'നിങ്ങൾ ലോകത്തിൻ്റെ ഹീറോ'; ക്യാപ്റ്റൻ സ്മിത്ത് മച്ചാറുമായി സംസാരിച്ച് നെതന്യാഹു; ഇസ്രായേലിലേക്ക് ക്ഷണം

Published : Oct 04, 2026, 09:40 AM IST
Benjamin Netanyahu Calls Smit Machchhar

Synopsis

ഫ്ലൈ ദുബായ് പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ഫോണിൽ വിളിച്ച് അഭിനന്ദിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. അടുത്ത ഇസ്രായേൽ സ്വാതന്ത്ര്യദിനത്തിൽ ദീപം തെളിയിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം പങ്കെടുക്കാനും അദ്ദേഹം സ്മിത്തിനെ ക്ഷണിച്ചു.

ടെൽ അവീവ്: ഫ്ലൈ ദുബായ് പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ഫോണിൽ വിളിച്ച് അഭിനന്ദിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. സ്മിത്ത് മച്ചാറിനെ ഹീറോയെന്ന് വിശേഷിപ്പിച്ച നെതന്യാഹു, അദ്ദേഹത്തെ ഇസ്രായേൽ സ്വാതന്ത്ര്യദിന പരിപാടിയിലേക്ക് ക്ഷണിച്ചു. എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്നും നെതന്യാഹു ആശംസിച്ചു. ദുബായിൽ നിന്ന് ടെൽ അവീവിലേക്ക് പറന്ന ഫ്ലൈ ദുബായ് വിമാനത്തിലെ കോക്പിറ്റിൽ നടന്ന അക്രമ സംഭവങ്ങൾ സ്മിത്ത് മച്ചാർ നെതന്യാഹുവിനോട് വിശദീകരിച്ചു.

അടുത്ത ഇസ്രായേൽ സ്വാതന്ത്ര്യദിനത്തിൽ ദീപം തെളിയിക്കാനാണ് സ്മിത്ത് മച്ചാറിനെ നെതന്യാഹു ക്ഷണിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം പങ്കെടുക്കാനാണ് ക്ഷണം. ഇന്ത്യയിലെയും ഇസ്രായേലിലെയും ധീരരായ ജനങ്ങളുടെ യഥാർത്ഥ ഹീറോയാണ് സ്മിത്തെന്നും ലോകത്തിന്റെ മുഴുവൻ ഹീറോയാണെന്നും നെതന്യാഹു വിശേഷിപ്പിച്ചു.

"ഇസ്രായേലി യാത്രക്കാരിൽ നിന്ന് ഞാൻ കാര്യങ്ങൾ അറിഞ്ഞു. താങ്കൾ വലിയൊരു ഹീറോയാണ്. താങ്കൾക്കൊപ്പം മറ്റ് ഹീറോകളും ഉണ്ടായിരുന്നു. നിങ്ങളാണ് ആ ദിവസം രക്ഷിച്ചത്. നിരവധി ജീവനുകളാണ് താങ്കൾ രക്ഷിച്ചത്. അതിനേക്കാൾ വലിയൊരു കാര്യവും താങ്കൾ ചെയ്തു. എത്ര വലിയ ഭീഷണിയുണ്ടായാലും ധീരനായ ഒരു പൈലറ്റിനും യാത്രക്കാർക്കും അതിനെ മറികടക്കാൻ കഴിയുമെന്ന് ലോകത്തിന് കാണിച്ചുകൊടുത്തു. ലോകം മുഴുവൻ താങ്കളെ പ്രശംസിക്കുകയാണ്. താങ്കൾ ഇസ്രായേലിന്റെ ഹീറോയാണ്. ഇന്ത്യയുടെ ഹീറോയാണ്. ലോകത്തിന്റെ മുഴുവൻ ഹീറോയാണ്. ഇസ്രായേലിലെ ജനങ്ങൾ താങ്കളെ ഇരുകൈയും നീട്ടി സ്വീകരിക്കുമെന്ന് ഞാൻ ഉറപ്പുനൽകുന്നു"- നെതന്യാഹു പറഞ്ഞു.

"എന്റെയും ഭാര്യയുടെയും അന്വേഷണം താങ്കളുടെ ഭാര്യയെയും അറിയിക്കുക. താങ്കൾക്ക് ഒരു കുടുംബമുണ്ടെന്ന് എനിക്കറിയാം. താങ്കൾ ലോകരാഷ്ട്രങ്ങളുടെ കുടുംബത്തിലെ ഒരു ധീരനായ അംഗമാണ്. എത്രയും വേഗം സുഖം പ്രാപിക്കട്ടെ" - നെതന്യാഹു സ്മിത്ത് മച്ചാറിനോട് പറഞ്ഞു.

വിമാനം സാധാരണ നിലയിൽ പോകുമ്പോഴാണ് പ്രാർത്ഥിക്കണം എന്ന് പറഞ്ഞ് സഹപൈലറ്റ് പെട്ടെന്ന് ആക്രമിച്ചതെന്ന് സ്മിത്ത് മച്ചാർ നെതന്യാഹുവിനോട് പറഞ്ഞു. "യാത്ര സാധാരണ നിലയിലായിരുന്നു. അയാൾക്ക് പ്രാർത്ഥിക്കണം എന്ന് പറഞ്ഞു. അതിൽ അസ്വാഭാവികതയൊന്നും തോന്നിയില്ല. അയാൾ പ്രാർത്ഥിക്കുമ്പോൾ ബഹുമാനസൂചകമായി ഞാൻ മുന്നിലേക്കാണ് നോക്കിയിരുന്നത്. പെട്ടെന്ന് എന്റെ തലയ്ക്ക് പിന്നിൽ ശക്തമായ ഒരു അടി കിട്ടി. വിമാനത്തിന് എന്തെങ്കിലും തകരാർ സംഭവിച്ചതാകും എന്നാണ് ആദ്യം കരുതിയത്. എന്നാൽ തുടരെത്തുടരെ അടി കിട്ടിയപ്പോഴാണ് വിമാനത്തിനല്ല, കൂടെയുള്ള ആൾക്കാണ് പ്രശ്നമെന്ന് എനിക്ക് മനസ്സിലായത്"- സ്മിത്ത് മച്ചാർ പറഞ്ഞു.

ആദ്യത്തെ അടി കിട്ടിയപ്പോൾ തന്നെ അക്രമിയെ തടയാൻ ശ്രമിച്ചെങ്കിലും തന്റെ കാഴ്ച മങ്ങിപ്പോയെന്ന് സ്മിത്ത് മച്ചാർ പറഞ്ഞു. ഇതോടെ വിമാനം അതിവേഗം താഴേക്ക് പോയി. ആ സമയത്ത് നടന്ന കാര്യങ്ങളിൽ തനിക്ക് ഓർമ്മയുള്ളത് ഇത്രയുമാണെന്ന് സ്മിത്ത് മച്ചാർ പറഞ്ഞു. താൻ കോക്ക്പിറ്റിന്റെ വാതിൽ തുറക്കാൻ ശ്രമിച്ചെങ്കിലും അക്രമി അത് വീണ്ടും അടച്ചു. യാത്രക്കാർ നിലവിളിക്കുന്നത് കേട്ട് കോക്ക്പിറ്റിന്റെ തറയിൽ കിടന്ന കാര്യവും സ്മിത്ത് മച്ചാർ ഓർത്തെടുത്തു. സ്മിത്ത് മച്ചാറിന്റെ വാക്കുകൾ കേട്ട നെതന്യാഹു, അദ്ദേഹത്തിന്റെ ധീരതയിൽ താൻ അത്ഭുതപ്പെടുന്നുവെന്നും പ്രതികരിച്ചു.

സെപ്റ്റംബർ 30നാണ് ദുബായിൽ നിന്ന് ടെൽ അവീവിലേക്ക് പറന്ന ഫ്ലൈ ദുബായ് വിമാനത്തിൽ വെച്ചാണ് പൈലറ്റായ സ്മിത്ത് മച്ചാറിനെ സഹപൈലറ്റായ ഒമാൻ സ്വദേശി ഹമാം അൽ ഹമ്മാമി ആക്രമിച്ചത്. പൈലറ്റിനെ ആക്രമിച്ച് വിമാനം തകർക്കുക എന്ന ലക്ഷ്യത്തോടെ ആയിരുന്നു നീക്കം. ഗുരുതരമായി പരിക്കേറ്റിട്ടും സ്മിത്ത് മച്ചാർ അക്രമിയെ ചെറുക്കുകയും കോക്ക്പിറ്റിന്റെ വാതിൽ തുറക്കുകയും ചെയ്തോടെ വിമാനത്തിലെ ജീവനക്കാരും യാത്രക്കാരും ചേർന്ന് സഹപൈലറ്റിനെ കീഴ്പ്പെടുത്തി. ഡ്യൂട്ടിയിലില്ലാതിരുന്ന രണ്ട് പൈലറ്റുമാർ വിമാനത്തിലുണ്ടായിരുന്നതോടെ വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത് സുരക്ഷിത ലാൻഡിങ്ങിനും സാധിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പാകിസ്ഥാൻ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി താക്കീത് നൽകി ഇന്ത്യ, അതിർത്തിയിലെ നുഴഞ്ഞുകയറ്റം തടയാൻ കർശന നടപടിയും ആവശ്യപ്പെട്ടു
ഹോർമൂസിൽ വീണ്ടും കപ്പലുകൾക്ക് നേരെ ആക്രമണം; സൗദിയിൽ മിസൈൽ അവശിഷ്ടം വീണ് പ്രവാസിക്ക് പരിക്ക്