ജോലി കഴിഞ്ഞ് ഭർത്താവ് തിരികെയെത്തിയപ്പോൾ വീട് ശൂന്യം! സ്വർണവും ഫർണിച്ചറുമടക്കം കാണാനില്ല, പിന്നാലെ ഭാര്യയുടെ വാട്സാപ്പ് സന്ദേശവും

Published : Jul 01, 2026, 05:32 PM IST
divorce

Synopsis

ജോലി കഴിഞ്ഞ് ഫ്ലാറ്റിൽ തിരിച്ചെത്തിയ ഭർത്താവ് കണ്ടത് ശൂന്യമായ വീടാണ്. വിലപിടിപ്പുള്ള വസ്തുക്കളും സ്വർണ്ണവും നഷ്ടപ്പെട്ടതിനൊപ്പം ഭാര്യയെയും മകനെയും കാണാതായ ഇയാൾക്ക് രാത്രിയിൽ ലഭിച്ച വാട്സാപ്പ് സന്ദേശത്തിലൂടെയാണ് ഭാര്യ രാജ്യം വിട്ട വിവരം അറിയുന്നത്.

കുവൈത്ത് സിറ്റി: ജോലി കഴിഞ്ഞ് ഫ്ലാറ്റിൽ തിരിച്ചെത്തിയ ഭർത്താവ് കണ്ടത് ഫർണിച്ചറുകളും സ്വർണ്ണവുമടക്കം ഉണ്ടായിരുന്നതെല്ലാം നഷ്ടപ്പെട്ട് ശൂന്യമായി കിടക്കുന്ന വീടാണ്. ഒടുവിൽ രാത്രിയിൽ വന്ന ഒരൊറ്റ വാട്സാപ്പ് സന്ദേശത്തിലൂടെയാണ് ഭാര്യ തന്നെയും രാജ്യത്തെയും ഉപേക്ഷിച്ച് മകനുമായി കടന്നുകളഞ്ഞ വിവരം ഇയാൾ തിരിച്ചറിഞ്ഞത്. കുവൈത്തിലാണ് സംഭവം. 36 വയസുകാരനായ അറബ് പ്രവാസിക്ക് തന്റെ സാധാരണ പ്രവൃത്തിദിനം സമ്മാനിച്ചത് ജീവിതത്തിലൊരിക്കലും മറക്കാനാകാത്ത ആഘാതമാണ്.

ഹവല്ലി ഗവർണറേറ്റിലെ പൊലീസ് സ്റ്റേഷനിൽ ലഭിച്ച പരാതി പ്രകാരം സാധാരണ പോലെ രാവിലെ 6. 30ഓടെയാണ് യുവാവ് ജോലിക്ക് പോയത്. എന്നാൽ വൈകുന്നേരം 4 മണിക്ക് ശേഷം വീട്ടിൽ തിരിച്ചെത്തിയപ്പോൾ ഫ്ലാറ്റിലെ ഭൂരിഭാഗം ഫർണിച്ചറുകളും ഇലക്ട്രോണിക്സ് ഉപകരണങ്ങളും വിലപിടിപ്പുള്ള വ്യക്തിഗത സാധനങ്ങളും സ്വർണ്ണാഭരണങ്ങളും ഉൾപ്പെടെ അപ്രത്യക്ഷമായതായി കണ്ട് ഇയാൾ ഞെട്ടിപ്പോയി.

ഫ്ലാറ്റിൽ ഭാര്യയെയും ചെറിയ മകനെയും കാണാത്തതിനെ തുടർന്ന് ഇയാൾ വൈകുന്നേരം മുഴുവൻ ഭാര്യയെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഒടുവിൽ രാത്രി എട്ട് മണിയോടെ ഭാര്യയുടെ നമ്പറിൽ നിന്നും ഒരു വാട്സാപ്പ് സന്ദേശം ലഭിച്ചു. താൻ മകനെയും കൂട്ടി കുവൈത്ത് വിട്ടുവെന്നും, വിവാഹബന്ധം നിയമപരമായി വേർപെടുത്തുന്നതിനായുള്ള നടപടികൾ ആരംഭിക്കാൻ പോവുകയാണെന്നുമായിരുന്നു സന്ദേശം. താൻ വീട്ടിലില്ലാത്ത സമയം നോക്കി ഭാര്യ മുൻകൂട്ടി തയ്യാറാക്കിയ പദ്ധതി പ്രകാരം കാര്യങ്ങൾ നടപ്പിലാക്കുകയായിരുന്നുവെന്ന് ഭർത്താവ് പൊലീസിനോട് പറഞ്ഞു. ഏതാനും മണിക്കൂറുകൾക്കുള്ളിൽ വീട്ടിലെ ഭൂരിഭാഗം സാധനങ്ങളും ഫർണിച്ചറുകളും വിറ്റഴിച്ച ശേഷമാണ് ഇവർ കുഞ്ഞുമായി വിമാനത്താവളത്തിലേക്ക് പോയതും രാജ്യം വിട്ടതും. മകനെ കുവൈത്തിൽ നിന്ന് കൊണ്ടുപോകുന്നതിന് താൻ യാതൊരുവിധ അനുമതിയും നൽകിയിട്ടില്ലെന്നും വീട്ടിലെ വിലപിടിപ്പുള്ള വസ്തുക്കൾ ഇവർ മോഷ്ടിച്ചതായും പരാതിക്കാരൻ ആരോപിക്കുന്നു.

തങ്ങൾക്കിടയിൽ സാധാരണ ദാമ്പത്യ പ്രശ്നങ്ങളും അഭിപ്രായവ്യത്യാസങ്ങളും ഉണ്ടായിരുന്നുവെങ്കിലും, വീട് മുഴുവൻ ശൂന്യമാക്കി കുട്ടിയുമായി രാജ്യം വിടാനുള്ള അത്ര വലിയ പ്രശ്നങ്ങൾ ഒന്നും ഉണ്ടായിരുന്നില്ലെന്നാണ് പ്രവാസി യുവാവ് പറയുന്നത്. സംഭവത്തിൽ പൊലീസ് ഔദ്യോഗികമായി കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. യുവതി സാധനങ്ങൾ വിറ്റഴിച്ചതിനെക്കുറിച്ചും രാജ്യം വിട്ട സാഹചര്യങ്ങളെക്കുറിച്ചും സുരക്ഷാ ഉദ്യോഗസ്ഥർ വിശദമായ അന്വേഷണം ആരംഭിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പഠിപ്പിച്ചു കൊടുക്കാൻ അറിയാം, ചർച്ചക്കിടെ ഇറാന്‍റെ കനത്ത പരിഹാസം; വളർത്തുമൃഗങ്ങളുടെ വായ ട്രംപ് മൂടിക്കെട്ടണമെന്ന് കടുത്ത വാക്കുകൾ
തുടർച്ചയായ നാല് മാസത്തെ വർധനവ്; കുതിപ്പിന് ശേഷം കുറഞ്ഞ് ഇന്ധനവില, യുഎഇയിൽ പുതിയ നിരക്കുകൾ പ്രഖ്യാപിച്ചു