
ടെൽ അവീവ്: യുകെയ്ക്കെതിരെ കടുത്ത വിമർശനവുമായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. യുകെയെ 'ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ബ്രിട്ടൺ' എന്ന് വിശേഷിപ്പിച്ച നെതന്യാഹു, ആണവായുധമുള്ള ആദ്യ ഇസ്ലാമിക രാജ്യമാകാൻ യുകെയ്ക്ക് പ്രാപ്തിയുണ്ടെന്നും പറഞ്ഞു. ഇസ്രായേലിനോടുള്ള സമീപനത്തിൽ മാറ്റമുണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണ് വിമർശനം. ഇസ്രായേലിലെ ആർമി റേഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നെതന്യാഹു.
മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി വിൻസ്റ്റൺ ചർച്ചിലിന്റെ മകനും മാധ്യമപ്രവർത്തകനുമായ റാൻഡോൾഫ് ചർച്ചിൽ, വർഷങ്ങൾക്ക് മുൻപ് ഇസ്രായേലിനെക്കുറിച്ച് നല്ല രീതിയിൽ വാർത്തകൾ നൽകിയതിനെ നെതന്യാഹു അഭിനന്ദിച്ചു. എന്നാൽ ഇന്നത്തെ ബ്രിട്ടനിലെ അവസ്ഥ ഇതിൽനിന്ന് തികച്ചും വ്യത്യസ്തമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. "ഇന്നത്തെ ബ്രിട്ടനിൽ നിങ്ങൾക്കിത് കാണാൻ കഴിയില്ല, അതിനെ ഇപ്പോൾ 'ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ബ്രിട്ടൻ' എന്നാണ് വിളിക്കുന്നത്"- നെതന്യാഹു കുറ്റപ്പെടുത്തി.
ബ്രിട്ടനെ മാത്രം ഇങ്ങനെ കുറ്റപ്പെടുത്തുന്നത് നീതിയല്ലെന്നും യൂറോപ്പ് മുഴുവൻ ഇപ്പോൾ ഇങ്ങനെ തന്നെയല്ലേ എന്നും അവതാരകൻ ചോദിച്ചപ്പോൾ, അതെ, പക്ഷേ ആണവായുധങ്ങളുള്ള ആദ്യത്തെ ഇസ്ലാമിക രാജ്യം ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ബ്രിട്ടൻ ആയിരിക്കുമെന്ന് ആരോ പറഞ്ഞത് നിങ്ങൾക്കറിയാമല്ലോ എന്നാണ് നെതന്യാഹുവിൻ്റെ മറുപടി.
ഗാസ യുദ്ധവുമായി ബന്ധപ്പെട്ടാണ് ബ്രിട്ടണും ഇസ്രായേലിനും ഇടയിലുള്ള ബന്ധം വഷളാകുന്നത്. യുകെ പ്രധാനമന്ത്രിയാകുന്നതിന് തൊട്ടുമുമ്പ്, ആൻഡി ബേൺഹാം ഗാസയിലെ ഇസ്രായേലിന്റെ സൈനിക നടപടിയോടുള്ള ലേബർ പാർട്ടിയുടെ ആദ്യകാല പ്രതികരണത്തിൽ ക്ഷമ ചോദിച്ചിരുന്നു. തന്റെ നേതൃത്വത്തിൽ പാർട്ടിക്ക് ഈ വിഷയത്തിൽ തെറ്റ് പറ്റി എന്നും ഇനി കൂടുതൽ നന്നായി പ്രവർത്തിക്കേണ്ടതുണ്ടെന്നുമായിരുന്നു പ്രതികരണം.
ഗാസ യുദ്ധം അവസാനിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള യുഎസ് പിന്തുണയുള്ള പദ്ധതിയെ നെതന്യാഹു തള്ളിക്കളയുന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ ഈ പരാമർശം. ഹമാസിൻ്റെ നിരായുധീകരണം പൂർത്തിയാകുന്നതുവരെ ഗാസയിൽനിന്ന് ഇസ്രായേൽ പിന്മാറില്ലെന്നും നെതന്യാഹു പറഞ്ഞു. ട്രംപ് ഭരണകൂടം കരട് അയച്ചിട്ടുണ്ടെന്നും എന്നാൽ തങ്ങൾ അത് അംഗീകരിക്കില്ലെന്നും നെതന്യാഹു പറഞ്ഞു. അത് തങ്ങളുടെ കരടല്ലെന്നും തങ്ങളുടെ പ്രതികരണങ്ങൾ മറുപടി നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam