
ഒട്ടാവ: പരിശീലന പറക്കലിനിടെ രണ്ട് ചെറുവിമാനങ്ങൾ കൂട്ടിയിടിച്ച് മലയാളി വിദ്യാർത്ഥി പൈലറ്റ് ഉൾപ്പെടെ രണ്ടുപേർ മരിച്ചു. കാനഡയിലെ ടൊറന്റോയിലുള്ള ഇന്ത്യൻ കോൺസുലേറ്റ് ജനറൽ ബുധനാഴ്ചയാണ് സംഭവം അറിയിച്ചത്. ചൊവ്വാഴ്ച രാവിലെ കാനഡയിലെ തെക്കൻ മാനിറ്റോബയിലെ സ്റ്റെയിൻബാക്ക് സൗത്ത് എയർപോർട്ടിന് സമീപമുള്ള ഹാർവ്സ് എയർ പൈലറ്റ് സ്കൂൾ ഉപയോഗിക്കുന്ന റൺവേയിൽ നിന്ന് ഏകദേശം 400 മീറ്റർ അകലെയായിരുന്നു അപകടം.
മരിച്ച പൈലറ്റുമാരെ കേരളത്തിൽ നിന്നുള്ള ശ്രീഹരി സുകേഷ് (21), അദ്ദേഹത്തിൻ്റെ സഹപാഠിയും കനേഡിയൻ പൗരനുമായ സവന്ന മേ റോയസ് (20) എന്നിവരാണെന്ന് തിരിച്ചറിഞ്ഞു. "അഗാധമായ ദുഃഖത്തോടെ ഞങ്ങൾ ശ്രീഹരി സുകേഷിൻ്റെ ദാരുണമായ വിയോഗത്തിൽ അനുശോചിക്കുന്നു. മാനിറ്റോബയിലെ സ്റ്റെയിൻബാക്കിന് സമീപം നടന്ന വിമാന കൂട്ടിയിടിയിൽ ജീവൻ നഷ്ടപ്പെട്ട ഒരു യുവ ഇന്ത്യൻ വിദ്യാർത്ഥി പൈലറ്റാണ് അദ്ദേഹം. അദ്ദേഹത്തിൻ്റെ കുടുംബത്തിന് ഞങ്ങളുടെ അഗാധമായ അനുശോചനം അറിയിക്കുന്നു. ആവശ്യമായ എല്ലാ സഹായങ്ങളും നൽകും. കോൺസുലേറ്റ് ദുരിതബാധിത കുടുംബവുമായും പൈലറ്റ് പരിശീലന സ്കൂളുമായും പ്രാദേശിക പോലീസുമായും ബന്ധപ്പെടുന്നുണ്ട്" എന്നും ടൊറന്റോയിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ എക്‌സിൽ കുറിച്ചു.
പ്രാദേശിക മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, ശ്രീഹരിക്ക് ഇതിനോടകം പ്രൈവറ്റ് പൈലറ്റ് ലൈസൻസ് ലഭിച്ചിരുന്നു. കൊമേഴ്‌സ്യൽ പൈലറ്റ് സർട്ടിഫിക്കേഷനായുള്ള പരിശീലനത്തിലായിരുന്നു അദ്ദേഹം. അപകടസമയത്ത്, രണ്ട് വിദ്യാർത്ഥി പൈലറ്റുമാർ സെസ്ന സിംഗിൾ എഞ്ചിൻ വിമാനങ്ങളിൽ ടേക്ക്ഓഫും ലാൻഡിംഗും പരിശീലിക്കുകയായിരുന്നുവെന്ന് ഹാർവ്സ് എയർ പൈലറ്റ് പരിശീലന സ്കൂളിന്റെ പ്രസിഡൻ്റ് ആദം പെന്നർ അറിയിച്ചു. പലരുടെയും ജീവിതസ്വപ്നമാണ് വിമാനം പറത്തുക എന്നത്. അത്തരമൊരു സ്വപ്നം നെഞ്ചിലേറ്റി, അതിനായുള്ള കഠിന പരിശീലനത്തിനിടെയാണ് ശ്രീഹരിയെ മരണം തട്ടിയെടുത്തത്.