരൂപീകരണ ഉദ്യോഗസ്ഥനായ എൽബ്രിഡ്ജ് എ കോൾബി, അദ്ദേഹത്തിന്റെ ഡെപ്യൂട്ടി മൈക്കൽ പി ഡിമിനോ എന്നിവരുൾപ്പെടെയുള്ള മുതിർന്ന യുഎസ് ഉദ്യോഗസ്ഥരെ ഇസ്രയേൽ ലക്ഷ്യമിട്ടെന്ന് 'ദി ന്യൂയോർക്ക് ടൈംസ്' റിപ്പോർട്ട് ചെയ്തു. ഇരുരാജ്യങ്ങളും പരസ്പരം രഹസ്യമായി വിവരങ്ങൾ ശേഖരിക്കാറുണ്ടെന്നത് പരസ്യമായ രഹസ്യമാണെങ്കിലും ഇസ്രയേലിന്റെ ഇപ്പോഴത്തെ നീക്കങ്ങൾ പരിധികൾ ലംഘിക്കുന്നതാണെന്ന് ചില യുഎസ് ഉദ്യോഗസ്ഥർ ചൂണ്ടിക്കാണിക്കുന്നു. ഡിഫൻസ് ഇന്‍റലിജൻസ് ഏജൻസി മറ്റ് സുരക്ഷാ ഏജൻസികളുമായി ചേർന്ന് തയ്യാറാക്കിയ റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളതെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ഇസ്രയേലിലുള്ള യുഎസ് പ്രതിരോധ ഉദ്യോഗസ്ഥരുടെ ഫോണുകളിൽ ആശയവിനിമയം ചോർത്താൻ ശേഷിയുള്ള സോഫ്റ്റ്‌വെയറുകൾ ഇൻസ്റ്റാൾ ചെയ്തതായി കണ്ടെത്തിയതിനെ തുടർന്നാണ് ഡിഐഎ ഇത്തരമൊരു അന്വേഷണ റിപ്പോർട്ട് തയ്യാറാക്കിയതെന്നും റിപ്പോർട്ടിൽ പറയുന്നു.
ഇരുരാജ്യങ്ങളും തമ്മിൽ സൈനിക സഹകരണം നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഈ ചോർത്തൽ വിവാദം ഉയർന്നിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. ഇറാനുമായുള്ള സംഘർഷം രൂക്ഷമായത് മുതൽ യുഎസ് സെൻട്രൽ കമാൻഡ് വഴി ഇരുരാജ്യങ്ങളിലെയും സൈനികർ തന്ത്രപരമായ കാര്യങ്ങളിൽ ഒരുമിച്ച് പ്രവർത്തിക്കുന്നുണ്ട്. എന്നാൽ യുദ്ധത്തിലെ വിവരങ്ങൾക്കപ്പുറം, ഇറാൻ ചർച്ചകളിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സമീപനവും യുഎസ് നിലപാടുകളിലെ മാറ്റങ്ങളും ട്രാക്ക് ചെയ്യാനാണ് ഇസ്രയേൽ പ്രധാനമായും ശ്രമിക്കുന്നതെന്ന് യുഎസ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു. ഇതോടെ ഇസ്രയേലിന് നൽകുന്ന വിവരങ്ങൾക്ക് മേൽ പെന്റഗൺ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയേക്കും. ഇറാനോടുള്ള സമീപനത്തിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള അഭിപ്രായവ്യത്യാസമാണ് ഇതിന് പിന്നിൽ. പ്രസിഡന്റ് ട്രംപ് ചർച്ചകളിലൂടെ പ്രശ്നപരിഹാരം എന്ന അഭിപ്രായത്തിലേക്ക് എത്തിയപ്പോൾ, ഇറാന്റെ ആണവ ശേഷി പൂർണ്ണമായും തകർക്കണമെന്ന കടുത്ത നിലപാടാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന് ഉള്ളതെന്നും റിപ്പോർട്ടുകളുണ്ട്.
അതേസമയം പുറത്തുവന്ന റിപ്പോർട്ടുകൾ പൂർണമായും തെറ്റാണെന്ന് വ്യക്തമാക്കി വൈറ്റ് ഹൗസ് വക്താവ് രംഗത്തെത്തി. യാഥാർത്ഥ്യങ്ങളുമായി യാതൊരു ബന്ധവുമില്ലാത്ത ആരോ നൽകിയ തെറ്റായ വിവരങ്ങളാണ് ഈ വാർത്തയ്ക്ക് പിന്നിലെന്ന് വൈറ്റ് ഹൗസ് പ്രതികരിച്ചു. ആരോപണങ്ങൾ നിഷേധിച്ച വാഷിംഗ്ടണിലെ ഇസ്രയേൽ എംബസി, തങ്ങൾ സഖ്യകക്ഷികളെ നിരീക്ഷിക്കാറില്ലെന്നും ഇസ്രായേലിന്റെ രഹസ്യാന്വേഷണ പ്രവർത്തനങ്ങൾ ശത്രുക്കൾക്ക് നേരെ മാത്രമാണെന്നും വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam