
സിഡ്നി: പങ്കാളിയെ കഴുത്തറുത്ത് കൊന്ന് ടെലിവിഷൻ റിയാലിറ്റി ഷോ താരമായ യുവനടി. തലയില്ലാത്ത നിലയിൽ കണ്ടെത്തിയ മൃതദേഹത്തിന്റെ ശിരസ് കണ്ടെത്താൻ ആളുകളുടെ സഹായം തേടിയിരിക്കുകയാണ് പൊലീസ്. ഓസ്ട്രേലിയയിലാണ് അസാധാരണ സംഭവങ്ങൾ നടന്നത്. ബ്യൂട്ടി ആൻഡ് ദി ഗീക്ക് ഓസ്‌ട്രേലിയ എന്ന റിയാലിറ്റി ഷോയിലൂടെ പ്രശസ്തയായ ടാമിക ചെസർ എന്ന യുവനടിയാണ് 39കാരനായ പങ്കാളിയെ കൊലപ്പെടുത്തിയത്. ജൂലിയൻ സ്റ്റോറി എന്നയാളുടെ ശിരസ് അറുത്തുമാറ്റിയ മൃതദേഹം കഴിഞ്ഞ ആഴ്ചയാണ് പൊലീസ് സൗത്ത് ഓസ്ട്രേലിയയിൽ നിന്ന് കണ്ടെത്തിയത്.
വെട്ടിനുറുക്കിയ മൃതദേഹത്തിൽ നിന്ന് ശിരസ് കണ്ടെത്താനായിട്ടില്ലെന്നാണ് വെള്ളിയാഴ്ച വിശദമാക്കിയത്. വ്യാപകമായ പരിശോധനകൾ വിഫലമായ സാഹചര്യത്തിലാണ് പൊലീസ് പൊതുജനത്തിന്റെ സഹകരണം തേടിയത്. പോർട്ട് ലിങ്കണിലുള്ള വീട്ടിൽ നിന്നാണ് ജൂലിയന്റെ മൃതദേഹം കണ്ടെത്തിയത്. വീട്ടിലെ അഗ്നിബാധ നിയന്ത്രിക്കാനെത്തിയപ്പോഴാണ് മൃതദേഹ ഭാഗങ്ങൾ കണ്ടെത്തിയത്. ജൂൺ 17നാണ് യുവാവ് കൊല്ലപ്പെട്ടതെന്നാണ് പൊലീസ് വെള്ളിയാഴ്ച വിശദമാക്കിയത്.
വലിയ രീതിയിൽ കത്തിക്കരിഞ്ഞ് ചിതറിയ നിലയിലാണ് മൃതദേഹ ഭാഗങ്ങൾ കണ്ടെത്തിയതെന്നാണ് പൊലീസ് വിശദമാക്കുന്നത്. അഗ്നിബാധ സമയത്ത് വീടിന് സമീപത്തെ പൂന്തോട്ടത്തിലെ കസേരയിൽ നിശ്ചലമായി ഇരിക്കുന്ന നിലയിലാണ് യുവനടിയെ പൊലീസ് കണ്ടെത്തിയത്. കൊലപാതകം നടന്നുവെന്ന് സംശയിക്കപ്പെടുന്ന സമയത്തിന് മണിക്കൂറുകൾക്ക് മുൻപ് വളർത്തുനായ്ക്കളുമായി നടക്കാനിറങ്ങിയ യുവനടിയുടെ ദൃശ്യങ്ങളും പൊലീസ് പുറത്ത് വിട്ടിട്ടുണ്ട്. യുവതി പങ്കാളിയുടെ ശരീരത്തിൽ നിന്ന് അറുത്ത് മാറ്റിയ ശിരസ് കണ്ടെത്താനുള്ള സഹായം തേടിയാണ് ഇത്. വെള്ളിയാഴ്ച യുവനടിയെ വീഡിയോ കോൺഫറൻസിൽ കോടതിയിൽ ഹാജരായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം