
ഒട്ടാവ: കാനഡയിൽ 21 വയസ്സുള്ള ഇന്ത്യൻ വിദ്യാർഥിനി ഹർസിമ്രത് രൺധാവയുടെ കൊലപാതകത്തിൽ പ്രതിയെ അറസ്റ്റ് ചെയ്തതായി പൊലീസ്. സംഭവത്തിൽ ഒന്റാറിയോയിലെ നയാഗ്ര വെള്ളച്ചാട്ടത്തിൽ വെച്ച് 32 കാരനായ ജെർഡൈൻ ഫോസ്റ്ററിനെ ഹാമിൽട്ടൺ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ മൂന്ന് കൊലപാതകശ്രമ കുറ്റങ്ങളും ചുമത്തിയെന്ന് ആക്ടിംഗ് ഡിറ്റക്ടീവ്-സർജന്റ് ഡാരിൽ റീഡിനെ ഉദ്ധരിച്ച് സിബിസി ന്യൂസ് റിപ്പോർട്ട് ചെയ്തു.
മൊഹാക്ക് കോളേജിൽ ഫിസിയോതെറാപ്പി രണ്ടാം വർഷ വിദ്യാർത്ഥിനിയായ രൺധാവ ഏപ്രിൽ 17 ന് അപ്പർ ജെയിംസ് സ്ട്രീറ്റും സൗത്ത് ബെൻഡ് റോഡും ചേരുന്ന കവലയിലെ ബസ് സ്റ്റോപ്പിന് സമീപം നിൽക്കുമ്പോഴാണ് വെടിയേറ്റത്. ഗുരുതരമായി പരിക്കേറ്റ അവർ ആശുപത്രിയിൽ വച്ച് മരിച്ചു. ബസിൽ നിന്നിറങ്ങി തെരുവ് മുറിച്ചുകടക്കാൻ കാത്തിരിക്കുമ്പോഴാണ് ഇന്ത്യൻ വിദ്യാർത്ഥിനിക്ക് വെടിയേറ്റതെന്ന് റിപ്പോർട്ടുണ്ട്. രണ്ട് സംഘങ്ങൾ ഏറ്റുമുട്ടുന്നതിനിടെ അബദ്ധത്തിൽ ഹർസിമ്രത്തിന് വെടിയേൽക്കുകയായിരുന്നു. ജിമ്മിൽ നിന്ന് വീട്ടിലേക്ക് മടങ്ങാൻ ശ്രമിക്കുമ്പോഴാണ് കൊല്ലപ്പെട്ടതെന്നും കേസിൽ മറ്റ് അറസ്റ്റുകളൊന്നും രേഖപ്പെടുത്തിയിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി.
അന്വേഷണം ഇപ്പോഴും തുടരുകയാണ്. ഈ മരണത്തിൽ ഉൾപ്പെട്ട എല്ലാവരെയും തിരിച്ചറിയാനും കണ്ടെത്താനും അറസ്റ്റ് ചെയ്യാനും ഞങ്ങളുടെ പരമാവധി ശ്രമിക്കുമെന്ന് റീഡ് പറഞ്ഞു.