കൊവിഡ് പ്രതിരോധത്തിന് നടപടികളുമായി നിയുക്ത യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ

By Web TeamFirst Published Nov 8, 2020, 8:04 AM IST
Highlights

കൊവിഡ് പ്രതിരോധ നടപടികൾ ശാസ്ത്രീയമായി പുനക്രമീകരിക്കാൻ 12 അംഗ കർമ്മ സമിതിയെ തിങ്കളാഴ്ച ബൈഡൻ പ്രഖ്യാപിച്ചേക്കും. 

വാഷിംഗ്ടൺ: തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ കൊവിഡ് നിർമാർജനത്തിനുള്ള നടപടികളുമായി നിയുക്ത അമേരിക്കൻ പ്രസിഡന്റ് ജോബൈഡൻ. കൊവിഡ് പ്രതിരോധ നടപടികൾ ശാസ്ത്രീയമായി പുനക്രമീകരിക്കാൻ 12 അംഗ കർമ്മ സമിതിയെ തിങ്കളാഴ്ച ബൈഡൻ പ്രഖ്യാപിച്ചേക്കും. 

ഒബാമ സർക്കാരിൽ സർജൻ ജനറലായി പ്രവർത്തിച്ച ഇന്ത്യൻ വംശജ്ഞൻ വിവേക് മൂർത്തി, മുൻ ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ കമ്മീഷണൽ ഡേവിഡ് കെസ്ലർ, യേൽ സവ്വകലാശാലയിലെ ഡോ. മാർസെല്ല ന്യൂ സ്മിത്ത് എന്നിവർ സമിതിയുടെ ഉപാധ്യക്ഷൻമാരാകുമെന്നാണ് സൂചന. 

എഴുപത്തിയേഴുകാരനായ ജോ ബൈഡൻ അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പു ജയിക്കുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയാണ്. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും സമർഥനായ വൈസ് പ്രസിഡന്റ് എന്നാണ് ബറാക് ഒബാമ ഒരിക്കൽ ബൈഡനെ വിശേഷിപ്പിച്ചത്. അമേരിക്കയുടെ പ്രതിസന്ധി കാലത്ത് രാജ്യത്തെ നയിക്കുകയെന്ന ശ്രമകരമായ ദൗത്യമാണ് ഇനി ബൈഡന് നിർ വഹിക്കാനുള്ളത്.

കാടിളക്കി പ്രചാരണം നടത്തിയിട്ടും ഡൊണാൾഡ് ട്രംപിൻ്റെ പരാജയത്തിന് വലിയ കാരണമായത് കൊവിഡ് വ്യാപനം തടയുന്നതിലുണ്ടായ വീഴ്ചകളാണ് എന്ന് വ്യാപക വിമർശനം ഉണ്ടായിരുന്നു. ലോകത്ത് ഏറ്റവും കൂടുതൽ കൊവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്ത രാജ്യമാണ് അമേരിക്ക. ഒട്ടേറെ പ്രചരണ വിഷയങ്ങൾ ഉണ്ടായിരുന്നെങ്കിലും ഇത്തവണ അമേരിക്കൻ തെരഞ്ഞെടുപ്പിന്റെ ഗതി നിർണയിച്ചത് കോവിഡിനെ നേരിടുന്നതിൽ ട്രംപ് ഭരണകൂടത്തിന് ഉണ്ടായ പരാജയമാണ്.

click me!