
ഇസ്താംബുൾ: തുർക്കിയിലെ ഇസ്താംബുളിൽ ആറ് പേരുടെ മരണത്തിനിടയാക്കിയ സ്ഫോടനക്കേസിലെ പ്രതി പിടിയിലായതായി റിപ്പോർട്ട്. ആഭ്യന്തര മന്ത്രി സുലൈമാൻ സൊയ്ലുവിനെ ഉദ്ധരിച്ച് ഒരു വാർത്താ ഏജൻസി ട്വിറ്ററിലൂടെയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഞായറാഴ്ച ഇസ്താംബുൾ തെുവിൽ നടന്ന സ്ഫോടനത്തിൽ 81 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഭീകരവാദം മണക്കുന്നു എന്നായിരുന്നു സ്ഫോടനത്തെക്കുറിച്ച് തുർക്കിഷ് പ്രസിഡന്റ് ത്വയിബ് എർദോഗാൻ പറഞ്ഞത്.
ഇസ്താംബൂളിലെ തിരക്കേറിയ ഷോപ്പിംഗ് സ്‌ട്രീറ്റായ ഇസ്‌തിക്‌ലാലിലാണ് സ്ഫോടനം ഉണ്ടായത്. സ്ഫോടനം ഭീകരാക്രമണമാണെന്നാണ് പ്രാഥമിക വിവരങ്ങൾ പുറത്തുവന്നത്. ഇതേത്തുടർന്നായിരുന്നു പ്രസിഡന്റിന്റെ പ്രതികരണം. സ്ഫോടനത്തിന് പിന്നിൽ പ്രവര്‍ത്തിച്ചവരെ കണ്ടെത്താൻ സുരക്ഷാ ഏജൻസികൾ അന്വേഷണം ആരംഭിച്ചെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു. തുര്‍ക്കി പ്രാദേശിക സമയം ഞായറാഴ്ച വൈകിട്ട് നാല് മണിയോടെയാണ് നഗരമധ്യത്തിലെ തിരക്കേറിയ ഇസ്‌തിക്‌ലാൽ സ്ട്രീറ്റിൽ സ്ഫോടനമുണ്ടായത്. സ്ഫോടനമുണ്ടായതിന് തൊട്ടുപിന്നാലെ പ്രദേശം പൊലീസ് വളഞ്ഞു.
വലിയ ശബ്ദത്തോടെയാണ് സ്ഫോടനമുണ്ടായതെന്നും സ്ഥലത്ത് കറുത്ത പുക മൂടിയെന്നും ദൃക്സാക്ഷികൾ പറഞ്ഞിരുന്നു. സ്ഫോടനത്തിൻ്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. കാതടപ്പിക്കുന്ന ശബ്ദവും തീജ്വാലയും സ്ഫോടനത്തോടൊപ്പം ഉണ്ടാകുന്നതും ആളുകൾ നിലവിളിച്ച് പരക്കം പായുന്നതും വീഡിയോയിൽ കാണാം. സ്ഫോടനത്തെ തുടര്‍ന്ന് സ്ഥലത്ത് വലിയ ഗര്‍ത്തം രൂപപ്പെട്ടിട്ടുണ്ട്. 2015-16 കാലത്ത് ഇസ്താംബുൾ നഗരത്തിൽ പലവട്ടം സ്ഫോടനങ്ങളുണ്ടാവുകയും ഇസ്തിക്‌ലാൽ സ്ട്രീറ്റ് ആക്രമിക്കപ്പെടുകയും ചെയ്തിരുന്നു. ഇസ്ലാമിക് സ്റ്റേറ്റ്സ് ആണ് അന്നത്തെ ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്തത്. ഐ.എസ് ആക്രമണങ്ങളിൽ അഞ്ഞൂറോളം പേര്‍ കൊല്ലപ്പെടുകയും രണ്ടായിരത്തിലധികം പേര്‍ക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
Read Also: ഇസ്രയേലില്‍ നെതന്യാഹുവിനെ ഔദ്യോഗികമായി പുതിയ സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ചു
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam