'യുഎസിലെ പരിഷ്കൃത സമൂഹം ഇങ്ങനെ ചെയ്യില്ല, മൂന്നാം ലോകത്തേക്ക് പൊയ്ക്കോ'; കൈകൊണ്ട് ഭക്ഷണം കഴിച്ച മംദാനിക്ക് അധിക്ഷേപം

Published : Jun 30, 2025, 03:32 PM IST
Zohran Mamdani's eating with hands video

Synopsis

യുഎസ് കോൺഗ്രസ് അംഗം ബ്രാൻഡൻ ഗിൽ 'അപരിഷ്കൃതമായ' പ്രവൃത്തി എന്നാണ് പരിഹസിച്ചത്. അനുകൂലിച്ചും എതിർത്തും കമന്‍റുകൾ.

വാഷിങ്ടണ്‍: കൈകൊണ്ട് ഭക്ഷണം കഴിച്ചതിന്‍റെ പേരിൽ ന്യൂയോർക്ക് മേയർ സ്ഥാനാർത്ഥിയായ സൊഹ്റാൻ മംദാനിക്ക് അധിക്ഷേപം. യുഎസ് കോൺഗ്രസ് അംഗം ബ്രാൻഡൻ ഗിൽ 'അപരിഷ്കൃതമായ' പ്രവൃത്തി എന്നാണ് പരിഹസിച്ചത്. ഇതോടെ മംദാനി കൈകൊണ്ട് ചോറ് വാരിക്കഴിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.

ഒരു അഭിമുഖത്തിനിടെ മംദാനി ചോറും പരിപ്പും കൈകൊണ്ട് വാരിക്കഴിക്കുന്ന വീഡിയോയ്ക്ക് താഴെ ഇങ്ങനെ ഒരു അടിക്കുറിപ്പും ഉണ്ടായിരുന്നു- "തന്റെ ലോകവീക്ഷണം മൂന്നാം ലോകത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണെന്ന് സൊഹ്‌റാൻ കൈകൊണ്ട് ചോറ് കഴിച്ചുകൊണ്ട് പറയുന്നു". പിന്നാലെയാണ് അധിക്ഷേപവുമായി റിപ്പബ്ലിക്കൻ നേതാവ് ബ്രാൻഡൻ ഗിൽ രംഗത്തെത്തിയത്.

'അമേരിക്കയിലെ പരിഷ്കൃത സമൂഹം ഒരിക്കലും ഇങ്ങനെ ഭക്ഷണം കഴിക്കില്ല. നിങ്ങൾക്ക് പാശ്ചാത്യ ആചാരം പിന്തുടരാൻ കഴിയില്ലെങ്കിൽ മൂന്നാം ലോക രാജ്യത്തേക്ക് തിരികെ പൊയ്ക്കോ'- എന്നാണ് ബ്രാൻഡൻ ഗിൽ മംദാനിയുടെ വീഡിയോ പങ്കുവച്ച് എക്സിൽ പരിഹസിച്ചത്. യുഎസ് കോൺഗ്രസിലെ ഏറ്റവും പ്രായം കുറഞ്ഞ റിപ്പബ്ലിക്കനായ ഗിൽ, ഇന്ത്യൻ വംശജയെയാണ് വിവാഹം കഴിച്ചത് എന്നതാണ് ഇതിലെ രസകരമായ കാര്യം. വൈകാതെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ ചർച്ചയായി.

ഇത് വെറും വേഷംകെട്ടലാണെന്നും അപരിഷ്കൃതമാണെന്നും ഒരു വിഭാഗം കുറ്റപ്പെടുത്തിയപ്പോൾ, ഒരാളുടെ സാംസ്കാരികമായ ശീലങ്ങളെ വിമർശിക്കുന്നത് അനാവശ്യമാണെന്ന് മറു വിഭാഗം വാദിക്കുന്നു. അമേരിക്ക പരിഷ്കൃതർക്ക് വേണ്ടി മാത്രമുള്ളതല്ലെന്നും ഭരണഘടനയിൽ എവിടെയാണ് അങ്ങനെ പറയുന്നതെന്നുമാണ് ഒരു കമന്‍റ്. കൈകൊണ്ട് ഭക്ഷണം കഴിക്കുന്നത് എപ്പോഴാണ് അപരിഷ്കൃതമായതെന്ന് മറ്റൊരു ചോദ്യം. ‘നിങ്ങൾക്ക് അദ്ദേഹത്തിന്റെ രാഷ്ട്രീയത്തിനെതിരെ സംസാരിക്കാൻ കഴിയുന്നില്ല. അതിനാൽ നിങ്ങൾ അദ്ദേഹത്തിന്റെ സംസ്കാരത്തെ ലക്ഷ്യം വെക്കുന്നു’ എന്നാണ് മംദാനിയെ അനുകൂലിക്കുന്നവരുടെ പ്രതികരണം.

ന്യൂയോർക്ക് സിറ്റി മേയർ സ്ഥാനത്തേക്കുള്ള ഡെമോക്രാറ്റിക് പ്രൈമറി മത്സരത്തിൽ മുൻ ഗവർണർ ആൻഡ്രൂ ക്യൂമോയെ മംദാനി പരാജയപ്പെടുത്തിയിരിക്കുകയാണ്. പ്രശസ്ത ഇന്ത്യൻ ചലച്ചിത്രകാരി മീരാ നായരുടെയും ഉഗാണ്ടൻ വംശജനായ എഴുത്തുകാരൻ മഹമൂദ് മംദാനിയുടെയും മകനാണ്.

1991 ഒക്ടോബർ 18 ന് ഉഗാണ്ടയിലെ കമ്പാലയിൽ ജനിച്ച മംദാനി, ന്യൂയോർക്കിലാണ് വളർന്നത്. ഏഴാം വയസ്സിൽ മാതാപിതാക്കളോടൊപ്പം അദ്ദേഹം ന്യൂയോർക്കിലേക്ക് താമസം മാറി. സാധാരണക്കാരുടെ പ്രശ്നങ്ങൾ ഏറ്റെടുത്ത്, പലസ്തീനോട് അനുഭാവം പ്രകടിപ്പിച്ച് മംദാനി നടത്തിയ പ്രചാരണം ഏറെ ശ്രദ്ധയാകർഷിച്ചിരുന്നു. നവംബറിൽ നടക്കുന്ന തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ ന്യൂയോർക്കിലെ ആദ്യത്തെ മുസ്‍ലിം മേയറും ആദ്യ ഇന്ത്യൻ അമേരിക്കൻ മേയറും ആകും സൊഹ്റാൻ മംദാനി.

 

 

PREV
Read more Articles on
click me!

Recommended Stories

പ്രതാപത്തിന്റെ നെറുകയിൽനിന്ന് പടുകുഴിയിലേക്ക്; പാകിസ്ഥാൻ ഇന്റർനാഷണൽ എയർലൈൻസ് തകർന്നത് എങ്ങനെ?
പർവതാരോഹണത്തിനിടെ കാലാവസ്ഥ മോശമായി, കാമുകിയെ വഴിയിൽ ഉപേക്ഷിച്ച് കാമുകൻ, തണുത്ത് വിറച്ച് യുവതിക്ക് ദാരുണാന്ത്യം