
ന്യൂയോർക്ക്: നിതംബ സൗന്ദര്യം വർധിപ്പിക്കുന്നതിനായി ബ്രസീലിയൻ ബട്ട് ലിഫ്റ്റ് ശസ്ത്രക്രിയയ്ക്ക് വിധേയയായ യുഎസ് പൊലീസ് ഉദ്യോഗസ്ഥ മരിച്ചു. 26കാരിയായ വൈൽഡെലിസ് റോസ ആണ് മരണത്തിന് കീഴടങ്ങിയത്. ജന്മദിനത്തിന് പിറ്റേദിവസം, മാർച്ച് 23നായിരുന്നു മരണം. ഇപ്പോഴാണ് വിവരങ്ങൾ പുറത്തുവന്നത്. മാർച്ച് 19 ന് സൗത്ത് ഫ്ലോറിഡയിലെ പ്രെസ്റ്റീജ് പ്ലാസ്റ്റിക് സർജറി ക്ലിനിക്കിലായിരുന്നു ശസ്ത്രക്രിയ. ഡോക്ടർമാർ അവളുടെ ശരീരത്തിന് ചുറ്റുമുള്ള 12 വ്യത്യസ്ത ഭാഗങ്ങളിൽ നിന്ന് കൊഴുപ്പ് എടുത്ത് നിതംബത്തിലേക്ക് കുത്തിവച്ചു. ശസ്ത്രക്രിയയ്ക്കായി റോസ 7,495 ഡോളർ (ഏകദേശം 641,000 രൂപ) നൽകി.
മാർച്ച് 23 ന്, കൂടെ താമസിച്ച സുഹൃത്താണ് റോസ കുളിമുറിയിൽ വീണുകിടക്കുന്നതായി കണ്ടത്. സിപിആർ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സർജറിക്ക് ശേഷം റോസ കടുത്ത വേദന അനുഭവിച്ചിരുന്നതായി പറയുന്നു. സൗന്ദര്യവർദ്ധക ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട രക്തം കട്ടപിടിച്ചതിനെത്തുടർന്നുണ്ടായ പൾമണറി എംബോളിസമാണ് മരണകാരണമെന്ന് മിയാമി-ഡേഡ് മെഡിക്കൽ എക്‌സാമിനർ അറിയിച്ചു.
ശസ്ത്രക്രിയയ്ക്ക് തൊട്ടടുത്ത ദിവസം റോസ തുടർചികിത്സയ്ക്കായി പോയെന്നുംഅതിശക്തമായ വേദന അനുഭവപ്പെട്ടെന്നും റോസയുടെ സുഹൃത്ത് പറഞ്ഞു. ശ്വസിക്കാൻ ബുദ്ധിമുട്ടിയെന്നും രക്തസമ്മർദ്ദം കുറഞ്ഞുവെന്നും അവർ വ്യക്തമാക്കി. മരിക്കുന്നതിന് തലേദിവസം, റോസ വിളറിയതായി കാണപ്പെട്ടു, കൃഷ്ണമണികൾ വിടർന്നിരുന്നു. ചുണ്ടുകൾ പർപ്പിൾ നിറത്തിലായി. കൈകാലുകളിൽ സംവേദന ക്ഷമത നഷ്ടപ്പെട്ടു. കുവൈറ്റിൽനിന്ന് യുഎസ് ആർമി റിസർവിസ്റ്റായി പരിശീലനം പൂർത്തിയാക്കി തിരിച്ചെത്തിയിട്ട് അധികകാലമായിട്ടില്ല. കഴിഞ്ഞ മൂന്നര വർഷത്തിനിടെ കോസ്‌മെറ്റിക് നടപടിക്രമങ്ങളിലെ സങ്കീർണതകൾ കാരണം 25 മരണങ്ങൾ മിയാമി-ഡേഡ് മെഡിക്കൽ എക്‌സാമിനർ ഓഫീസ് റിപ്പോർട്ട് ചെയ്തിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam