സൂപ്പര്‍ മാര്‍ക്കറ്റില്‍ ഡിസ്പ്ലേ വച്ച കത്തിയുമായി ആക്രമണം; ന്യൂസിലാന്‍ഡില്‍ ആറുപേര്‍ക്ക് കുത്തേറ്റു

By Web TeamFirst Published Sep 3, 2021, 6:56 PM IST
Highlights

ഭീകരവാദ സ്വഭാവമുള്ള ആളുകളുടെ പട്ടികയിലുള്‍പ്പെട്ട് പൊലീസ് നിരന്തരമായി നിരീക്ഷിച്ചിരുന്ന ശ്രീലങ്കന്‍ സ്വദേശിയാണ് അക്രമി. 2011ലാണ്  ഇയാള്‍ ന്യൂസിലാന്‍ഡിലെത്തിയത്.

ന്യൂസിലാന്‍ഡില്‍ ഇസ്ലാമിക് സ്റ്റേറ്റ് അനുകൂല മനോഭാവമുള്ള അക്രമി നടത്തിയ ഭീകരാക്രമണത്തില്‍ ആറ് പേര്‍ക്ക് കുത്തേറ്റു. ന്യൂസിലാന്‍ഡിലെ ഓക്ലാന്‍ഡില്‍  വെള്ളിയാഴ്ചയാണ് അക്രമം നടന്നത്. ഓക്ലാന്‍ഡിലെ ഒരു സൂപ്പര്‍മാര്‍ക്കറ്റില്‍ അതിക്രമിച്ച് കയറി ആളുകളെ കുത്തിപ്പരിക്കേല്‍പ്പിച്ച അക്രമിയെ പൊലീസ് വെടിവച്ച് വീഴ്ത്തി.  ഭീകരവാദ സ്വഭാവമുള്ള ആളുകളുടെ പട്ടികയിലുള്‍പ്പെട്ട് പൊലീസ് നിരന്തരമായി നിരീക്ഷിച്ചിരുന്ന വ്യക്തിയാണ് അക്രമി.

ശ്രീലങ്കന്‍ സ്വദേശിയായ ഇയാള്‍ 2011ലാണ്  ന്യൂസിലാന്‍ഡിലെത്തിയത്. സൂപ്പര്‍ മാര്‍ക്കറ്റില്‍ കയറിയ ശേഷം ഇയാള്‍ ഡിസ്പ്ലേ ചെയ്തുവച്ചിരുന്ന കത്തിയെടുത്താണ് ആളുകളെ ആക്രമിച്ചത്. ആറുപേര്‍ക്ക് കുത്തേറ്റിട്ടുണ്ട്. ഇതില്‍ മൂന്നുപേരുടെ നില ഗുരുതരമെന്നാണ് റിപ്പോര്‍ട്ട്. ആളുകള്‍ ഭയന്നുനിലവിളിച്ച് ഓടുന്നതിന്‍റെ ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്.

2019 മാര്‍ച്ച് മാസത്തില്‍ ക്രൈസ്റ്റ് ചര്‍ച്ച് മോസ്ക് വെടിവയ്പിനെ അനുസ്മരിപ്പിക്കുന്നതായി ഓക്ലാന്‍ഡിലെ ഈ അക്രമവും. 2019ലെ ആക്രമണത്തില്‍ 51 മുസ്ലിം വിശ്വാസികളാണ് കൊല്ലപ്പെട്ടത്. ഏതെങ്കിലും വിശ്വാസത്തിന്‍റെ അടിസ്ഥാനത്തിലല്ല ആക്രമമെന്നും ഒരാളാണ് അക്രമത്തിന് പിന്നിലെന്നും സംഭവത്തേക്കുറിച്ച് ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡേന്‍ പറഞ്ഞു. 


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 
 

click me!