2019 ഫെബ്രുവരി 26 -ന് വിയറ്റ്നാമിൽ നടന്ന ആണവ ഉച്ചകോടിയിൽ പങ്കെടുക്കാൻ പോകും വഴി ചൈനയിലെ നാനിങ് റെയിൽവേ സ്റ്റേഷനിൽ വെച്ച് സിഗരറ്റു പുകയ്ക്കുന്ന കിം ജോംഗ് ഉന്നിന്റെ ഒരു വീഡിയോ ദൃശ്യം മാധ്യമങ്ങൾക്ക് കിട്ടിയിരുന്നു. അതിൽ ഒരു ആഷ്ട്രേയുമായി പ്രത്യക്ഷപ്പെടുന്ന സുമുഖിയായ ഒരു യുവതിയുണ്ട്. അതേ യുവതി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ്‌ ട്രംപിനെ പ്രശംസിച്ചുകൊണ്ട് ഒരു പരസ്യപ്രസ്താവന ഇറക്കിയും മാധ്യമശ്രദ്ധ നേടി. അങ്ങനെ ആർക്കും എളുപ്പത്തിൽ അവഗണിക്കാൻ സാധിക്കാത്തത്ര വ്യക്തിപ്രഭാവമുള്ള ആ നോർത്ത് കൊറിയൻ യുവതിയുടെ പേര് കിം യോ ജോങ് എന്നാണ്. ഇന്ന്, അവരുടെ സഹോദരൻ കിം ജോങ് ഉന്നിന്റെ ആരോഗ്യനിലയെപ്പറ്റിയുള്ള അഭ്യൂഹങ്ങൾ, സ്ഥിരീകരണമില്ലാതെ വളരെ വേഗത്തിൽ നാടെങ്ങും പരക്കുന്ന സാഹചര്യത്തിൽ, ഒരുത്തരത്തിനായി ലോകം ഉറ്റുനോക്കുന്നത് കിം യോ ജോങിലേക്കാണ്. 

 

 

2018 -ൽ പ്യോങ്ചാങ്ങിൽ നടന്ന വിന്റർ ഒളിമ്പിക്സിൽ ഉത്തരകൊറിയയെ പ്രതിനിധീകരിച്ച് പങ്കെടുത്തിട്ടുണ്ട് കിം യോ ജോങ്. ഉത്തരകൊറിയയിൽ ഭരണം കയ്യാളുന്ന വർക്കേഴ്സ് പാർട്ടി ഓഫ് കൊറിയ(WPK) ഉന്നത സ്ഥാനം വഹിക്കുന്ന ഭാരവാഹി കൂടിയായ കിം യോ ജോങ്, ഇന്ന് രാജ്യത്ത് ജ്യേഷ്ഠൻ കിം ജോങ് ഉന്നിന്റെ പിൻഗാമി എന്ന നിലയിൽ പോലും കണക്കാക്കപ്പെടുന്നുണ്ട്. കഴിഞ്ഞയാഴ്ചയാണ് ഉത്തര കൊറിയൻ വർക്കേഴ്സ് പാർട്ടിയുടെ പോളിറ്റ് ബ്യൂറോയിലേക്ക് കിം യോ ജോർജിനെ വീണ്ടും നിയമിച്ചുകൊണ്ട് തീരുമാനം വന്നത്. 

രണ്ടുമൂന്നു വർഷമായി രാജ്യത്തിനകത്തും, ലോകരാഷ്ട്രങ്ങൾക്കുമുന്നിലും മിനക്കെട്ട് കെട്ടിപ്പൊക്കിയിരിക്കുന്ന കിമ്മിന്റെ 'ജനപ്രിയ' ഇമേജിന് പിന്നിൽ പ്രവർത്തിച്ചത് ഗവണ്മെന്റിന്റെ 'ചീഫ് പ്രൊപ്പഗാൻഡിസ്റ്റ്' പദവി വഹിക്കുന്ന, സ്വന്തം സഹോദരിയുടെ തലച്ചോറാണ് എന്ന് പരക്കെ അഭ്യൂഹമുണ്ട്. പകരം കിം യോ ജോങിന് സഹോദരന്റെ പരിപൂർണ്ണ വിശ്വാസവും പ്രീതിയും ആർജ്ജിക്കാനായിട്ടുണ്ട്. സ്വന്തം അർദ്ധ സഹോദരനെയും, അമ്മാവനെയും ഒക്കെ വധിക്കാനുള്ള കല്പനകൾ നിമിഷനേരത്തെ കോപത്തിന്റെ പുറത്ത് പുറപ്പെടുവിച്ചിട്ടുള്ള കിം ജോങ് ഉന്നിന്റെ പ്രീതി പിടിച്ചു പറ്റുക എന്നത് ഒരു കൊറിയൻ പൗരനെ സംബന്ധിച്ചിടത്തോളം വളരെ വലിയ നേട്ടം തന്നെയാണ്. 

ലോകം മുഴുവൻ കൊവിഡ് ബാധയാൽ ഉഴലുമ്പോഴും തങ്ങൾക്ക് ഒരു പോസിറ്റീവ് കേസ് പോലുമില്ല  എന്നാണ് ഉത്തര കൊറിയൻ ഗവണ്മെന്റിന്റെ നിലപാട്. ഈ പ്രശ്നങ്ങൾക്കിടയിലും, കിം യോ ജോങിന്റെ ഉത്തരകൊറിയൻ ഗവണ്മെന്റിലെ സ്വാധീനം അനുദിനം വർധിച്ചുവരികയാണ്. കഴിഞ്ഞ മാസം, പൊതുജനങ്ങൾക്കുമുന്നിൽ പ്രത്യക്ഷപ്പെട്ടുകൊണ്ട് തന്റെ ആദ്യത്തെ പ്രസംഗവും നടത്തി യോ ജോങ്.മാർച്ചിൽ തന്നെയാണ്, തന്റെ സഹോദരന് കത്തയച്ച പ്രസിഡന്റ് ട്രംപിനെ പ്രശംസിച്ചു കൊണ്ട് യോ ജോങ് കത്തയച്ചതും. പത്രമാധ്യമങ്ങളിലൂടെ കിം യോ ജോങിന്റെ പേരിൽ അനുദിനം പുറത്തുവരുന്ന രാഷ്ട്രീയ പ്രസ്താവനകളും ഭരണത്തിലെ അവരുടെ സ്ഥാനം അരക്കിട്ടുറപ്പിക്കുന്നതാണ്. 

ഉത്തര കൊറിയ അതിർത്തിയിൽ നടത്തിയ സൈനികാഭ്യാസത്തെ നിശിതമായി വിമർശിച്ചുകൊണ്ട് പ്രസ്താവനയിറക്കിയ ദക്ഷിണ കൊറിയൻ ഗവണ്മെന്റിന്റെ നയത്തെ " പേടിച്ചരണ്ട പട്ടിയുടെ ഓളിയിടൽ" എന്നാണ് അവർ തന്റെ പ്രസംഗത്തിൽ വിശേഷിപ്പിച്ചത്.  ദക്ഷിണ കൊറിയയെ ഇത്രക്ക് കടുത്ത ഭാഷയിൽ കളിയാക്കിക്കൊണ്ടുള്ള ഒരു പ്രസ്താവന സ്വന്തമായി പുറപ്പെടുവിക്കാൻ സഹോദരിയെ അനുവദിച്ചതുവഴി തനിക്കു ശേഷം ആരെന്നുള്ളതിന്റെ സൂചനകൂടിയാണ് കിം ജോങ് ഉൻ നൽകുന്നതെന്നാണ് സോളിലെ യോൻസെയ് ഇൻസ്റ്റിറ്റ്യൂട്ട് നോർത്ത് കൊറിയൻ സ്റ്റഡീസിലെ പ്രൊഫസർ യോങ്ശിക്ക് ബോങ് സിഎൻഎന്നിനോട് പറഞ്ഞത്. 


എന്നാൽ 2017 -ൽ അമേരിക്ക പുറപ്പെടുവിച്ച മനുഷ്യാവകാശ ലംഘകരുടെ പട്ടികയിൽ ഉത്തര കൊറിയയിലെ മറ്റ് ആറു നയതന്ത്രജ്ഞരോടൊപ്പം കിം യോ ജോർജും ഉൾപ്പെട്ടിരുന്നു. അന്താരാഷ്ട്ര തലത്തിൽ, വിശേഷിച്ച് അമേരിക്കയുമായുള്ള കിം ജോങ് ഉന്നിന്റെ ഹൈ പ്രൊഫൈൽ സമ്മിറ്റുകളുടെയൊക്കെ സംഘത്തിന്റെ ഭാഗമാണ് അദ്ദേഹത്തിന്റെ ഈ സഹോദരിയും. ഇന്ന് കിം ജോങ് ഉന്നുമായി നേരിട്ട് ബന്ധം സ്ഥാപിക്കാൻ, അദ്ദേഹത്തിൽ സ്വാധീനം ചെലുത്താൻ കഴിയുന്ന അപൂർവം ചില വ്യക്തികളിൽ ഒരാളാണ് സഹോദരി കിം യോ ജോങ്. "കിമ്മിന്റെ ക്രൂരമായ വധശിക്ഷാവിധികളോടും രാഷ്ട്രീയ നിഷ്കാസനങ്ങളോടും ഒന്നും നേരിട്ട് ബന്ധമില്ലെങ്കിലും കൂടി അതേപ്പറ്റിയൊക്കെ നേരിട്ടുള്ള വിവരമുണ്ട് സഹോദരിക്ക്. അതൊക്കെ മറച്ചുവെച്ചുകൊണ്ട് പൊതുജനമധ്യത്തിലും, ലോകത്തിനു മുന്നിലും തന്റെ ക്ളീൻ ഇമേജ് നിലനിർത്താൻ കിമ്മിനെ സഹായിച്ചു പോരുന്നതും സഹോദരി തന്നെയാണ്. " ഉത്തര കൊറിയ സ്പെഷ്യലിസ്റ്റ് ആയ ലിയോണിഡ് പെട്രോവ് പറഞ്ഞു. 

കിം ജോങ് ഉന്നിനെക്കാൾ നാലുവയസെങ്കിലും ഇളപ്പമുണ്ട് സഹോദരി കിം യോ ജോങിന്. 2010 നു മുമ്പ് ഒരിക്കൽ പോലും അവർ പൊതുജനമധ്യത്തിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല. 2011 -ൽ അച്ഛൻ കിം ജോങ് ഇല്ലിന്റെ സംഘത്തിന്റെ ഭാഗമായ അവർ, അദ്ദേഹത്തിന്റെ ശവസംസ്കാര ചടങ്ങുകളിലും സന്നിഹിതയായിരുന്നു. കിം ജോങ് ഉൻ പഠിച്ച സ്വിറ്റ്സർലാൻഡിലെ അതെ കോൺവെന്റ് സ്‌കൂളിൽ തന്നെയാണ് സഹോദരിയും പ്രാഥമികവിദ്യാഭ്യാസം പൂർത്തിയാക്കിയത്. അവിടെ താമസിച്ചിരുന്നതും ഒരേ വീട്ടിൽ തന്നെ. ഒന്നിച്ചു പിന്നിട്ട ബാല്യകാലം തന്നെയാണ് ഇന്നും സഹോദരനുമായി തികഞ്ഞ മാനസികൈക്യം നിലനിർത്താൻ കിം യോ ജോങിനെ സഹായിക്കുന്നത്. അവർക്കിടയിലെ ആത്മബന്ധത്തിന് കിം ജോങ് ഉന്നിനു സ്വതവേയുള്ള അവിശ്വാസത്തെ മറികടക്കാൻ സാധിച്ചിട്ടുണ്ട് എന്നുവേണം കരുതാൻ. 2007 -ൽ പ്യോങ്യാങ്ങിലെ കിം ജോങ് ഇൽ സർവകലാശാലയിൽ നിന്ന് നേടിയ കമ്പ്യൂട്ടർ സയൻസ് ബിരുദമാണ് കിം യോ ജോങിന്റെ കൈമുതൽ. 2014 -ൽ സഹോദരനെ ആദ്യമായി പൊതുഇടങ്ങളിൽ തെരഞ്ഞെടുപ്പിന്റെ ഭാഗമായി അനുഗമിച്ചപ്പോഴാണ് യോ ജോങ്ങിനെപ്പറ്റി ആദ്യമായി കൊറിയൻ മാധ്യമങ്ങൾ പരാമർശിക്കുന്നത്. 

 

ഉത്തര കൊറിയയുടെ ഭാവി അണ്വായുധ നയങ്ങളും, ദക്ഷിണ കൊറിയയുമായുള്ള അതിർത്തിസംരക്ഷണ നിലപാടുകളും, അമേരിക്കയുമായുള്ള ബന്ധവും ഒക്കെ നിർണയിക്കുന്നതിൽ കിം യോ ജോർജിനും കൃത്യമായ പങ്കുണ്ടാകുമെന്നു കരുതപ്പെടുന്നു. ഉത്തര കൊറിയ പൊതുവെ സീനിയോറിട്ടിക്കുംപുരുഷത്വത്തിനും ഒക്കെ ഏറെ പരിഗണന നൽകുന്ന ഒരു രാജ്യമാണ്. എന്നാൽ കിം യോ ജോങിനുള്ളത് അതിനേക്കാളൊക്കെ വലിയ ഒരു ബലമാണ്. അവരാണ് ഇന്ന് കിം ജോങ് ഉന്നിനോട്‌ ഏറ്റവും അടുപ്പമുള്ളത്. ഉത്തരകൊറിയയിൽ അതിനേക്കാൾ വലിയ ഒരു ബലം വേറെയില്ല..!