
ബേൺ:ബസിനുള്ളിൽ വച്ച് ശരീരത്തിൽ പെട്രോളൊഴിച്ച് തീ കൊളുത്തി യുവാവ്. സ്വിറ്റ്സർലൻഡിൽ ബസിനുള്ളിൽ നിന്നുണ്ടായ അഗ്നിബാധയിൽ ആറ് പേർ കൊല്ലപ്പെട്ടു. അഞ്ച് പേർക്ക് ഗുരുതര പൊള്ളലേറ്റും. ചൊവ്വാഴ്ച പ്രാദേശിക സമയം വൈകുന്നേരം 6.25ഓടെയാണ് സംഭവം. സ്വിറ്റ്സർലൻഡിലെ ഫ്രിബോർഗിലെ കെർസർസിലാണ് യുവാവ് ബസിനുള്ളിൽ ശരീരത്തിൽ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയത്. നിമിഷ നേരത്തിനുള്ളിൽ തീ ബസിലേക്ക് പടർന്ന് പിടിക്കുകയായിരുന്നു. പോസ്റ്റൽ സർവ്വീസിന്ററെ ഉടമസ്ഥതയിലുള്ള ബസിലാണ് അഗ്നിബാധയുണ്ടായത്. മനുഷ്യരാലുണ്ടായ അഗ്നിബാധയെന്നാണ് സംഭവത്തെ പൊലീസ് വിലയിരുത്തുന്നത്. അഗ്നിബാധയുടെ ദൃശ്യങ്ങളും സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചിട്ടുണ്ട്. സംഭവത്തിൽ ബസ് പൂർണമായും കത്തിനശിച്ചു. ഡൂഡിംഗനിൽ നിന്ന് കെർസർസിലേക്ക് പോവുകയായിരുന്ന ബസിലാണ് അപകടമുണ്ടായത്.
അവസാന സ്റ്റോപ്പിന് തൊട്ട് മുൻപാണ് അഗ്നിബാധ. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. സ്വയം പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ ആൾ സംഭവത്തിൽ മരിച്ചോയെന്നതിൽ ഇനിയും സ്ഥിരീകരണം ആയിട്ടില്ല. സംഭവ സ്ഥലത്ത് നിന്ന് ആളുകളോട് മാറണമെന്നും മേഖലയിലേക്ക് എത്തരുതെന്നും പൊലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാൻ ഹെലികോപ്ടർ അടക്കമുള്ള സംവിധാനങ്ങൾ ഉപയോഗിച്ചിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam