ട്രംപിനെ നേരിട്ടെത്തി സ്വീകരിച്ച് ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിങ്. എപെക് ഉച്ചകോടിക്കാണ് ട്രംപ് ചൈനയിലെ ഷെൻസെനിലെത്തിയത്. ഷി നേരിട്ട് ഒരു ലോകനേതാവിനെ വിമാനത്താവളത്തിലെത്തി സ്വീകരിക്കുന്നത് അപൂർവമാണ്. നാളെയാണ് നിർണായകമായ ട്രംപ് - ഷി ജിൻപിങ് - പുടിൻ കൂടിക്കാഴ്ച.
ബീജിങ്: ഏഷ്യ പസിഫിക് സാമ്പത്തിക സഹകരണ (എപെക്) ഉച്ചകോടിയിൽ പങ്കെടുക്കാനായി തെക്കൻ ചൈനീസ് നഗരമായ ഷെൻസെനിലെത്തിയ യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിനെ സ്വീകരിക്കാൻ വിമാനത്താവളത്തിൽ നേരിട്ടെത്തി ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങ്. ഷി ജിൻപിങ് നേരിട്ട് ഒരു ലോകനേതാവിനെ വിമാനത്താവളത്തിലെത്തി സ്വീകരിക്കുന്നത് അപൂർവമാണ്.
ഷെൻഷെൻ വിമാനത്താവളത്തിൽ ലാൻഡ് ചെയ്ത എയർഫോഴ്സ് വൺ വിമാനത്തിൽ നിന്ന് ഇറങ്ങിയ ട്രംപിനെ ചുവപ്പ് പരവതാനി വിരിച്ചാണ് വരവേറ്റത്. ഇരു രാജ്യങ്ങളുടെയും പതാകകൾ ഏന്തിയ ആളുകൾക്കിടയിലൂടെ നടന്ന രണ്ട് നേതാക്കളും പരസ്പരം ഹസ്തദാനം ചെയ്യുകയും ആലിംഗനം ചെയ്യുകയും ചെയ്തു. തുടർന്ന് ട്രംപിനെ അദ്ദേഹത്തിന്റെ ഔദ്യോഗിക വാഹനത്തിലേക്ക് ഷി ജിൻപിങ് അനുഗമിച്ചു. 1962ന് ശേഷം ഇതാദ്യമായാണ് ഒരു ചൈനീസ് നേതാവ് വിദേശ രാഷ്ട്രത്തലവനെ വിമാനത്താവളത്തിൽ നേരിട്ടെത്തി ഇത്തരത്തിൽ സ്വീകരിക്കുന്നത്. സെപ്റ്റംബറിൽ ഷി ജിൻപിങ് അമേരിക്ക സന്ദർശിച്ചപ്പോൾ ട്രംപ് വിമാനത്താവളത്തിൽ നേരിട്ടെത്തി സ്വീകരണം നൽകിയിരുന്നു.
അതേസമയം അപെക് ഉച്ചകോടിക്കിടെ നാളെ ഷെൻസെനിൽ വെച്ച് ട്രംപും ഷി ജിൻപിങ്ങും റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും തമ്മിലുള്ള നിര്‍ണായക കൂടിക്കാഴ്ച നടക്കും. ചൈന, റഷ്യ, അമേരിക്ക എന്നീ മൂന്ന് രാജ്യങ്ങളുടെയും രാഷ്ട്രത്തലവന്മാർ ആദ്യമായാണ് ഇത്തരത്തിൽ മുഖാമുഖം കാണുന്നത്.
ആണവായുധ നിയന്ത്രണവുമായി ബന്ധപ്പെട്ട ചർച്ചകൾ മുന്നോട്ട് കൊണ്ടുപോകുക എന്നതാണ് ട്രംപ് കൂടിക്കാഴ്ചയിലൂടെ ലക്ഷ്യമിടുന്നത്. എന്നാൽ ആണവായുധ ചർച്ചകളോടുള്ള ചൈനയുടെ മുൻകാല നിലപാടുകൾ ഇതിൽ നിർണായകമാകും. കൂടിക്കാഴ്ച വളരെ ഉപയോഗപ്രദമാകുമെന്ന് പ്രതീക്ഷിക്കുന്നതായി റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ പ്രതികരിച്ചു. കൂടിക്കാഴ്ചയിൽ റഷ്യ - യുക്രൈൻ യുദ്ധം പ്രധാന ചർച്ചാ വിഷയമാകുമോ എന്ന് ആകാംക്ഷയുണ്ട്. ഇക്കാര്യവും ചർച്ച ചെയ്യാൻ ആഗ്രഹിക്കുന്നതായി ട്രംപ് വ്യക്തമാക്കിയിരുന്നെങ്കിലും ത്രികക്ഷി യോഗത്തിൽ യുക്രൈൻ വിഷയം ചർച്ചയാകാൻ സാധ്യതയില്ലെന്ന് ട്രംപിൻ്റെ സഹായികൾ സൂചിപ്പിച്ചിട്ടുണ്ട്. ട്രംപ് എത്തുന്നതിന് മുന്നോടിയായി ഷി ജിൻപിങ്ങും പുടിനും തമ്മിൽ ഉഭകക്ഷി ചർച്ച നടത്തിയിരുന്നു.












