അധിനിവേശം നടത്തിയ ജപ്പാൻകാരോട്, ഗറില്ലാ യുദ്ധമുറകളിലൂടെ പൊരുതി, കമ്യൂണിസ്റ്റ് നേതാവായ കിം ഇൽ സങ്ങും കൂട്ടരും നേടിഎടുത്തതാണ് ഉത്തരകൊറിയയുടെ സ്വാതന്ത്ര്യം. 1948 സെപ്റ്റംബർ 9 മുതൽ ഒരു പരമാധികാരരാഷ്ട്രമാണ് ഡെമോക്രാറ്റിക്  പീപ്പിൾസ് റിപ്പബ്ലിക് ഓഫ് നോർത്ത് കൊറിയ. അവിടെ ഏഴുപതിറ്റാണ്ടോളം കാലം കാലം ഭരണം കയ്യാളിയ ജനപ്രിയ നേതാവ് കിം ജോങ് ഇല്ലിൽ നിന്ന് 2011 -ൽ അധികാരമേറ്റെടുത്ത കിം ജോങ് ഉൻ പക്ഷേ, തികഞ്ഞ സ്വേച്ഛാധിപത്യമാണ് നാട്ടിൽ സ്ഥാപിച്ചെടുത്തത്. എന്തിനും ഏതിനും കർക്കശ നിയന്ത്രണങ്ങളായിരുന്നു കിം ജോങ് ഉന്നിന്റെ ഭരണകാലത്ത് ജനങ്ങളിൽ അടിച്ചേല്പിക്കപ്പെട്ടത്. അതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് 2013 -ൽ   പൗരന്മാർക്ക്, സ്ത്രീകൾക്കും പുരുഷന്മാർക്കും വെവ്വേറെ, മുടിവെട്ടുനിയന്ത്രണങ്ങൾ പ്രഖ്യാപിക്കപ്പെട്ടത്. ഗവൺമെന്റ് അംഗീകൃതമായ നിശ്ചിത ഹെയർ സ്റ്റൈലുകളിൽ നിന്ന് വ്യതിചലിച്ചു കൊണ്ടുള്ള മുടിവെട്ടുകൾ അച്ചടക്കമില്ലായ്മയായും സാമൂഹ്യവിരുദ്ധതയായും ഗവൺമെന്റ് കാണുന്നു. ഇങ്ങനെ മുടിവെട്ടുന്നവരെ നിരീക്ഷിക്കാനും, പിടികൂടി ശിക്ഷിക്കാനും അവിടെ പ്രത്യേകം സ്‌ക്വാഡുകൾ നിയമിതമാണ്. കടുത്ത ശിക്ഷകളാണ് അച്ചടക്കമില്ലായ്‌ക ക്ഷണിച്ചു വരുത്തുക. 

രാജ്യത്തെ ഏക പാർട്ടിയായ വർക്കേഴ്സ് പാർട്ടിയുടെ യുവജന വിഭാഗത്തെ തന്നെയാണ് സെൻട്രൽ കമ്മിറ്റി ഈ അച്ചടക്കപരിപാലനദൗത്യവും വിശ്വസിച്ചേൽപ്പിച്ചിട്ടുള്ളത്. സമൂഹത്തിനു മാതൃകയാക്കേണ്ട പെരുമാറ്റങ്ങളും ശീലങ്ങളും എന്തൊക്കെയാണ് എന്നത് സംബന്ധിച്ച ക്‌ളാസുകൾ പാർട്ടിയുടെ ബൗദ്ധികകേന്ദ്രത്തിൽ നിന്നുള്ള വിചക്ഷണർ മുടങ്ങാതെ കലാലയങ്ങളിലും, ഫാക്ടറികളിലും, സ്‌കൂളുകളിലും ഒക്കെ നൽകിവരുന്നുണ്ട്. അതിനു പുറമെയാണ് തെരുവുകൾ തോറും നിരീക്ഷകരെ നിയോഗിച്ച്, വേണ്ടത്ര 'നവോത്ഥാനം' സിദ്ധിച്ചിട്ടില്ലാത്ത, തലതെറിച്ച യുവാക്കളെ കണ്ടെത്തിയുള്ള ഈ 'നന്നാക്കൽ യജ്ഞങ്ങൾ'. യുവാക്കളായ പൗരന്മാരുടെ ഭാഗത്തുനിന്നുണ്ടാകുന്ന അച്ചടക്കമില്ലാത്ത പെരുമാറ്റങ്ങൾ ലോകത്തിനു മുന്നിൽ രാജ്യത്തിന്റെ പ്രതിച്ഛായക്കും അന്തസ്സിനും കളങ്കം ചേർത്തുമെന്നാണ് ഭരണകർത്താക്കൾ പറയുന്നത്. 

 

 

തലമുടി വെട്ട്, അഥവാ ഹെയർ സ്റ്റൈലിങ്ങിന്റെ കാര്യത്തിൽ സെൻട്രൽ കമ്മിറ്റിക്ക് കടുത്ത നിലപാടുകളാണുള്ളത്. അത് അവർ അതീവ കർശനമായി നടപ്പിലാക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ, ഇവിടെ മറ്റുപ്രശ്നങ്ങൾ ഒന്നും തന്നെയില്ലെന്നും, കമ്മിറ്റി അംഗീകരിച്ച 15 വീതം ഹെയർ സ്റ്റൈലുകളിൽ ഏതെങ്കിലും ഒന്ന് തങ്ങൾക്കായി തെരഞ്ഞെടുക്കാനുള്ള പൂർണ്ണ സ്വാതന്ത്ര്യം സ്ത്രീപുരുഷന്മാർക്ക് ഉണ്ടെന്നുമാണ് പാർട്ടി വക്താക്കൾ പറയുന്നത്. ഈ 15 സ്റ്റൈലുകളും പ്യോങ്യാങ്ങിലെ സകല സലൂണുകളിലും സചിത്രം വ്യക്തമായി പ്രചരിപ്പിച്ചിട്ടുണ്ട്. ഗവൺമെന്റ് അനുവദിച്ചിട്ടുള്ളതിൽ കൂടുതൽ നീളത്തിൽ മുടിവളർത്താനോ മുടി കളർ ചെയ്യാനോ ഉത്തര കൊറിയയിൽ അനുവാദമില്ല.  ഓരോ സ്റ്റൈലും എത്ര സെന്റീമീറ്റർ നീളം, വീതി, മുടിയുടെ കട്ടി തുടങ്ങിയ പലതും കൃത്യമായി സർക്കാർ നിഷ്കര്ഷിച്ചിട്ടുണ്ട്. എന്നാൽ, വശങ്ങൾ പറ്റെ വടിച്ചിറക്കുന്ന കിം ജോങ് ഉന്നിന്റെ വിശേഷ ഹെയർ സ്റ്റൈൽ ഈ ലിസ്റ്റിൽ ഇല്ല. അത് അനുകരിക്കാൻ പൗരന്മാർക്ക് അനുവാദവുമില്ല.  താടിമീശകൾ വളർത്തുന്നതും നിരോധിതമാണ്.

തലമുടിക്ക് മാത്രമല്ല നാട്ടിൽ നിയന്ത്രണമുള്ളത് ഇറക്കം കുറഞ്ഞ മിനി സ്കർട്ടുകളും 'സാമൂഹ്യവിരുദ്ധ'മായി തന്നെയാണ് ഗവൺമെന്റ് കാണുന്നത്. മുട്ടിന് മേലോട്ട് കയറാത്ത രീതിയിലുള്ള ട്രൗസറുകൾ ധരിക്കാൻ കൊറിയയിൽ സ്ത്രീകൾക്ക് അവകാശമുണ്ട്. ഹൈ ഹീൽഡ് ഷൂസുകൾ സ്ത്രീകൾക്ക് നിരോധിതമാണ്. സ്കിൻ ടൈറ്റ് ആയ ജീൻസുകളും മറ്റും നിരോധിതമാനവിടെ. പ്രകോപനപരമായ എഴുത്തുകളുള്ള ടീഷർട്ടുകൾക്കും വിലക്കുണ്ട്. വൈദേശികമാണ് എന്ന് തോന്നിക്കരുത് നിങ്ങളുടെ വസ്ത്രധാരണം എന്നതാണ് പ്രഥമനിർദേശം. 

യുവാക്കളുടെ ഫാഷൻ നിയമലംഘനങ്ങളെ പിടികൂടാനായി, 'ഫാഷൻ പോലീസ്' എന്നപേരിൽ പെട്രോൾ സംഘങ്ങൾ തെരുവുകളിൽ സജീവമാണ് വടക്കൻ കൊറിയയിൽ. ശിക്ഷയുടെ ആദ്യഘട്ടം പോലീസ് വക ഉപദേശവും ഭീഷണിയുമാണ്. അടുത്തഘട്ടം മണിക്കൂറുകൾ നീളുന്ന 'സംസ്കാര' ക്‌ളാസ്സുകളും. അടുത്തതായി ഫൈനടിക്കൽ തൊട്ട് ആഴ്ചകൾ നീണ്ട ജയിൽ വാസം വരെയുള്ള ശിക്ഷകൾ ഇങ്ങനെയുള്ള അച്ചടക്ക ലംഘനങ്ങൾക്ക് കൈമാറി വരുന്നുണ്ട് ഗവൺമെന്റ്.