ഇറാന് കനത്ത പ്രഹരം; റെവല്യൂഷണറി ​ഗാർഡ് തലവനെ വധിച്ച് ഇസ്രയേൽ, രണ്ട് മുതിർന്ന ആണവ ശാസ്ത്രജ്ഞരും കൊല്ലപ്പെട്ടു

Published : Jun 13, 2025, 08:28 AM ISTUpdated : Jun 13, 2025, 08:39 AM IST
Iran Revolutionary Guards Chief Hossein Salami

Synopsis

ഇറാന്‍റെ ആണവ കേന്ദ്രങ്ങൾ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ഇസ്രയേൽ പ്രധാനമന്ത്രി ആക്രമണം സ്ഥിരീകരിച്ചു.

ടെഹ്റാൻ: ഇസ്രയേൽ ആക്രമണത്തിൽ ഇറാന്‍റെ റവല്യൂഷണറി ഗാർഡ് തലവൻ കൊല്ലപ്പെട്ടു. ഹൊസൈൻ സലാമി രക്തസാക്ഷിയായെന്ന് ഇറാനിയൻ ടെലിവിഷൻ പ്രഖ്യാപിച്ചു. രണ്ട് മുതിർന്ന ആണവ ശാസ്ത്രജ്ഞരും കൊല്ലപ്പെട്ടു. ഇറാന്‍റെ ആണവ കേന്ദ്രങ്ങൾ ലക്ഷ്യമിട്ടാണ് ഇസ്രയേൽ ആക്രമണം നടത്തിയത്. ടെഹ്റാൻ ഉൾപ്പെടെ 13 ഇടങ്ങളിൽ കനത്ത ആക്രമണം നടത്തി.

അതേസമയം ആക്രമണത്തിൽ അമേരിക്കയ്ക്ക് പങ്കില്ലെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി. യുഎസ്‌ പൗരന്മാരെയും അമേരിക്കയ്ക്ക് താല്പര്യമുള്ള കേന്ദ്രങ്ങളെയും ഇറാൻ ലക്ഷ്യം വയ്ക്കരുതെന്നും മുന്നറിയിപ്പ് നൽകി.

ഇറാന്‍റെ ആണവ, മിസൈൽ ശേഷികൾ ലക്ഷ്യമിട്ട് ഇസ്രയേൽ സൈന്യം ഓപ്പറേഷൻ ആരംഭിച്ചതായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു സ്ഥിരീകരിച്ചു. ഇസ്രായേലിന്റെ നിലനിൽപ്പ് സംരക്ഷിക്കുന്നതിന് ആവശ്യമായ നടപടിയാണിത്. ഇസ്രായേലിന്റെ ചരിത്രത്തിലെ നിർണായക നിമിഷമാണിതെന്നും നെതന്യാഹു പറഞ്ഞു.

ഇസ്രയേൽ വ്യോമസേന ഇറാനുള്ളിൽ നിരവധി തവണ ആക്രമണം നടത്തിയതായി നെതന്യാഹു സ്ഥിരീകരിച്ചു. ഇറാന്‍റെ ആണവ പദ്ധതികളും മിസൈൽ കേന്ദ്രങ്ങളും ഉൾപ്പെടെ പ്രധാന സ്ഥലങ്ങൾ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ഇറാന്‍റെ ആണവ സമ്പുഷ്ടീകരണ പരിപാടിയുടെ കേന്ദ്രത്തിലാണ് ആക്രമണം നടത്തിയതെന്ന് നെതന്യാഹു പറഞ്ഞു. ഈ ഓപ്പറേഷൻ കൃത്യമായ ലക്ഷ്യം വച്ചുള്ളതാണ്. ഇറാനിലെ ജനങ്ങളുമായി ഇസ്രയേൽ സംഘർഷം ആഗ്രഹിക്കുന്നില്ല. ഇറാൻ ജനതയോടല്ല ഇറാന്‍റെ സ്വേച്ഛാധിപത്യ നേതൃത്വത്തിനെതിരെയാണ് പോരാട്ടമെന്നും അദ്ദേഹം പറഞ്ഞു.

യുറേനിയം സമ്പുഷ്ടീകരണം നടക്കുന്നുവെന്ന് സംശയിക്കപ്പെടുന്ന നതാൻസ് സൈറ്റ് ഉൾപ്പെടെയുള്ള ആണവ കേന്ദ്രങ്ങളാണ് ഇസ്രയേൽ സൈന്യം ലക്ഷ്യമിട്ടത്. മുതിർന്ന ഇറാൻ ശാസ്ത്രജ്ഞർ പ്രവർത്തിക്കുന്ന സ്ഥലങ്ങളിലും ഇസ്രയേൽ സൈന്യം ആക്രമണം നടത്തിയതായി നെതന്യാഹു അവകാശപ്പെട്ടു. ഈ ഓപ്പറേഷൻ എത്ര ദിവസം വേണമെങ്കിലും തുടരുമെന്നും നെതന്യാഹു പറഞ്ഞു.

ഇറാന്‍റെ ഭാഗത്തു നിന്ന് തിരിച്ചടിയുണ്ടായേക്കാമെന്ന് ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സ് മുന്നറിയിപ്പ് നൽകി. ജനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകി. അതേസമയം ഇസ്രയേൽ ഏകപക്ഷീയമായി പ്രവർത്തിച്ചതായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ പ്രതികരിച്ചു. ഈ ആക്രമണത്തിൽ അമേരിക്കയ്ക്ക് പങ്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

PREV
Read more Articles on
click me!

Recommended Stories

‘ചരിത്രത്തിലെ ഏറ്റവും വലിയ മോഷണക്കേസ്’; ജഡ്ജിയുടെ ചേംബറിൽ നിന്ന് മോഷണം പോയത് 2 ആപ്പിളും ഒരു ഹാൻഡ്‌വാഷ് ബോട്ടിലും, സംഭവം ലാഹോറിൽ
നടുക്കടലിൽ ആഡംബര ക്രൂയിസ് കപ്പലിൽ വൈറസ് ബാധ; ലോകയാത്രക്കിറങ്ങിയ സഞ്ചാരികൾക്കും ജീവനക്കാർക്കും രോഗം