
മിഡില്‍ ഈസ്റ്റില്‍ നിലനിന്നിരുന്ന രാഷ്ട്രീയ സമാവാക്യങ്ങളെ തകിടം മറിക്കുന്നതായിരുന്നു ഓക്ടോബര്‍ 7 തിയതി ഇസ്രയേലിലേക്ക് കയറിയുള്ള പലസ്തീന്‍ സായുധ സംഘമായ ഹമാസിന്‍റെ ആക്രമണം. ഈ ആക്രമണത്തിന്‍റെതെന്ന് കരുതുന്ന മൂന്ന് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ ഏഴ് മണിക്കൂര്‍ മുമ്പാണ് ഇസ്രായേൽ ഡിഫൻസ് ഫോഴ്‌സ് (ഐഡിഎഫ്) , തങ്ങളുടെ ട്വിറ്റര്‍ പേജില്‍ പങ്കുവച്ചത്. അതിര്‍ത്തിയിലെ കമ്പി വേലി തകര്‍ത്ത് ബൈക്കുകളില്‍ എത്തിയ ഹമാസ് സംഘങ്ങള്‍ ഇസ്രയേലിലെ വീടുകളില്‍ കയറി ആളുകളെ വെടിവയ്ക്കുന്നത് വീഡിയോയില്‍ കാണാം. ആക്രമണത്തിനിടെ കൊല്ലപ്പെട്ട ഹമാസ് അംഗത്തിന്‍റെ ശരീരത്തിലുണ്ടായിരുന്ന ക്യാമറയിലെ കാഴ്ചകളാണ് ഇവയെന്ന് കരുതുന്നു. എന്നാല്‍, വീഡിയോ ചിത്രീകരിച്ച ദിവസം എപ്പോഴാണെന്ന് വ്യക്തമല്ല. ഓക്ടോബര്‍ ഏഴാം തിയതിയിലെ വീഡിയോയാണെന്ന് ചില റിപ്പോര്‍ട്ടുകള്‍ അവകാശപ്പെടുന്നതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
'ട്രിഗര്‍ വാണിംഗ്, റോ ഫൂട്ടേജ്: നിരപരാധികളായ ഇസ്രായേലി സമൂഹത്തെ ഹമാസ് ജിഹാദികൾ ആക്രമിക്കുകയും കൊല്ലുകയും ചെയ്യുന്നു. വീഡിയോ ചിത്രീകരിച്ച ഭീകരനെ ഇസ്രായേൽ സുരക്ഷാ സേന നിർവീര്യമാക്കി,” ഇസ്രയേൽ ഡിഫൻസ് ഫോഴ്‌സ് ട്വറ്ററില്‍ (X) വീഡിയോ പങ്കുവച്ച് കൊണ്ട് എഴുതി. 'ഗാസയെയും തെക്കൻ ഇസ്രായേലിനെയും വേർതിരിക്കുന്ന ഇസ്രായേൽ അതിർത്തി കടന്ന് ആയുധധാരികളായ ഹമാസ് തീവ്രവാദികൾ ബൈക്കിൽ സഞ്ചരിക്കുന്നതാണ് മൂന്ന് മിനിറ്റ് ദൈർഘ്യമുള്ള എഡിറ്റ് ചെയ്ത ക്ലിപ്പിലുള്ളതെന്ന്' ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. അവർ ഒരു സുരക്ഷാ ബൂത്ത് കടന്ന് സാധാരണക്കാരുടെ വീടുകളിലേക്ക് പ്രവേശിക്കുന്നു. പാർക്ക് ചെയ്തിരുന്ന ആംബുലൻസിന്‍റെ ടയറിലേക്കും വെടിയുതിര്‍ക്കുന്നത് വീഡിയോയില്‍ കാണാം. വീടുകളുടെ വാതിലുകള്‍ തകര്‍ത്ത് അകത്ത് കടന്ന സംഘം ഓരോ മുറിയിലും കയറി പരിശോധിക്കുന്നതും വീഡിയോയില്‍ കാണാം
75 വര്‍ഷം 18 യുദ്ധങ്ങള്‍; പതിനായിരങ്ങള്‍ മരിച്ച് വീണ മിഡില്‍ ഈസ്റ്റ് എന്ന യുദ്ധഭൂമി
ഹമാസ് അംഗങ്ങള്‍ എത്തുന്നതിന് മിനിറ്റുകള്‍ക്ക് മുമ്പ് വീടുകളില്‍ നിന്ന് ആളുകള്‍ ഓടിപ്പോയിരുന്നതായും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. വീടുകള്‍ കയറി പരിശോധന നടത്തിയ ശേഷം പുറത്തിറങ്ങിയ ഹമാസ് അംഗം വെടിയേറ്റ് താഴെ വീണതിന് ശേഷമാണ് വീഡിയോ അവസാനിക്കുന്നത്. നേരത്തെ ട്രൈബ് ഓഫ് നോവ മ്യൂസിക് ഫെസ്റ്റിവലിൽ ടോയ്‌ലറ്റ് സ്റ്റാളുകൾക്ക് നേരെ ഹമാസ് തോക്കുധാരികൾ വെടിയുതിർക്കുന്നതെന്ന് അവകാശപ്പെട്ട് മറ്റൊരു വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഹമാസ് ആക്രമണത്തിന് പിന്നാലെ ഗാസയ്ക്ക് നേരെ ശക്തമായ മിസൈല്‍ ആക്രമണമാണ് ഇസ്രയേല്‍ നടത്തിയത്. തുടര്‍ന്ന് കരയുദ്ധത്തിലൂടെ ഗാസ കീഴക്കുന്നതിനായി ഇസ്രയേല്‍ സൈന്യം സൈനിക വിന്യാസത്തിലാണെന്നും അന്താരാഷ്ട്രാ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. യുദ്ധം പത്താം ദിവസത്തിലേക്ക് കടക്കുമ്പോള്‍ ഇരുഭാഗത്തുമായി ഇതിനകം 4,000 പേര്‍ കൊല്ലപ്പെട്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam