
യോംഗ്‍യാങ്: ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോംങ് ഉന്‍ കോമയിലാണെന്നും സുപ്രധാന ഭരണാധികാരങ്ങള്‍ സഹോദരി കിം യോ ജോങ് ഏറ്റെടുത്തതായും റിപ്പോര്‍ട്ടുകള്‍. യുകെ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഇംഗ്ലീഷ് മാധ്യമമായ മിറര്‍ മുന്‍ ദക്ഷിണകൊറിയന്‍ പ്രസിഡന്റ് കിം ദായ് ജങിന്റെ അസിസ്റ്റന്റ് ചാങ് സോങ് മിന്നിനെ ഉദ്ധരിച്ചാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
കിം മരിച്ചിട്ടില്ലെന്നും എന്നാല്‍ അദ്ദേഹം കോമയിലാണെന്നുമാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കിമ്മിന്റെ ജോലി ഭാരം കുറയ്ക്കാനാണ് അധികാരങ്ങള്‍ സഹോദരിക്ക് നല്‍കുന്നതെന്നാണ് നാഷണല്‍ ഇന്റലിജന്‍സ് സര്‍വ്വീസ് (എന്‍ഐഎസ്) നല്‍കുന്ന വിശദീകരണം. എന്നാല്‍ കൊവിഡ് വ്യാപിക്കുകയും തുടര്‍ച്ചയായി ആണവപരീക്ഷണങ്ങള്‍ പരാജയപ്പെടുകയും ആണവ പരീക്ഷണങ്ങളുടെ പേരില്‍ മറ്റു രാജ്യങ്ങള്‍ ഉപരോധമേര്‍പ്പെടുത്തുകയും ചെയ്തതോടെ രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തിയിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
കഴിഞ്ഞ ഏപ്രിലില്‍ കിം ജോങ് ഉന്നിന്റെ ആരോഗ്യനിലയുമായി ബന്ധപ്പെട്ട് നിരവധി വാര്‍ത്തകള്‍ വന്നിരുന്നു. ഏപ്രില്‍ 11 ന് ശേഷം കിംമ്മിനെ മാധ്യമങ്ങളില്‍ കാണാതായതോടെ ഹൃദയശസ്ത്രക്രിയയ്ക്ക് വിധേയനായ കിം അതീവ ഗുരുതരാവസ്ഥയിലായെന്ന് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
2017 -ൽ അമേരിക്ക പുറപ്പെടുവിച്ച മനുഷ്യാവകാശ ലംഘകരുടെ പട്ടികയിൽ ഉത്തര കൊറിയയിലെ മറ്റ് ആറു നയതന്ത്രജ്ഞരോടൊപ്പം കിം യോ ജോങും ഉൾപ്പെട്ടിരുന്നു. 2018 -ൽ പ്യോങ്ചാങ്ങിൽ നടന്ന വിന്റർ ഒളിമ്പിക്സിൽ ഉത്തരകൊറിയയെ പ്രതിനിധീകരിച്ച് പങ്കെടുത്തിട്ടുണ്ട് കിം യോ ജോങ്.
ഉത്തരകൊറിയയിൽ ഭരണം കയ്യാളുന്ന വർക്കേഴ്സ് പാർട്ടി ഓഫ് കൊറിയ(WPK) ഉന്നത സ്ഥാനം വഹിക്കുന്ന ഭാരവാഹി കൂടിയായ കിം യോ ജോങ്, ഇന്ന് രാജ്യത്ത് ജ്യേഷ്ഠൻ കിം ജോങ് ഉന്നിന്റെ പിൻഗാമി എന്ന നിലയിൽ പോലും കണക്കാക്കപ്പെടുന്നുണ്ട്. കഴിഞ്ഞയാഴ്ചയാണ് ഉത്തര കൊറിയൻ വർക്കേഴ്സ് പാർട്ടിയുടെ പോളിറ്റ് ബ്യൂറോയിലേക്ക് കിം യോ ജോങിനെ വീണ്ടും നിയമിച്ചുകൊണ്ട് തീരുമാനം വന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam