
മെക്സികോ സിറ്റി : എട്ട് വര്‍ഷം മുമ്പ് 2014 ൽ 43 വിദ്യാര്‍ത്ഥികളെ കാണാതായ സംഭവത്തെ കുറിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ട് മണിക്കൂറുകൾക്കുള്ളിൽ മാധ്യമപ്രവര്‍ത്തകൻ കൊല്ലപ്പെട്ടു. സതേൺ മെക്സിക്കോയിൽ തിങ്കളാഴ്ച ഉച്ചയോടെയാണ് കൊലപാതകം നടന്നത്. ഫ്രെഡിഡ് റോമൻ എന്ന മാധ്യമ പ്രവര്‍ത്തകനെ ചിൽപാൻസിംഗ്‌കോ നഗരത്തിൽ കാറിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വിവിധ സോഷ്യൽ മീഡിയ പേജുകളിൽ തന്റെ കൃതികൾ പ്രസിദ്ധീകരിക്കുകയും പ്രാദേശിക പത്രത്തിൽ ജോലി ചെയ്യുകയും ചെയ്ത മാധ്യമ പ്രവര്‍ത്തകനാണ് ഫ്രെഡിഡ് റോമൻ.
2014-ൽ ഗുറേറോയിൽ നിന്ന് ഒരു ബസ് കൈവശപ്പെടുത്തി പ്രതിഷേധിച്ച 43 വിദ്യാർത്ഥികളെയാണ് ഒരുമിച്ച് കാണാതായത്. ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തെങ്കിലും പിന്നീട് കാണാതാകുകയായിരുന്നു. ഇത് മെക്സിക്കൻ ചരിത്രത്തിലെ ഏറ്റവും മോശമായ മനുഷ്യാവകാശ ദുരന്തങ്ങളിലൊന്നായാണ് കണക്കാക്കപ്പെടുന്നത്. വിവിധ സ്ഥാപനങ്ങളുടെ ഏജന്റുമാർ ഉൾപ്പെട്ട ഈ ക്രൂരതയെ "സംസ്ഥാന കുറ്റകൃത്യം" എന്ന് ട്രൂത്ത് കമ്മീഷൻ മുദ്രകുത്തിയതോടെ കഴിഞ്ഞ ആഴ്ച കേസ് വീണ്ടും ശ്രദ്ധയിൽ പെടുകയായിരുന്നു.
തന്റെ മരണത്തിന് ഏതാനും മണിക്കൂറുകൾക്ക് മുമ്പ് റോമൻ "സ്‌റ്റേറ്റ് ക്രൈം വിത്തൗട്ട് ചാർജ്ജിംഗ് ദി ബോസ്" എന്ന പേരിൽ ഒരു നീണ്ട ഫേസ്ബുക്ക് പോസ്റ്റ് പ്രസിദ്ധീകരിച്ചിരുന്നു. അതിൽ വിദ്യാർത്ഥികളുടെ തിരോധാന സമയത്ത്, മുൻ അറ്റോർണി ജനറൽ ജീസസ് മുറില്ലോ കരം ഉൾപ്പെടെ നാല് ഉദ്യോഗസ്ഥർ തമ്മിൽ നടന്നതായി ആരോപിക്കപ്പെടുന്ന കൂടിക്കാഴ്ച പരാമർശിച്ചിരുന്നു. കഴിഞ്ഞ ആഴ്ച ട്രൂത്ത് കമ്മീഷൻ റിപ്പോർട്ട് പ്രസിദ്ധീകരിച്ചതിന് ശേഷം സൈനിക ഉദ്യോഗസ്ഥർ, പൊലീസ് ഉദ്യോഗസ്ഥർ, കാർട്ടൽ അംഗങ്ങൾ എന്നിവരുൾപ്പെടെ സംശയിക്കുന്നവർക്കായി ഡസൻ കണക്കിന് വാറന്റുകളാണ് പുറപ്പെടുവിച്ചത്. മുറില്ലോ കരവും പൊലീസ് പിടിയിലായി.
ഈ വർഷം ഇതുവരെ മെക്‌സിക്കോയിൽ 12 മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടുവെന്നാണ് സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകൾ. ഇത് ഒമ്പതാണെന്ന് എൻജിഒ ആയ റിപ്പോർട്ടേഴ്‌സ് വിത്തൗട്ട് ബോർഡേഴ്‌സ് (ആർഎസ്‌എഫ്) പറയുന്നു. എന്നാൽ ചില മാധ്യമങ്ങൾ 15 അല്ലെങ്കിൽ 16 ആയി കണക്കാക്കുന്നു. 2000 മുതൽ 150 ഓളം പത്രപ്രവർത്തകർ കൊല്ലപ്പെട്ടു. RSF റിപ്പോര്‍ട്ട് അനുസരിച്ച്, മാധ്യമങ്ങൾ ഏറ്റവും ഭീഷണി നേരിടുന്ന രാജ്യങ്ങളിലൊന്നായി മെക്സിക്കോ കണക്കാക്കപ്പെടുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam