
ജറുസലേം: ഇസ്രായേല്‍ പൊതു തെരഞ്ഞെടുപ്പ് ഫലം ഇന്ന് പ്രഖ്യാപിക്കും. 120 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പ് ഫലമാണ് ബുധനാഴ്ച രാവിലെ അറിയുക. എക്സിറ്റ് പോള്‍ ഫലങ്ങള്‍ അനുസരിച്ച് ബ്ലൂ ആന്‍ഡ് വൈറ്റ് പാര്‍ട്ടിയുടെ ബെന്നി ഗാന്‍റ്സാണ് ലികുഡ് പാര്‍ട്ടിയുടെ നെതന്യാഹുവിനേക്കാള്‍ നേരിയ ലീഡ്. ബ്ലൂ ആന്‍ഡ് വൈറ്റ് പാര്‍ട്ടിക്ക് 32-34 സീറ്റുകള്‍ ലഭിക്കുമെന്നാണ് പറയുന്നത്. ലികുഡ് പാര്‍ട്ടിക്ക് 31-33 സീറ്റുകളും പ്രവചനമുണ്ട്. മറ്റ് പാര്‍ട്ടികള്‍ക്ക് 53-56 സീറ്റുകളും ലഭിച്ചേക്കാം. ആര്‍ക്കും കേവല ഭൂരിപക്ഷം ലഭിക്കില്ലെന്നും എക്സിറ്റ് പോള്‍ ഫലങ്ങള്‍ പറയുന്നു.
മുന്‍ പ്രതിരോധ മന്ത്രി അവിഗോര്‍ ലിബര്‍മാന്‍ കിംഗ് മേക്കറാകും. ലിബര്‍മാന്‍റെ നാഷണലിസ്റ്റ് ഇസ്രായേലി ബെറ്റിനു പാര്‍ട്ടി 10 സീറ്റുകള്‍ നേടിയേക്കുമെന്നാണ് പ്രവചനം. ബ്ലൂ ആന്‍ഡ് വൈറ്റ് പാര്‍ട്ടിക്കും ലികുഡ് പാര്‍ട്ടിക്കും ലിബര്‍മാന്‍റെ പിന്തുണയില്ലാതെ സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ കഴിയില്ല എന്നതിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. കൂട്ടുകക്ഷി സര്‍ക്കാറിനുള്ള ചര്‍ച്ചകളും ആരംഭിച്ചു കഴിഞ്ഞു.
തീവ്രവലതുപക്ഷ കക്ഷിയായ യാമിന പാര്‍ട്ടിക്ക് ഏഴ് സീറ്റും ലഭിച്ചേക്കും. തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ ലികുഡ് പാര്‍ട്ടിയായാലും ബ്ലൂ ആന്‍ഡ് പാര്‍ട്ടിയായാലും ഐക്യ സര്‍ക്കാറായിരിക്കുമെന്ന് ലിബര്‍മാന്‍ പറഞ്ഞിരുന്നു. ഇസ്രായേല്‍ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട് അനുസരിച്ച് ബ്ലൂ ആന്‍ഡ് പാര്‍ട്ടിയുമായി ലിബര്‍മാന്‍ ധാരണയിലെത്തിയേക്കും. അങ്ങനെയെങ്കില്‍ നെതന്യാഹു സര്‍ക്കാര്‍ പുറത്താകും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam