പ്രസിഡന്റ് തെരഞ്ഞെടുപ്പ്; ഡെമോക്രാറ്റിക് പാർട്ടിയുടെ നോമിനിയാകാൻ ആവശ്യമായ പിന്തുണ ഉറപ്പിച്ച് കമല ഹാരിസ്

Published : Jul 23, 2024, 02:15 PM IST
പ്രസിഡന്റ് തെരഞ്ഞെടുപ്പ്; ഡെമോക്രാറ്റിക് പാർട്ടിയുടെ നോമിനിയാകാൻ ആവശ്യമായ പിന്തുണ ഉറപ്പിച്ച് കമല ഹാരിസ്

Synopsis

ഡെമോക്രാറ്റ് പാര്‍ട്ടിയുടെ ആധുനിക മുഖമായ കമല, കുടിയേറ്റ നയങ്ങളുടെ കാര്യത്തില്‍ ട്രംപിന്റെ കടുത്ത വിമര്‍ശകയാണ്. അടിസ്ഥാന സൗകര്യ നിയമനിര്‍മ്മാണം, കുടിയേറ്റം, തോക്ക് നിയന്ത്രണം, ഗര്‍ഭച്ഛിദ്ര അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള ശ്രമങ്ങള്‍ എന്നിങ്ങനെയുള്ള ബൈഡന്‍ ഭരണകൂടത്തിന്‍റെ സുപ്രധാന നയങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത് കമലയായിരുന്നു

ന്യൂയോർക്ക്: പ്രസിഡൻ്റ് സ്ഥാനത്തേക്ക് ഡെമോക്രാറ്റിക് പാർട്ടിയുടെ നോമിനിയാകാൻ ആവശ്യമായ ഡെമോക്രാറ്റിക് പ്രതിനിധികളുടെ പിന്തുണ വൈസ് പ്രസിഡൻ്റ് കമല ഹാരിസിന് ലഭിച്ചു. ആഗസ്റ്റ് ഏഴിന് ഡെമോക്രാറ്റിക് കൺവെൻഷനിൽ ഔദ്യോഗിക സ്ഥാനാർത്ഥി പ്രഖ്യാപനം ഉണ്ടാകുമെന്നാണ് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഞായറാഴ്ചയാണ് തികച്ചും അപ്രതീക്ഷിതമായിട്ടായിരുന്നു ജോ ബൈഡന്റെ പ്രസിഡന്റ് മത്സരത്തിൽ നിന്ന് പിന്മാറിക്കൊണ്ടുള്ള പ്രഖ്യാപനം എത്തുന്നത്. ബൈഡന്റെ ആരോ​ഗ്യത്തിൽ സംശയം പ്രകടിപ്പിച്ച് ഡെമോക്രാറ്റിക് പാർട്ടിക്കുള്ളിൽ നിന്ന് തന്നെ സംശയമുയർന്ന സാഹചര്യത്തിലായിരുന്നു മത്സരത്തിൽ നിന്ന് പിന്മാറാനുള്ള ബൈഡന്റെ തീരുമാനം. 

തിങ്കളാഴ്ചയോടെയാണ് ആവശ്യമായ ഡെമോക്രാറ്റിക് പാർട്ടി പിന്തുണ കമല ഹാരിസ് ഉറപ്പിച്ചതെന്നാണ് റിപ്പോർട്ട്. 2538 പ്രതിനിധികളുടെ പിന്തുണയാണ് നിലവിൽ കമല ഹാരിസിനുള്ളത്. പിന്മാറുക എന്നത് കൃത്യമായ തീരുമാനമെന്നാണ് ജോ ബൈഡൻ വിശദമാക്കുന്നത്. കാലവധി പൂർത്തിയാവുന്ന വരെ പ്രസിഡന്റ് സ്ഥാനത്ത് തുടരുമെന്നും ജോ ബൈഡൻ വിശദമാക്കിയിരുന്നു. ഇതുവരെ ഒരു വനിത പോലും അമേരിക്കയില്‍ പ്രസിഡന്‍റായിട്ടില്ല. അമേരിക്കയുടെ വൈസ് പ്രസിഡന്‍റ് പദവിയില്‍ എത്തുന്ന ആദ്യത്തെ ഇന്തോ - ആഫ്രിക്കന്‍ വംശജയും വനിതയെന്ന ഖ്യാതിയും നേരത്തെ തന്നെ സ്വന്തമാക്കിയ കമല ഹാരിസിന് 59 വയസ് പ്രായമുണ്ട്. ഇന്ത്യക്കാരിയായ ശ്യാമള ഗോപാലന്‍റെയും ജമൈക്കക്കാരനായ ഡോണള്‍ഡ് ഹാരിസിന്‍റെയും മകളായി കാലിഫോര്‍ണിയയിലെ ഓക്ലന്‍ഡിലാണ് കമല ജനിച്ചത്. സ്റ്റാന്‍ഫഡ് സര്‍വകലാശാലയില്‍ സാമ്പത്തികശാസ്ത്ര അധ്യാപകനായിരുന്നു അച്ഛന്‍. സ്വന്തം സ്വത്വം തിരിച്ചറിഞ്ഞ് പോരാടിയാണ് കമല അമേരിക്കയുടെ വൈസ് പ്രസിഡന്‍റ് പദവിയിലേക്ക് എത്തിയത്. തമിഴ്‌നാട്ടിലെ തിരുവാരൂര്‍ തുളസേന്ദ്രപുരത്താണ് കമലയുടെ ഇന്ത്യയിലെ വേരുകള്‍ ഉളളത്.

സാന്‍ ഫ്രാന്‍സിസ്‌കോയിലെ കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് ലോയില്‍ നിന്ന് കമല നിയമ ബിരുദം നേടി. പിന്നീട് വാഷിംഗ്ടണ്‍ ഡി സിയിലെ ഹോവാര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ പഠിച്ചു. അലമാന്‍ഡ് കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോണി ഓഫീസിലൂടെയാണ് ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. പിന്നീട് സാന്‍ഫ്രാന്‍സിസ്‌കോ ഡിസ്ട്രിക്റ്റ് അറ്റോണിയുടെ ഓഫീസിലായി പ്രവര്‍ത്തനം. 2003 ല്‍ സാന്‍ഫ്രാന്‍സിസ്‌കോയുടെ ഡിസ്ട്രിക്റ്റ് അറ്റോണിയായി തെരഞ്ഞെടുക്കപ്പെട്ടു. 2010 ല്‍ കലിഫോര്‍ണിയ അറ്റോര്‍ണി ജനറല്‍ പദവിയില്‍ എത്തി. 2014 ല്‍ ഈ പദവിയിലേക്ക് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. 2016 ല്‍ കാലിഫോര്‍ണിയയില്‍ നിന്നും സെനറ്ററായി തെരഞ്ഞെടുക്കപ്പെട്ടു. അഭിഭാഷകനായ ഡഗ് എം ഹോഫിനെ 2014 ല്‍ കമല വിവാഹം ചെയ്തു.

2020 ലെ തിരഞ്ഞെടുപ്പില്‍  പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കാനുള്ള ശ്രമം കമല ഹാരിസ് നടത്തിയിരുന്നു. എന്നാല്‍ പ്രൈമറി സീസണിലെ സംവാദങ്ങളില്‍ മങ്ങിയ പ്രകടനമാണ് നടത്തിയത്. ബൈഡന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ വൈസ് പ്രസിഡന്‍റ് പദവിയിലേക്ക് കമല എത്തി. ആഫ്രോ - അമേരിക്കന്‍ വോട്ടര്‍മാരുടെ പിന്തുണ ഉറപ്പാക്കുകയാണ് ഇതിലൂടെ ബൈഡന്‍ ലക്ഷ്യമിട്ടത്. വഹിച്ച പദവികളില്‍ ഒക്കെ ആദ്യമായി എത്തുന്ന ഇന്തോ - ആഫ്രിക്കന്‍ വംശജയെന്ന നേട്ടം എന്നും കമലക്ക് സ്വന്തമായിരുന്നു. ഡെമോക്രാറ്റ് പാര്‍ട്ടിയുടെ ആധുനിക മുഖമായ കമല, കുടിയേറ്റ നയങ്ങളുടെ കാര്യത്തില്‍ ട്രംപിന്റെ കടുത്ത വിമര്‍ശകയാണ്. അടിസ്ഥാന സൗകര്യ നിയമനിര്‍മ്മാണം, കുടിയേറ്റം, തോക്ക് നിയന്ത്രണം, ഗര്‍ഭച്ഛിദ്ര അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള ശ്രമങ്ങള്‍ എന്നിങ്ങനെയുള്ള ബൈഡന്‍ ഭരണകൂടത്തിന്‍റെ സുപ്രധാന നയങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത് കമലയായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വ്യാജ പിസ ഹട്ട് ഉദ്ഘാടനത്തിന് പാക് പ്രതിരോധ മന്ത്രി, യുഎസ് കമ്പനിയുടെ വെളിപ്പെടുത്തലിന് പിന്നാലെ ട്രോളോട് ട്രോൾ
എ ഐ യുദ്ധത്തിലും ബഹുദൂരം മുന്നിൽ; നമ്മൾ വിചാരിച്ച ആളല്ല ചൈനയെന്ന് ഡീപ് മൈൻഡ് മേധാവി ഡെമിസ് ഹസാബിസ്