യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനെതിരെ എപ്സ്റ്റീൻ രേഖയിൽ ഉൾപ്പെട്ട ബലാത്സംഗ ആരോപണം അസത്യമാണെന്ന് യുഎസ് നീതിന്യായ വകുപ്പ് . ചൊവ്വാഴ്ച പുറത്തുവിട്ട പുതിയ രേഖകളിലാണ് ട്രംപും എപ്സ്റ്റീനും യുവതിയെ ബലാത്സംഗം ചെയ്തുവെന്ന പരാമർശം ഉണ്ടായിരുന്നത്.
വാഷിങ്ടണ്‍: യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് യുവതിയെ ബലാത്സംഗം ചെയ്തെന്ന എപ്സ്റ്റീൻ ഫയലിലെ പരാമർശം തള്ളി നീതിന്യായ വകുപ്പ്. സ്ഥിരീകരിക്കാൻ സാധിക്കാത്ത ആരോപണമെന്ന രീതിയിലാണ് ട്രംപിനെതിരായ ബലാത്സംഗ ആരോപണം എപ്സ്റ്റീനിൽ ഉൾപ്പെട്ടത്. ഈ ആരോപണം ശരിയല്ലെന്നാണ് ജസ്റ്റിസ് ഡിപ്പാർട്ട്മെന്റ് വ്യക്തമാക്കിയത്.
ട്രംപ് വർഷങ്ങൾക്ക് മുൻപ് ഒരു സ്ത്രീയെ ബലാത്സംഗം ചെയ്തുവെന്നാണ് പരാമർശം. ചൊവ്വാഴ്ചയാണ് എപ്സ്റ്റീനുമായി ബന്ധപ്പെട്ട കൂടുതൽ രേഖകൾ യുഎസ് നീതിന്യായ വകുപ്പ് പുറത്ത് വിട്ടത്. ഇതിൽ ഫെഡറൽ അന്വേഷണ സംഘങ്ങൾക്ക് നൽകിയ മൊഴികളും ഉൾപ്പെട്ടിരുന്നു. ഇതിലാണ് ട്രംപിനെതിരായ ആരോപണം ഉൾപ്പെടുന്നത്. ട്രംപും എപ്സ്റ്റീനും ബലാത്സംഗം ചെയ്തുവെന്നാണ് യുവതിയുടെ ആരോപണം. ഇതുസംബന്ധിച്ച് ഒരു ഡ്രൈവറും മൊഴി നൽകിയിട്ടുണ്ട്. യുവതിയെ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട് ട്രംപും എപ്സ്റ്റീനും തമ്മിൽ ചർച്ച നടത്തുന്നത് താൻ കേട്ടുവെന്നാണ് മൊഴി. എന്നാൽ ഈ മൊഴികളിൽ എഫ്ബിഐ തുടർ പരിശോധന നടത്തിയോയെന്ന് വ്യക്തമല്ല.
30000ത്തോളം രേഖകളാണ് എപ്സ്റ്റീനുമായി ബന്ധപ്പെട്ട് പുറത്തുവിട്ടത്. 2020 ലെ തെരഞ്ഞെടുപ്പിന് മുമ്പാണ് ഈ രേഖകൾ എഫ്ബിഐക്ക് മുമ്പാകെ സമർപ്പിക്കപ്പെട്ടത്. ഇത് പൂർണമായും അസത്യമാണെന്നാണ് യുഎസ് നീതിന്യായ വകുപ്പ് വ്യക്തമാക്കിയത്.
ട്രംപ് തെറ്റ് ചെയ്തതായി സംശയമുണ്ടെന്നോ ഇതു സംബന്ധിച്ച് അന്വേഷണം നടന്നുവെന്നോ ഫെഡറൽ നിയമ നിർവ്വഹണ ഏജന്റുമാരോ പ്രോസിക്യൂട്ടർമാരോ ഫയലുകളിൽ ഒരിടത്തും പറയുന്നില്ലെന്ന് നീതിന്യായ വകുപ്പ് ഊന്നിപ്പറഞ്ഞു. അതേസമയം യുഎസ് ഡിപ്പാർട്ട്മെന്‍റ് പേര് വെളിപ്പെടുത്തിയെന്ന് ആരോപിച്ച് അതിജീവിത രംഗത്തെത്തി. 2009ലാണ് അതിജീവിത എപ്സ്റ്റീനിന്റെ അതിക്രമത്തിനിരയായത്. വൈകാതെ അവർ എഫ്ബിഐക്ക് പരാതിയും നൽകി. കോടതി എപ്സ്റ്റീൻ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. എപ്സ്റ്റീനുമായി ബന്ധപ്പെട്ട രേഖകൾ പ്രസിദ്ധീകരിച്ചതിന് പിന്നാലെ, യുഎസ് നീതിന്യായ വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ നിന്ന് ഫയലുകൾ ദുരൂഹ സാഹചര്യത്തിൽ അപ്രത്യക്ഷമായെന്ന പരാതിയും ഉയർന്നു.
എന്താണ് ജെഫ്രി എപ്സ്റ്റീൻ ഫയൽ?
ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനെക്കുറിച്ചുള്ള അന്വേഷണവുമായി ബന്ധപ്പെട്ട് ഏറെ കാലമായി കാത്തിരുന്ന ചില ഫയലുകൾ പുറത്തുവിട്ടരിക്കുകയാണ് യുഎസ് നീതിന്യായ വകുപ്പ്. സമീപ ആഴ്ചകളിൽ പുറത്തിറക്കിയ മറ്റ് രേഖകളിൽ നിന്നും ഫോട്ടോകളിൽ നിന്നും വ്യത്യസ്തതമായ ഇവ എപ്സ്റ്റീൻ ഫയലുകൾ എന്നാണ് അറിയപ്പെടുന്നത്. സമ്മർദ്ദം ശക്തമായതോടെയാണ് ഈ ഫയലുകൾ നീതിന്യായ വകുപ്പ് പുറത്ത് വിട്ടത്. ജെഫ്രി എപ്സ്റ്റീനെതിരെ യുഎസ് നീതിന്യായ വകുപ്പ് നടത്തിയ രണ്ട് ക്രിമിനൽ അന്വേഷണങ്ങളുമായി ബന്ധപ്പെട്ട ഫയലുകളാണ് ആദ്യം പ്രസിദ്ധീകരിച്ചത്. നൂറുകണക്കിന് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ചതായാണ് ആരോപണം.
2006 ലാണ് എപ്സ്റ്റീൻ അറസ്റ്റിലായത്. 2009ൽ മോചിപ്പിക്കപ്പെട്ടെങ്കിലും 2019ൽ പിന്നെയും അറസ്റ്റിലായി. 2021 -ൽ കൂട്ടുപ്രതി ഗിസ്ലെയ്നും അറസ്റ്റിലായി. എപ്സ്റ്റീനെതിരായ പരാതിക്കാരി കോടതിയിലും മൊഴി നൽകിയിരുന്നു. പക്ഷേ 2025 ഏപ്രിലിൽ ഇവർ ജീവനൊടുക്കി. 2019ൽ എപ്സ്റ്റീനെ ജയിലിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കേസില്‍ ഉള്‍പ്പെട്ട എപ്സ്റ്റീന്‍റെ പെണ്‍സുഹൃത്തായ മാക്‌സ് വെല്ലിനെ കോടതി 20 വര്‍ഷം തടവിന് ശിക്ഷിച്ചിരുന്നു.


