ഇന്ത്യൻ വംശജരായ വികാസ് സിൻഹയും അനുരാധ സിൻഹയും നോർത്ത് ടെക്സസ് സർവ്വകലാശാലയ്ക്ക് 20 മില്യൺ ഡോളർ (190 കോടി രൂപ) സംഭാവന നൽകി. സർവ്വകലാശാലയിലെ പുതിയ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കോളേജിന് 'അനുരാധ ആൻഡ് വികാസ് സിൻഹ കോളേജ് ഓഫ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് അഡ്വാൻസ്ഡ് അനലിറ്റിക്സ്' എന്ന് പേര് നൽകും.

വാഷിംഗ്ടൺ: യു എസ് സർവകലാശാലയ്ക്ക് (20 മിലൺ ഡോളർ) 190 കോടി സംഭാവന നൽകി ഇന്ത്യൻ ദമ്പതികൾ. ഇന്ത്യൻ വംശജരായ വികാസ് സിൻഹയും അനുരാധ സിൻഹയുമാണ് ഈ ദമ്പതികൾ. ഇതിന് പിന്നാലെ നോർത്ത് ടെക്സസ് സർവ്വകലാശാലയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, അഡ്വാൻസ്ഡ് അനലിറ്റിക്സ് എന്നിവയ്ക്കായി ആരംഭിക്കുന്ന പുതിയ കോളേജിന് ഇരുവരുടെയും പേര് നൽകും. 20 ദശലക്ഷം ഡോളർ സംഭാവനയായി നൽകിയതിനെ തുടർന്ന് 'അനുരാധ ആൻഡ് വികാസ് സിൻഹ കോളേജ് ഓഫ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് അഡ്വാൻസ്ഡ് അനലിറ്റിക്സ്' എന്നാണ് കോളേജ് അറിയപ്പെടുക.

ബ്രോഡ്കോം വൈസ് പ്രസിഡന്‍റായ വികാസ് സിൻഹയും ഭാര്യ അനുരാധയും ചേർന്ന് നൽകിയ ഈ തുക, സർവ്വകലാശാലയിലെ വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പുകൾ, എൻഡോവ്മെന്റുകൾ, അത്യാധുനിക എ.ഐ ഗവേഷണങ്ങൾ, വ്യവസായ പങ്കാളിത്തങ്ങൾ എന്നിവയ്ക്കായി വിനിയോഗിക്കും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സൈബർ സെക്യൂരിറ്റി, ഡാറ്റാ സയൻസ്, ഹെൽത്ത് ഇൻഫോർമാറ്റിക്സ്, ഇൻഫർമേഷൻ സയൻസ്, ലേണിംഗ് ടെക്നോളജീസ് തുടങ്ങിയ മേഖലകളെ സംയോജിപ്പിച്ചാണ് കോളേജ് പ്രവർത്തിക്കുക.

ഇന്റലിജന്റ് സിസ്റ്റങ്ങൾ നിർമ്മിക്കുന്നതിനായുള്ള 'ഡിവിഷൻ ഓഫ് അപ്ലൈഡ് ഇന്റലിജൻസ് ആൻഡ് ഇൻഫോർമാറ്റിക്സ്', ഈ സിസ്റ്റങ്ങളുടെ മാനുഷികവും സാങ്കേതികവുമായ ഉപയോഗങ്ങൾ പഠിക്കുന്ന 'ഡിവിഷൻ ഓഫ് ഇൻഫർമേഷൻ ആൻഡ് ലേണിംഗ് ആപ്ലിക്കേഷൻസ്' എന്നീ രണ്ട് വിഭാഗങ്ങളായാണ് കോളേജ് പ്രവർത്തിക്കുക. എ ഐ മേഖലയിലെ പുതിയ സംരംഭങ്ങൾ, ഗവേഷണ ഫണ്ടുകൾ, വ്യവസായ ബന്ധങ്ങൾ എന്നിവ ശക്തിപ്പെടുത്താൻ പ്രത്യേക ഇൻസ്റ്റിറ്റ്യൂട്ടും കോളേജിന് കീഴിലുണ്ടാകും.

ഇന്ത്യയിൽ നിന്ന് സിവിൽ എൻജിനീയറിംഗിൽ ബിരുദം നേടിയ ശേഷം ഉപരിപഠനത്തിനായാണ് ഇരുവരും യു എസിലേക്ക് കുടിയേറിയത്. ഫ്ലോറിഡ അറ്റ്ലാന്റിക് സർവ്വകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം നേടിയ വികാസ് സിൻഹ, 2023-ൽ നോർത്ത് ടെക്സസ് സർവ്വകലാശാലയിൽ നിന്ന് പി എച്ച് ഡിയും പൂർത്തിയാക്കി. 2024-ൽ ഇവർ ഇതേ സർവ്വകലാശാലയിൽ ഡാറ്റാ സയൻസ് ഡിപ്പാർട്ട്‌മെന്റ് സ്ഥാപിക്കാൻ സാമ്പത്തിക സഹായം നൽകിയിരുന്നു. തുടർന്ന് ഡാറ്റാ സയൻസിനായി 'സിൻഹ ഇന്നൊവേഷൻ ലാബും' ഇവർ സ്ഥാപിച്ചു.

'ഞങ്ങൾക്ക് വിദ്യാഭ്യാസം ജീവിതത്തിൽ നിരവധി അവസരങ്ങൾ നൽകി, ആ വാതിലുകൾ മറ്റുള്ളവർക്കായി തുറന്നിടാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കുടിയേറ്റക്കാർ അമേരിക്കൻ സ്വപ്നത്തിന്റെ ഭാഗമാകുക മാത്രമല്ല ചെയ്യുന്നത്, അത് പടുത്തുയർത്താൻ സഹായിക്കുക കൂടിയാണ്-' വികാസ് സിൻഹ പറഞ്ഞു.