വെടിനിര്‍ത്തലിനിടയിലും കുവൈത്തിൽ വീണ്ടും ഇറാൻ ആക്രമണം, നാഷണൽ ഗാർഡ് സൈറ്റിലെ ഡ്രോൺ ആക്രമണത്തിൽ നാശമുണ്ടായെന്ന് വക്താവ്

Published : Apr 10, 2026, 03:35 AM ISTUpdated : Apr 10, 2026, 03:37 AM IST
  Iran drones

Synopsis

കുവൈത്തിലെ അതീവ സുരക്ഷാ മേഖലയായ നാഷണൽ ഗാർഡ് സൈറ്റിൽ ഡ്രോൺ ആക്രമണം നടന്നു. ആക്രമണത്തിൽ കെട്ടിടങ്ങൾക്കും സൈനിക സാമഗ്രികൾക്കും കേടുപാടുകൾ സംഭവിച്ചെങ്കിലും ആളപായമില്ലെന്ന് അധികൃതർ അറിയിച്ചു. 

കുവൈത്ത് സിറ്റി: കുവൈത്തിൽ വീണ്ടും ഇറാൻ ഡ്രോൺ ആക്രമണം. കുവൈത്തിലെ അതീവ സുരക്ഷാ മേഖലയായ നാഷണൽ ഗാർഡ് സൈറ്റിലാണ് ഡ്രോൺ ആക്രമണം നടന്നത്. വ്യാഴാഴ്ചയുണ്ടായ ആക്രമണത്തിൽ താവളത്തിന് നാശനഷ്ടങ്ങൾ സംഭവിച്ചതായി കുവൈത്ത് നാഷണൽ ഗാർഡ് വക്താവ് ബ്രിഗേഡിയർ ജനറൽ ജദാൻ ഫാദൽ സ്ഥിരീകരിച്ചു. ഒരു ശത്രു ഡ്രോൺ ആണ് നാഷണൽ ഗാർഡ് സൈറ്റിനെ ലക്ഷ്യമിട്ടെത്തിയത്. ആക്രമണത്തിൽ കെട്ടിടങ്ങൾക്കും സൈനിക സാമഗ്രികൾക്കും കേടുപാടുകൾ സംഭവിച്ചു. ആക്രമണ സമയത്ത് സൈനികർ സുരക്ഷിതരായിരുന്നതിനാൽ ആർക്കും പരിക്കോ ജീവഹാനിയോ സംഭവിച്ചിട്ടില്ലെന്നും വക്താവ് അറിയിച്ചു.

സ്ഫോടനത്തിന് പിന്നാലെ എമർജൻസി ടീമുകൾ സ്ഥലത്തെത്തുകയും സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കുകയും ചെയ്തു. രാജ്യത്തിന്റെ സുപ്രധാന താല്പര്യങ്ങൾ സംരക്ഷിക്കുന്നതിനും ഏത് തരം ശത്രു നീക്കങ്ങളെയും നേരിടുന്നതിനും നാഷണൽ ഗാർഡ് സർവ്വസജ്ജമാണെന്ന് ബ്രിഗേഡിയർ ജനറൽ ജദാൻ ഫാദൽ പ്രസ്താവനയിൽ വ്യക്തമാക്കി. രാജ്യത്തിന്റെ സുരക്ഷയിൽ വിട്ടുവീഴ്ചയുണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിചേർത്തു. ഇറാഖ്-ഇറാൻ അതിർത്തികളോട് ചേർന്നുനിൽക്കുന്ന ഗൾഫ് രാജ്യങ്ങളിൽ ഡ്രോൺ ആക്രമണങ്ങൾ വർദ്ധിക്കുന്നത് വലിയ ആശങ്കയാണ് ഉണ്ടാക്കുന്നത്. ഇസ്‌ലാമാബാദിൽ സമാധാന ചർച്ചകൾ പുരോഗമിക്കുന്നതിനിടയിലാണ് കുവൈത്തിന് നേരെ ഇത്തരമൊരു ആക്രമണം ഉണ്ടായതെന്നത് ശ്രദ്ധേയമാണ്.

ലബനൻ സർക്കാറുമായി ചർച്ചയ്ക്ക് ഇസ്രായേൽ

അതേസമയം, ഇസ്രായേലും ലബനനും തമ്മിലുള്ള പതിറ്റാണ്ടുകൾ നീണ്ട ശത്രുതയ്ക്ക് അറുതി വരുത്താൻ ലക്ഷ്യമിട്ടുള്ള നേരിട്ടുള്ള സമാധാന ചർച്ചകൾക്ക് തുടക്കമാകുന്നു. ലബനൻ സർക്കാരിന്റെ നിരന്തരമായ അഭ്യർത്ഥന കണക്കിലെടുത്താണ് നേരിട്ടുള്ള ചർച്ചകൾക്ക് തയ്യാറാണെന്ന് ഇസ്രായേൽ പ്രഖ്യാപിച്ചത്. എന്നാൽ വെടിനിര്‍ത്തൽ പ്രഖ്യാപിക്കാതെയാണ് ഇസ്രായേൽ ചര്‍ച്ച പ്രഖ്യാപിച്ചത്. ലബനനിലെ കരുത്തരായ ഹിസ്ബുള്ള സായുധ സംഘത്തെ നിരായുധീകരിക്കുക എന്നതിനാണ് ഇസ്രായേൽ ചർച്ചയിൽ മുൻഗണന നൽകുന്നത്. ഇരുരാജ്യങ്ങളും തമ്മിൽ സുസ്ഥിരമായ സമാധാന ബന്ധം സ്ഥാപിക്കുന്നതിനെക്കുറിച്ചും ചർച്ചകൾ നടക്കും. ബെറൂട്ടിനെ സൈനിക മുക്തമാക്കാനുള്ള ലബനൻ പ്രധാനമന്ത്രിയുടെ ആഹ്വാനത്തെ നെതന്യാഹു സ്വാഗതം ചെയ്തു.

അമേരിക്കയും ഇറാനും തമ്മിലുള്ള താൽക്കാലിക വെടിനിർത്തൽ നിലവിൽ വന്നെങ്കിലും ലബനനിൽ ഇസ്രായേൽ ആക്രമണം തുടരുകയായിരുന്നു. ബുധനാഴ്ചയുണ്ടായ കനത്ത ആക്രമണത്തിൽ നൂറുകണക്കിന് ആളുകൾ കൊല്ലപ്പെട്ടത് വലിയ അന്താരാഷ്ട്ര പ്രതിഷേധത്തിന് കാരണമായിരുന്നു. ഇതിന് പിന്നാലെയാണ് നയതന്ത്ര ചർച്ചകൾക്ക് വഴിതുറക്കുന്നത്. ചർച്ചകൾക്ക് ഇസ്രായേൽ തയ്യാറാണെങ്കിലും, വെടിനിർത്തൽ പ്രാബല്യത്തിൽ വരാതെ ചർച്ചയ്ക്കില്ലെന്ന നിലപാടിലാണ് ഹിസ്ബുള്ള അനുകൂലികൾ. അതേസമയം, ചർച്ചകൾ നടക്കുമ്പോഴും ഹിസ്ബുള്ള കേന്ദ്രങ്ങൾക്ക് നേരെയുള്ള ആക്രമണം തുടരുമെന്ന് ഇസ്രായേൽ സൈന്യം വ്യക്തമാക്കിയിട്ടുണ്ട്. അമേരിക്കയിലെ ഇസ്രായേൽ സ്ഥാനപതി ചർച്ചകളിൽ രാജ്യത്തെ പ്രതിനിധീകരിക്കും.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'ഡ്രഗ് കൊടുത്ത് അവളെ ആരെങ്കിലും തട്ടിക്കൊണ്ട് പോയതാകും', കണ്ണീരോടെ ശ്രീനന്ദയുടെ അമ്മ, കാണാതായിട്ട് മൂന്ന് ദിവസം
ഇറാൻ യുദ്ധം; ട്രംപ്, ഇറാനിലേക്ക് കരസേനയെ അയക്കുമെന്ന പ്രവചനവുമായി 'ചൈനയുടെ നോസ്ട്രഡാമസ്' ജിയാങ് ഷുക്കിൻ