
റിയാദ്: അമ്മ മരിച്ചതറിഞ്ഞ് നാട്ടിലേക്ക് പോയ പ്രവാസി മലയാളിയും മരിച്ചു. ദമ്മാം നവോദയ റാക്ക ഏരിയ പ്രസിഡൻറും ഖോബാർ റീജനൽ കമ്മിറ്റി അംഗവും സാംസ്കാരിക കമ്മിറ്റി കൺവീനറുമായ തൃശ്ശൂർ തലക്കോട്ടുക്കര സ്വദേശി അനിൽകുമാറിെൻറ ആകസ്മിക വിയോഗത്തിൽ ഞെട്ടിയിരിക്കുകയാണ് ദമ്മാമിലെയും ഖോബാറിലെയും പ്രവാസി സുഹൃത്തുക്കൾ.
ജനുവരി നാലിന് ഞായറാഴ്ചയാണ് അനിൽകുമാറിന്റെ അമ്മ കാർത്ത്യായനി വാർദ്ധക്യ സഹജമായ അസുഖം മൂലം മരിച്ചത്. മരണവിവരമറിഞ്ഞ് അന്നുതന്നെ അനിൽകുമാർ നാട്ടിലേക്ക് തിരിച്ചിരുന്നു. അമ്മയുടെ മരണാനന്തരം നടന്ന മറ്റ് ചടങ്ങുകൾക്കു ശേഷം ജനുവരി ഒമ്പതിന് വൈകിട്ട് ഭാര്യയുമായി പുറത്തുപോയ അനിൽകുമാറിന് അടുത്തുള്ള പെട്രോൾ പമ്പിൽ വെച്ച് വാഹനത്തിൽ ഇന്ധനം നിറയ്ക്കുന്നതിനിടയിൽ നെഞ്ചുവേദന അനുഭവപ്പെടുകയും കുഴഞ്ഞുവീണ് മരിക്കുകയാണ് ഉണ്ടായത്. ദമ്മാമിലെ പ്രധാന സാംസ്കാരിക പ്രവർത്തകൻ എന്ന നിലയിലും എല്ലാവരോടും സൗമ്യമായും സ്നേഹത്തോടെയും പെരുമാറുന്ന വ്യക്തി എന്ന നിലയിലും വളരെ വലിയ സൗഹൃദ വലയത്തിന് ഉടമയായിരുന്നു അനിൽകുമാർ.
ദമ്മാമിലെ ഫോർത്ത് മില്ലിങ് കമ്പനിയിൽ ലൈത്ത് ഓപ്പറേറ്ററായിട്ടാണ് അനിൽകുമാർ ജോലി ചെയ്തിരുന്നത്. ആകസ്മികമായ വിയോഗത്തിൽ ദുഃഖം അടക്കാനാവാതെ വേദനിക്കുകയാണ് അനിൽകുമാറിെൻറ സുഹൃത്തുക്കളും സഹപ്രവർത്തകരും. സൗമ്യമായ പെരുമാറ്റം കൊണ്ടും സാമൂഹിക പ്രതിബദ്ധതയുള്ള ജീവിതം കൊണ്ടും പരിചയപ്പെടുന്നവരെയൊക്കെ ആകർഷിച്ച അനിൽകുമാറിെൻറ അപ്രതീക്ഷിതവും ആകസ്മികവുമായ അകാലത്തിലുള്ളതുമായ വിടവാങ്ങലിൽ ദമ്മാം നവോദയയും പ്രവാസി സമൂഹവും അനുശോചനം രേഖപ്പെടുത്തി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam