
ക്വാലാലംപൂര്‍: മലേഷ്യയിൽ ഭീകരസംഘടനായ ഇസ്ലാമിക് സ്റ്റേറ്റിന്റെ ഘടകം തകർത്തെന്ന് മലേഷ്യൻ പൊലീസ്. ഐഎസിലേക്ക് ബംഗ്ലാദേശി പ്രവാസി സമൂഹത്തിൽ നിന്നാണ് അംഗങ്ങളെ സോഷ്യൽ മീഡിയ വഴിയും വാട്ട്‌സ്ആപ്പ്, ടെലിഗ്രാം പോലുള്ള മെസഞ്ചർ ആപ്ലിക്കേഷനുകൾ വഴിയും റിക്രൂട്ട് ചെയ്തിരുന്നതെന്ന് ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് ദാതുക് സെരി മുഹമ്മദ് ഖാലിദ് ഇസ്മായിൽ പറഞ്ഞു. ബംഗ്ലാദേശിലും സിറിയയിലും ഐഎസിന് ധനസഹായം നൽകുന്നതിനായി അന്താരാഷ്ട്ര ബാങ്ക് ട്രാൻസ്ഫർ സേവനങ്ങളിലൂടെയും ഇ-വാലറ്റുകളിലൂടെയുമാണ് പണം സ്വരൂപിച്ചത്. വാർഷിക അംഗത്വ ഫീസായി ഓരോ വ്യക്തിയിൽ നിന്നും 500 റിം വീതം അവർ പിരിച്ചെടുത്തതായി ഉദ്യോഗസ്ഥൻ പറഞ്ഞു.
മുസ്ലീം ഭൂരിപക്ഷ പ്രദേശമായ മലേഷ്യ, ബംഗ്ലാദേശി പ്രവാസികളുടെ ഇഷ്ടരാജ്യങ്ങളിലൊന്നാണ്. ഐസിസ് ശൃംഖലയിൽ ഒരു മലേഷ്യക്കാരനും ഉൾപ്പെട്ടിട്ടില്ലെന്ന് ഐജിപി ഇസ്മായിൽ പറഞ്ഞു. മലേഷ്യ ഐഎസിന്റെ ലക്ഷ്യമല്ലെന്നും റിക്രൂട്ട്‌മെന്റിനും ധനസഹായത്തിനുമുള്ള ഒരു സ്ഥലമായി മാത്രമാണ് ഉപയോഗിച്ചിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഫാക്ടറികളിലും നിർമ്മാണ സ്ഥലങ്ങളിലും സേവന മേഖലയിലും ജോലി ചെയ്തിരുന്ന 25 നും 35 നും ഇടയിൽ പ്രായമുള്ള 36 ബംഗ്ലാദേശികളെ അധികൃതർ പിടികൂടിയിട്ടുണ്ട്. ഏപ്രിൽ 28 ന് സെലാങ്കൂരിൽ ആറ് പേരെയും തുടർന്ന് മെയ് 7 ന് ജോഹോറിൽ 14 പേരെയും അറസ്റ്റ് ചെയ്തു.
ജൂൺ 19 നും 21 നും ഇടയിൽ, വിവിധ സ്ഥലങ്ങളിൽ നിന്ന് 16 പേരെ കൂടി അറസ്റ്റ് ചെയ്തു. ഇവരിൽ അഞ്ച് പേർക്കെതിരെ ഭീകര സംഘടനയിൽ അംഗങ്ങളാണെന്ന് കുറ്റം ചുമത്തി. 15 പേരെ ബംഗ്ലാദേശിലേക്ക് നാടുകടത്തും. ശേഷിക്കുന്ന 16 തൊഴിലാളികളെക്കുറിച്ച് ഇപ്പോഴും അന്വേഷണം നടക്കുകയാണെന്നും കൂടുതൽ പേരെ അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ടെന്നും ഇൻസ്പെക്ടർ ജനറൽ പറഞ്ഞു.