വേദനകളൊഴിയാതെ ഗാസ, സമാധാന കരാർ കടലാസിൽ മാത്രം? 44 ദിവസം, ഗാസ വെടിനിർത്തൽ കരാർ 497 തവണ ലംഘിക്കപ്പെട്ടു, റിപ്പോർട്ട്

Published : Nov 23, 2025, 05:37 PM ISTUpdated : Nov 23, 2025, 05:57 PM IST
gaza

Synopsis

യുഎസ് മധ്യസ്ഥതയിൽ നിലവിൽ വന്ന ഗാസ സമാധാന പദ്ധതി 44 ദിവസത്തിനിടെ 497 തവണ ഇസ്രയേൽ ലംഘിച്ചതായി റിപ്പോർട്ട്. ഈ ആക്രമണങ്ങളിൽ കുട്ടികളും സ്ത്രീകളുമടക്കം നൂറുകണക്കിന് പലസ്തീനികൾ കൊല്ലപ്പെട്ടു. 

യുഎസ് മുൻകൈയെടുത്ത് ഈജിപ്ത്, ഖത്തർ എന്നീ രാജ്യങ്ങളുടെ മധ്യസ്ഥതയിൽ ഇസ്രയേലും ഹമാസും ഒപ്പുവെച്ച ഗാസ സമാധാന പദ്ധതിയുടെ ആദ്യ ഘട്ടം 2025 ഒക്ടോബർ 10 നാണ് പ്രാബല്യത്തിൽ വന്നത്. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് അവതരിപ്പിച്ച പദ്ധതിക്ക് ഈജിപ്ത്, ഖത്തർ തുടങ്ങിയ അറബ് രാജ്യങ്ങളുടെ പിന്തുണയുമുണ്ടായിരുന്നു. കൂട്ടക്കുരുതി തുടരുന്ന ഗാസയിൽ ദീർഘകാലമായി തുടരുന്ന സംഘർഷം അവസാനിപ്പിക്കുക, ബന്ദികളെ മോചിപ്പിക്കുക, ഗാസയിലെ ജനങ്ങൾക്ക് ആവശ്യമായ എല്ലാ സഹായങ്ങളുമെത്തിക്കുക എന്നിവയായിരുന്നു കരാറിന്റെ പ്രധാന ലക്ഷ്യങ്ങൾ. ഇസ്രയേൽ സൈന്യം ഗാസയിലെ ജനവാസ കേന്ദ്രങ്ങളിൽ നിന്ന് പിൻവലിയുമെന്നും സൈനിക നടപടികൾ പൂർണ്ണമായി നിർത്തിവയ്ക്കുമെന്നുമായിരുന്നു പ്രഖ്യാപനം. എന്നാൽ ഇത് പൂർണമായി നടപ്പാക്കപ്പെട്ടില്ല. 

ഗാസ വെടിനിർത്തൽ കരാർ കഴിഞ്ഞ 44 ദിവസത്തിനിടെ 497 തവണയെങ്കിലും ലംഘിക്കപ്പെട്ടുവെന്നും നൂറ് കണക്കിന് പാലസ്തീനികൾ കൊല്ലപ്പെട്ടുവെന്നുമാണ് ഗാസ സർക്കാർ മീഡിയാ ഓഫീസിനെ ഉദ്ധരിച്ച് അൽജസീറ റിപ്പോർട്ട് ചെയ്യുന്നത്. അമേരിക്കയുടെ ഇടപെടലിൽ ഒക്ടോബർ 10-ന് കരാർ നിലവിൽ വന്നതിന് ശേഷവും നൂറുകണക്കിന് പലസ്തീനികൾ കൊല്ലപ്പെട്ടുവെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. വെടിനിർത്തൽ ലംഘിച്ചുള്ള ആക്രമണങ്ങളിൽ 342 സിവിലിയന്മാർ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും കുട്ടികളും സ്ത്രീകളും പ്രായമായവരുമാണ്. ഇസ്രയേൽ വെടിനിർത്തൽ കരാർ ഗുരുതരമായും വ്യവസ്ഥാപിതമായും തുടർച്ചയായി ലംഘിക്കുന്നതിനെ ഞങ്ങൾ ശക്തമായി അപലപിക്കുന്നുവെന്ന് ശനിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ ഗാസ സർക്കാർ മീഡിയാ ഓഫീസ് അറിയിച്ചു. ഗാസയിൽ നടക്കുന്നത് മനുഷ്യാവകാശങ്ങളുടെ നഗ്നമായ ലംഘനമാണ്. വെടിനിർത്തൽ ലംഘിച്ചുകൊണ്ട് ഇസ്രയേൽ സൈന്യം ശനിയാഴ്ച ഗാസയിലുടനീളം വ്യോമാക്രമണങ്ങൾ നടത്തി. കുട്ടികൾ ഉൾപ്പെടെ 24 പലസ്തീനികളാണ് ഈ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത്. 87 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വെടിനിർത്തൽ കരാർ അനുസരിച്ച് എത്തിക്കേണ്ട അത്യാവശ്യ സഹായങ്ങളും മെഡിക്കൽ സാധനങ്ങളും തകർന്നടിഞ്ഞ ഗാസയിലേക്ക് പൂർണ്ണമായി കടത്തിവിടുന്നതിനും ഇസ്രയേൽ ഇപ്പോഴും കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയാണ്.  

ശനിയാഴ്ചയും ആക്രമണം 

ഗാസയിലെ ഇസ്രയേൽ അധിനിവേശ പ്രദേശത്തിനുള്ളിൽ കടന്ന് ഒരു ഹമാസ് പോരാളി ഇസ്രയേൽ സൈനികരെ ആക്രമിച്ചതിനാലാണ് ഏറ്റവും പുതിയ ആക്രമണങ്ങൾ ആരംഭിച്ചതെന്നാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിൻ്റെ ഓഫീസ് പ്രസ്താവനയിൽ അറിയിച്ചത്. തിരിച്ചടിച്ച ഇസ്രയേൽ അഞ്ച് മുതിർന്ന ഹമാസ് പോരാളികളെ ഇല്ലാതാക്കിയെന്നും പ്രസ്താവനയിൽ പറയുന്നു. എന്നാൽ ആക്രമണം നടത്തിയെന്ന് ഇസ്രയേൽ ആരോപിക്കുന്ന പോരാളിയുടെ വിവരങ്ങൾ പുറത്തുവിടാൻ ഹമാസ് ആവശ്യപ്പെട്ടു. 

വെടിനിർത്തൽ കരാറിൻ്റെ മധ്യസ്ഥരായ രാജ്യങ്ങളും യു.എസ്. ഭരണകൂടവും ഇസ്രയേലിനെ സമ്മർദ്ദത്തിലാക്കണമെന്നും തങ്ങളുടെ അവകാശവാദം തെളിയിക്കാനും കരാർ നടപ്പാക്കാനും ആവശ്യപ്പെടണമെന്നും ഹമാസിൻ്റെ മുതിർന്ന അംഗമായ ഇസ്സത്ത് അൽ-റിഷേക് ആവശ്യപ്പെടുന്നു. കരാറിൽ നിന്ന് ഒഴിഞ്ഞുമാറാൻ ഇസ്രയേൽ കാരണങ്ങൾ കെട്ടിച്ചമച്ചുണ്ടാക്കുകയാണെന്നും അദ്ദേഹം ഒരു പ്രസ്താവനയിൽ പറഞ്ഞു. കരാർ ദിനംപ്രതി ലംഘിക്കുന്നത് ഇസ്രയേലാണെന്നും ഹമാസ് ആരോപിക്കുന്നു.

യെല്ലോ ലൈൻ ലംഘിച്ച് ഇസ്രയേൽ 

ഇസ്രയേലും ഹമാസും തമ്മിലുള്ള കരാറിൽ, ഇസ്രായേൽ സൈന്യം പിന്മാറേണ്ട അതിർത്തിയാണ് യെല്ലോ ലൈൻ. ഈ അതിർത്തി പലസ്തീൻ തീരദേശത്തിൻ്റെ പകുതിയിലേറെ ഭാഗത്ത് നിയന്ത്രണം നിലനിർത്താൻ ഇസ്രയേലിന് അവസരം നൽകുന്നു. കാരണങ്ങൾ കെട്ടിച്ചമച്ച് ഇസ്രയേൽ പലപ്പോഴായി വെടിനിർത്തൽ ലംഘിക്കുകയാണന്നും മധ്യസ്ഥ രാജ്യങ്ങളായ യു.എസ്, ഈജിപ്ത്, ഖത്തർ എന്നിവർ അടിയന്തരമായി ഇടപെടണമെന്നും ഹമാസ് ശനിയാഴ്ച ആവശ്യപ്പെട്ടു. ഇസ്രായേൽ സൈന്യം നിലയുറപ്പിച്ച യെല്ലോ ലൈൻ ലംഘിച്ച് പടിഞ്ഞാറോട്ട് നീങ്ങിയെന്നും കരാറിൻ്റെ ഭാഗമായി നിശ്ചയിച്ച അതിർത്തി ഇസ്രായേൽ മാറ്റുകയാണെന്നും ഹമാസ് ആരോപിച്ചു. 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

യുദ്ധം ആരംഭിച്ചാൽ വാഹനങ്ങളും വീടും സൈന്യം ഏറ്റെടുക്കും, പൗരൻമാർക്ക് എമർജൻസി അറിയിപ്പ്; നോർവേക്ക് ഭീഷണി റഷ്യയോ, ട്രംപോ?
ഇന്ത്യയുടെ നിർണായക നീക്കം, കടുത്ത തീരുമാനം സുരക്ഷാ വെല്ലുവിളി പരിഗണിച്ച്; നയതന്ത്ര ഉദ്യോഗസ്ഥരുടെ കുടുംബങ്ങളെ ബംഗ്ലാദേശിൽ നിന്ന് തിരിച്ചെത്തിക്കും