
ലണ്ടന്‍: ബ്രിട്ടനിൽ സ്ഥിര താമസം ലക്ഷ്യമിടുന്ന വിദേശ പൗരന്മാർക്ക് ഇനി കാര്യങ്ങൾ സുഗമം ആകില്ല. സ്ഥിര താമസം അഥവാ പെർമനന്റ് റസിഡൻസി എന്നതിലേക്ക് വിദേശ പൗരന്മാർക്ക് എത്താനുള്ള കാലാവധി ഇരട്ടിയാക്കണമെന്നാണ് സർക്കാർ പാർലമെന്റിൽ അവതരിപ്പിച്ചത്. ഇതനുസരിച്ച് നിയമാനുസൃതമായി ബ്രിട്ടനിലെത്തുന്ന ഇന്ത്യക്കാർ ഉൾപ്പെടെയുള്ള വിദേശ പൗരന്മാർക്ക് ഐഎൽആർ (ഇൻഡെഫനിറ്റ് ലീവ് ടു റിമെയിൻ) ലഭിക്കാൻ ഏറ്റവും ചുരുങ്ങിയത് 10 വർഷം കാത്തിരിക്കേണ്ടി വന്നേക്കും. 2021 മുതൽ രാജ്യത്ത് എത്തിയവർക്ക് നിയമം ബാധകമായേക്കുമെന്നാണ് നിർദ്ദേശം വിശദമാക്കുന്നത്. ഡോക്ടർമാരും നഴ്സുമാർക്കും അഞ്ച് വർഷത്തിനുള്ളിൽ ഐഎൽആർ ലഭിക്കും. എന്നാൽ കെയർ വർക്കിംഗ് മേഖലയിലുള്ളവർക്ക് 15 വർഷത്തോളം കാത്തിരിക്കേണ്ടി വരും.
2022നും 2024നും ഇടയിൽ ബ്രിട്ടനിലെത്തിയ ഇന്ത്യക്കാരിൽ ഏറെയും കെയർ സർവീസ് മേഖലയിലാണ് പ്രവർത്തിക്കുന്നത്. അനധികൃത കുടിയേറ്റക്കാർക്കും വിസാ കാലവധി കഴിഞ്ഞും രാജ്യത്ത് തുടരുന്നവർക്ക് 30 വർഷം വരെ രാജ്യത്ത് കഴിഞ്ഞാലാണ് പിആർ അർഹത ലഭിക്കുക. അഭയാർത്ഥികൾക്ക് 20 വർഷമാണ് പിആറിന് അപേക്ഷിക്കാനുള്ള അർഹത. എന്നാൽ വാർഷിക ശമ്പളം 125140 യൂറോ(ഏകദേശം 12913384 രൂപ) ഉളളവർക്കും ഗ്ലോബൽ ടാലന്റ് വിസയിലും സംരംഭകർ എന്നീ വിഭാഗങ്ങളിലുള്ളവർക്ക് ഫാസ്റ്റ്ട്രാക്ക് ഐഎൽആറിനായി മൂന്ന് വർഷമാണ് കാത്തിരിക്കേണ്ടത്. കുടിയേറിയെത്തുന്നവർക്ക് ക്രിമിൽ പശ്ചാത്തലം ഇല്ലാതിരിക്കേണ്ടതും പിആറിന് അത്യാവശ്യമാണ്.
ബ്രിട്ടനിൽ എത്തിയ ശേഷം വായ്പകൾ എടുത്തിട്ടില്ലെന്നതും, ജോലി, ഇംഗ്ലീഷ് പ്രാവീണ്യം എന്നിവയെല്ലാം പി ആർ അർഹതയിൽ ഘടകമാവുമെന്നാണ് പുതിയ നിർദ്ദേശങ്ങൾ വിശദമാക്കുന്നത്. നിലവിൽ ബ്രിട്ടനിലുള്ള ഇന്ത്യൻ വിദ്യാർത്ഥികൾ പുതിയ കുടിയേറ്റ നിയമങ്ങളേക്കുറിച്ച് ആശങ്കയിൽ കഴിയുമ്പോഴാണ് പിആർ ഒരു പടി കൂടി അകലെയാക്കുന്ന പുതിയ നിർദ്ദേശം പാർലമെന്റിൽ അവതരിപ്പിക്കപ്പെട്ടത്.