പരീക്ഷാക്കാലം കഴിഞ്ഞതിന്റെ ആഘോഷം, ആഡംബര കാറുകളിൽ മലയാളി വിദ്യാർത്ഥികളുടെ അഭ്യാസപ്രകടനം; നിയമലംഘകരെ നാടുകടത്താൻ തീരുമാനം

Published : Jan 02, 2026, 06:54 PM IST
Kuwait Traffic Violation

Synopsis

കുവൈത്തിലെ അബ്ബാസിയയിൽ ആഡംബര വാഹനങ്ങളിൽ അഭ്യാസപ്രകടനം നടത്തിയ മലയാളി വിദ്യാർത്ഥികളെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി. സ്കൂൾ പരീക്ഷ കഴിഞ്ഞതിൻ്റെ ആഘോഷത്തിനിടെയായിരുന്നു സംഭവം.  ഇവരെ നാടുകടത്താൻ കുവൈത്ത് ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചു.

കുവൈത്ത് സിറ്റി: ജലീബ് അൽ ഷുയൂഖ് മേഖലയിലെ അബ്ബാസിയയിൽ ആഡംബര വാഹനങ്ങൾ ഉപയോഗിച്ച് റോഡിൽ അഭ്യാസപ്രകടനം നടത്തിയ മലയാളി വിദ്യാർത്ഥികളെ കുവൈത്ത് സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി. വാഹനം ഓടിച്ചവരെ അറസ്റ്റ് ചെയ്യുകയും വാഹനങ്ങൾ കണ്ടുകെട്ടുകയും ചെയ്തു. സ്കൂളിലെ ഒന്നാം സെമസ്റ്റർ പരീക്ഷകൾ അവസാനിച്ചതിന്റെ ആഘോഷത്തിന്റെ ഭാഗമായാണ് വിദ്യാർത്ഥികൾ ഒത്തുചേർന്നതെന്ന് കണ്ടെത്തിയിരുന്നു. റോഡിൽ അപകടകരമായ രീതിയിൽ അഭ്യാസപ്രകടനം നടത്തിയ യുവാക്കളെ കുവൈത്തിൽ നിന്ന് നാടുകടത്താൻ ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചു. പൊതുജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയുയർത്തുന്ന ഇത്തരം നിയമലംഘനങ്ങൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം.

വാടകയ്‌ക്കെടുത്ത അത്യാധുനിക ആഡംബര വാഹനങ്ങൾ ഉപയോഗിച്ച് അബ്ബാസിയയിലെ ഉൾറോഡുകളിൽ അതിവേഗത്തിൽ വണ്ടിയോടിക്കുകയും ഗതാഗത നിയമങ്ങൾ കാറ്റിൽപ്പറത്തി അഭ്യാസപ്രകടനം നടത്തുകയും ചെയ്ത യുവാക്കളുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട സുരക്ഷാ വിഭാഗം നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. ഒരു സ്വകാര്യ സ്കൂളിലെ പരീക്ഷാകാലം അവസാനിച്ചതിന്റെ ആഘോഷമായാണ് ഇവർ റോഡിലിറങ്ങിയതെന്ന് കണ്ടെത്തിയിട്ടുണ്ട്.

പൊതുസുരക്ഷ അപകടത്തിലാക്കുന്ന ഇത്തരം പ്രവൃത്തികൾ ഒരുതരത്തിലും അംഗീകരിക്കാനാവില്ലെന്ന് ആഭ്യന്തര മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കി. പിടിയിലായവരുടെ താമസരേഖകൾ റദ്ദാക്കി അവരെ നാടുകടത്താനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ട്രാഫിക് നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ 'സീറോ ടോളറൻസ്' നയമാണ് മന്ത്രാലയം പിന്തുടരുന്നത്. നിയമം ലംഘിക്കുന്ന വിദേശികൾക്ക് കുവൈത്തിൽ തുടരാൻ അനുവാദമുണ്ടാകില്ലെന്ന ശക്തമായ മുന്നറിയിപ്പാണ് ഈ നടപടിയിലൂടെ സർക്കാർ നൽകുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഇറാന് ട്രംപിന്‍റെ മുന്നറിയിപ്പ്, 'പ്രതിഷേധക്കാരെ വെടിവെച്ചാൽ രക്ഷിക്കാൻ അമേരിക്കയെത്തും, അമേരിക്കൻ സൈന്യം തയ്യാർ'
'മുള്ള് തൊണ്ടയിൽ കുടുങ്ങില്ല, ഇത് ചൈനയുടെ ഉറപ്പ്', മുള്ളില്ലാ മത്സ്യത്തെ വികസിപ്പിച്ച് ചൈന