
വെല്ലിങ്ടണ്‍: മുട്ടയുടെ ആകൃതിയിലുള്ള സ്വർണ ലോക്കറ്റിൽ പതിച്ചിരുന്നത് 183 വജ്രങ്ങൾ, രണ്ട് ഇന്ദ്രനീല കല്ലുകൾ. 3.3 ഇഞ്ച് നീളം മാത്രമുള്ള 17 ലക്ഷത്തിലേറെ വില വരുന്ന പെൻഡന്റിനായി പൊലീസ് കാത്തിരുന്നത് ആറ് ദിവസങ്ങൾ. ന്യൂസിലാൻഡിലെ വെല്ലിംഗ്ടണിലാണ് ടാഗ് അടക്കം മോഷ്ടാവ് വിഴുങ്ങിയ 17 ലക്ഷത്തിന്റെ തൊണ്ടി മുതലിനായി പൊലീസുകാർ ദിവസങ്ങളോളം കാത്തിരിക്കേണ്ടി വന്നത്. ജെയിംസ് ബോണ്ട് ചിത്രത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നിർമ്മിച്ച ഫെബേജ് പെൻഡന്റ് ആണ് യുവാവ് വിഴുങ്ങിയത്. പിന്നീട് തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന സിനിമയിലെ രംഗങ്ങളെ അനുസ്മരിപ്പിക്കുന്നതായിരുന്നു. 1983ലെ ജെയിംസ് ബോണ്ട് ചിത്രമായ ചിത്രമായ ഒക്ടോപസിയെ ആസ്പദമാക്കി തയ്യാറാക്കിയ ലിമിറ്റഡ് എഡിഷൻ ഫെബേജ് പെൻഡന്റ് ആണ് യുവാവ് വിഴുങ്ങിയത്. 17 ലക്ഷം രൂപയിലേറെ വില വരുന്ന വജ്രം നിർമ്മിതമായ പെൻഡന്റ് മാലയും അതിലെ ടാഗും അടക്കമാണ് യുവാവ് വിഴുങ്ങിയത്.
നവംബർ 28ന് ഓക്ലാൻഡിലെ പാട്രിഡ്ജ് ജ്വല്ലറിയിലായിരുന്നു മോഷണം നടന്നത്. നവംബർ 29ന് യുവാവിനെ കോടതിയിൽ മോഷണക്കുറ്റം ചുമത്തി ഹാജരാക്കി. പിന്നാലെ കോടതി ഇയാളെ പൊലീസ് കസ്റ്റഡിയിൽ വിടുകയായിരുന്നു. ഇതിന് പിന്നാലെ സദാസമയം പൊലീസ് നിരീക്ഷണത്തിലായിരുന്നു 32കാരൻ. തൊണ്ടി മുതൽ വ്യാഴാഴ്ചയാണ് പൊലീസിന് വീണ്ടെടുക്കാനായത്. തിങ്കളാഴ്ച ഇയാളെ ഓക്ലാൻഡ് ജില്ലാ കോടതിയിൽ ഹാജരാക്കും. സ്വർണത്തിൽ കൊത്തിയെടുക്കുന്ന മുട്ടയുടെ രൂപത്തിലുള്ള പെൻഡന്റിൽ വജ്രവും ഇന്ദ്രനീല കല്ലുകളുമാണ് പതിച്ചിട്ടുള്ളത്.
8.4 സെന്റി മീറ്ററാണ് ഈ പെൻഡന്റിന് ഭാരം വരുന്നത്. തുറന്ന് കഴിഞ്ഞാൽ 18 കാരറ്റ് സ്വർണത്തിൽ നിർമ്മിതമായ നീരാളിയുടെ രൂപമാണ് ഈ പെൻഡന്റിന് ഉള്ളിലുള്ളത്. ഇത്തരത്തിലുള്ള 50 പെൻഡന്റുകൾ മാത്രമാണ് നിർമ്മിച്ചിട്ടുള്ളത്. അത് തന്നെയാണ് ഈ പെൻഡന്റിന്റെ മൂല്യം ഇത്ര ഉയരാനും കാരണമാകുന്നത്. റഷ്യയിലെ ഹൗസ് ഓഫ് ഫെബേജ് ആണ് ഈ പെൻഡന്റിന്റെ നിർമ്മാതക്കൾ. 19ാം നൂറ്റാണ്ട് മുതൽ ഇത്തരം പെൻഡന്റുകൾ നിർമ്മിക്കുന്നുണ്ടെങ്കിലും പെൻഡന്റിനുള്ളിൽ സ്വർണ നീരാളിയുള്ള തരത്തിലുള്ള പെൻഡന്റ് നിർമ്മിച്ച് തുടങ്ങിയത് 1983ലെ ഒക്ടോപസി എന്ന ചിത്രത്തിന് ശേഷമായിരുന്നു.