ബംഗ്ലാദേശിന്റെ പരമാധികാരത്തെ ഇന്ത്യ ആക്രമിച്ചാൽ സൈനികമായി പ്രതികാരം ചെയ്യുമെന്ന് പാക് യുവജന നേതാവ് കമ്രാൻ സയീദ് ഉസ്മാനി ഭീഷണി മുഴക്കി.
ഇസ്ലാമാബാദ്: ഇന്ത്യക്കെതിരെ ഭീഷണിയുമായി പാകിസ്ഥാനിലെ യുവജന നേതാവ്. ബംഗ്ലാദേശിന്റെ പരമാധികാരത്തിന് ഭീഷണിയുണ്ടായാൽ സൈനികമായി പ്രതികാരം ചെയ്യുമെന്നാണ് പാക് മുസ്ലിം ലീഗിന്റെ യുവജന വിഭാഗ നേതാവായ കമ്രാൻ സയീദ് ഉസ്മാനി പറഞ്ഞത്. 'പാക് സായുധ സേനയും മിസൈലുകളും വിദൂര'മല്ലെന്ന് ഓർമ്മിക്കണം എന്നാണ് പരാമർശം.
"ഇന്ത്യ ബംഗ്ലാദേശിന്‍റെ പരമാധികാരത്തെ ആക്രമിച്ചാൽ, പാകിസ്ഥാനിലെ ജനങ്ങളും പാക് സായുധ സേനയും നമ്മുടെ മിസൈലുകളും വിദൂരമല്ലെന്ന് ഓർമ്മിക്കുക" എന്നാണ് കമ്രാൻ സയീദ് ഉസ്മാനി പറഞ്ഞത്. പ്രദേശത്തെ ഇന്ത്യയുടെ നീക്കങ്ങളിൽ യുവാക്കൾ ജാഗ്രത പുലർത്തുന്നുണ്ടെന്ന് കമ്രാൻ സയീദ് അവകാശപ്പെട്ടു. ഇന്ത്യയുടെ 'അഖണ്ഡ ഭാരത പ്രത്യയശാസ്ത്രം' ബംഗ്ലാദേശിൽ അടിച്ചേൽപ്പിക്കാനുള്ള ഏതൊരു ശ്രമത്തെയും പാകിസ്ഥാൻ ചെറുക്കുമെന്നും പറഞ്ഞു. ബംഗ്ലാദേശിൽ മുഹമ്മദ് യൂനുസിന്‍റെ നേതൃത്വത്തിൽ ഇടക്കാല സർക്കാർ അധികാരത്തിൽ വന്നതോടെ പാകിസ്ഥാനുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന് ഊന്നൽ നൽകിയിട്ടുണ്ട്. ബംഗ്ലാദേശും പാകിസ്ഥാനും കൂടുതൽ യുവജന, സാംസ്കാരിക പരിപാടികൾ നടത്തി ബന്ധം ദൃഢമാക്കണമെന്നും കമ്രാൻ സയീദ് ഉസ്മാനി പറഞ്ഞു.
ധാക്കയിൽ നടന്ന റാലിയിൽ നാഷണൽ സിറ്റിസൺ പാർട്ടി (എൻസിപി) നേതാവായ ഹസ്നത്ത് അബ്ദുള്ളയും ഭീഷണി മുഴക്കി. 'ബംഗ്ലാദേശിന്റെ പരമാധികാരത്തെയും മനുഷ്യാവകാശങ്ങളെയും മാനിക്കാത്തവർക്ക് അഭയം നൽകിയാൽ ബംഗ്ലാദേശ് പ്രതികരിക്കുമെന്ന് ഇന്ത്യയോട് വ്യക്തമായി പറയാൻ താൻ ആഗ്രഹിക്കുന്നു' എന്നാണ് ഹസ്നത്ത് അബ്ദുള്ള പറഞ്ഞത്. "ബംഗ്ലാദേശ് അസ്ഥിരപ്പെട്ടാൽ പ്രതിരോധത്തിന്റെ അഗ്നി അതിർത്തികൾക്കപ്പുറത്തേക്ക് പടരും. ഞങ്ങളെ അസ്ഥിരപ്പെടുത്തുന്നവർക്ക് അഭയം നൽകിയാൽ വിഘടനവാദികൾക്കും ഞങ്ങളും അഭയം നൽകും" എന്നും ഹസ്നത്ത് അബ്ദുള്ള പറഞ്ഞു.
ബംഗ്ലാദേശിൽ യുവ നേതാവ് ഷെരീഫ് ഒസ്മാൻ ഹാദിയുടെ കൊലപാതകത്തെ തുടർന്നുണ്ടായ കലാപത്തിന് പിന്നാലെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ വീണിരിക്കുകയാണ്. ബംഗ്ലാദേശിൽ ഹിന്ദു ന്യൂനപക്ഷത്തിൽ പെട്ട ദിപു ചന്ദർ ദാസ് കൊല്ലപ്പെട്ട സംഭവത്തിൽ ഇന്ത്യ ആശങ്ക അറിയിച്ചിരുന്നു. എന്നാൽ ഇതിനോട് യോജിക്കാത്ത മറുപടിയാണ് ബംഗ്ലാദേശ് നല്കിയത്. ന്യൂനപക്ഷങ്ങൾക്കെതിരായ അക്രമം ആയി ദിപു ചന്ദ്ര ദാസിൻറെ കൊലപാതകത്തെ കാണേണ്ടതില്ലെന്ന് ബംഗ്ലാദേശ് പ്രസ്താവന പറയുന്നു. ഇതോടൊപ്പം ന്യൂനപക്ഷങ്ങളെ സംരക്ഷിക്കാൻ എല്ലാ രാജ്യങ്ങൾക്കും ബാധ്യതയുണ്ടെന്ന് ഇന്ത്യയ്ക്കെതിരായ പരോക്ഷ വിമർശനവും ബംഗ്ലാദേശ് നടത്തി. ബംഗ്ലാദേശ് ഇടക്കാല സർക്കാർ ഇന്ത്യാ വിരുദ്ധ വികാരം നിലനിർത്താനാണ് ഇത്തരം നിലപാട് സ്വീകരിക്കുന്നതെന്ന് സർക്കാർ വൃത്തങ്ങൾ വിലിരുത്തുന്നു.
ഹാദിയുടെ കൊലയാളികൾ ഇന്ത്യയിലേക്ക് കടന്നു എന്ന് ഇടക്കാല സർക്കാരിലെ ചിലർ പ്രചരിപ്പിച്ചതാണ് ഇന്ത്യ വിരുദ്ധ പ്രകടനങ്ങൾക്ക് ഇടയാക്കിയത്. എന്നാൽ ബംഗ്ലാദേശ് പൊലീസ് തന്നെ ഈ വാദം തള്ളി. ഒരു തെളിവും ഇതിനില്ല എന്നാണ് ബംഗ്ലാദേശ് സ്പെഷ്യൽ ബ്രാഞ്ച് മേധാവി ഖൻഡേക്കർ റഫീഖുൽ ഇസ്ലാം പ്രതികരിച്ചത്.


