
ലാഹോർ: പാകിസ്ഥാനിലെ പ്രമുഖ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും ടിക് ടോക് താരവുമായ പ്യാരി മറിയം (26) പ്രസവത്തെത്തുടർന്നുണ്ടായ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളാൽ അന്തരിച്ചു. ഡിസംബർ നാല് വ്യാഴാഴ്ച ലാഹോറിലാണ് മരണം സംഭവിച്ചതെന്ന് പാകിസ്ഥാൻ മാധ്യമങ്ങളെ ഉദ്ധരിച്ച് 'ദി സിയാസത് ഡെയ്‌ലി' റിപ്പോർട്ട് ചെയ്തു.ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകിയതിന് തൊട്ടുപിന്നാലെ മറിയത്തിന്‍റെ ആരോഗ്യനില മോശമാവുകയും ഗുരുതരമായ സങ്കീർണ്ണതകൾ ഉണ്ടാവുകയും ചെയ്യുകയായിരുന്നു. ഇത് ഒടുവിൽ മരണത്തിലേക്ക് നയിച്ചു.
ഭാര്യയുടെ വിയോഗ വാർത്ത മറിയത്തിന്‍റെ ഭർത്താവ് അഹ്സൻ അലി തന്‍റെ ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ സ്ഥിരീകരിച്ചു. പ്രാർത്ഥനകൾ അഭ്യർഥിച്ച അദ്ദേഹം ഈ നഷ്ടത്തെ 'സഹിക്കാൻ കഴിയാത്തത്' എന്നാണ് വിശേഷിപ്പിച്ചത്. കുട്ടികൾ രക്ഷപ്പെട്ടില്ലെന്ന തരത്തിൽ സാമൂഹിക മാധ്യമങ്ങളിൽ അഭ്യൂഹങ്ങൾ പ്രചരിച്ചതിനെത്തുടർന്ന് അഹ്സൻ അലി പിന്നീട് ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ വിശദീകരണം നൽകി.
"അൽഹംദുലില്ലാഹ്, ഞങ്ങളുടെ രണ്ട് കുഞ്ഞു മക്കളും പൂർണ്ണമായും സുരക്ഷിതരാണ്. ദയവായി തെറ്റായ കിംവദന്തികൾ പ്രചരിപ്പിക്കുന്നത് നിർത്തുക, ഞങ്ങളുടെ പ്രിയപ്പെട്ട മറിയത്തിനുവേണ്ടി പ്രാർത്ഥിക്കുക," എന്നായിരുന്നു ഉറുദുവിൽ എഴുതിയ കുറിപ്പിൽ പറയുന്നത്. ഇൻസ്റ്റഗ്രാമിൽ 1,49,000-ത്തിലധികം ഫോളോവേഴ്‌സും ടിക് ടോക്കിൽ ദശലക്ഷക്കണക്കിന് ആരാധകരും ഉണ്ടായിരുന്ന പ്യാരി മറിയം ഭർത്താവിനൊപ്പം ഡാൻസ് വീഡിയോകളും ലൈഫ്സ്റ്റൈൽ വീഡിയോകളും പതിവായി പങ്കുവെച്ചിരുന്നു. അവരുടെ സൗമ്യമായ സംസാരരീതിയും ഊഷ്മളമായ വ്യക്തിത്വവും കാരണം ആരാധകർക്കിടയിൽ അവർ പ്രിയങ്കരിയായിരുന്നു.