
കാഠ്മണ്ഡു: കാലാപാനി, ലിപുലേഖ്, ലിംപിയാധുര എന്നിവ ഉൾപ്പെടുത്തിയുള്ള പുതിയ ഭൂപടം ആലേഖനം ചെയ്ത 100 രൂപയുടെ കറൻസി നോട്ടുകൾ നേപ്പാൾ സെൻട്രൽ ബാങ്ക് വ്യാഴാഴ്ച പുറത്തിറക്കി. ഇന്ത്യയുടെ തങ്ങളുടെയെന്ന് അവകാശപ്പെടുന്ന പ്രദേശങ്ങൾ ഉൾപ്പെടുത്തിയ ഭൂപടം വലിയ വിവാദമായി മാറിയിരിക്കുകയാണ്. നേപ്പാൾ രാഷ്ട്ര ബാങ്ക് പുറത്തിറക്കിയ പുതിയ നോട്ടിൽ മുൻ ഗവർണർ മഹാ പ്രസാദ് അധികാരിയുടെ ഒപ്പാണുള്ളത്. 2020 മെയ് മാസത്തിൽ കെ പി ശർമ്മ ഒലി സർക്കാരാണ് ഈ പ്രദേശങ്ങൾ ഉൾപ്പെടുത്തി പുതിയ രാഷ്ട്രീയ ഭൂപടം അവതരിപ്പിച്ചത്.
പിന്നീട് ഇത് പാർലമെന്‍റ് അംഗീകരിക്കുകയും ചെയ്തു. അന്ന് ഇന്ത്യ ഇതിനെതിരെ ശക്തമായി പ്രതികരിക്കുകയും, ഇത് ഏകപക്ഷീയമായ നടപടി ആണെന്ന് വിശേഷിപ്പിക്കുകയും ചെയ്തിരുന്നു. പ്രദേശങ്ങളുടെ ഇത്തരത്തിലുള്ള കൃത്രിമ വിപുലീകരണം അംഗീകരിക്കില്ലെന്നും ഇന്ത്യ വ്യക്തമാക്കിയിരുന്നു. നേരത്തെ തന്നെ 100 രൂപ നോട്ടിൽ ഭൂപടം ഉണ്ടായിരുന്നുവെന്നും, സർക്കാർ തീരുമാനപ്രകാരം അത് പരിഷ്കരിച്ചതാണെന്നും എൻആർബി വക്താവ് വ്യക്തമാക്കി. 10, 50, 500, 1000 രൂപ തുടങ്ങിയ മറ്റ് നോട്ടുകളിൽ ഭൂപടം ഇല്ലെന്നും, 100 രൂപ നോട്ടിൽ മാത്രമാണ് നേപ്പാളിന്‍റെ ഭൂപടം ഉള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുൻവശം: ഇടതുവശത്ത് എവറസ്റ്റ് കൊടുമുടിയും വലതുവശത്ത് നേപ്പാളിന്‍റെ ദേശീയ പുഷ്പമായ റോഡോഡെൻഡ്രോണിന്‍റെ വാട്ടർമാർക്കും ഉണ്ട്. മധ്യഭാഗത്ത് പശ്ചാത്തലത്തിലായി നേപ്പാളിന്‍റെ ഇളം പച്ച നിറത്തിലുള്ള ഭൂപടം കാണാം. ഇതിനു സമീപം ശ്രീബുദ്ധന്റെ ജന്മസ്ഥലമായ ലുംബിനി എന്ന വാചകത്തോടൊപ്പം അശോകസ്തംഭവും അച്ചടിച്ചിട്ടുണ്ട്.
പിൻവശം: കൊമ്പുള്ള കാണ്ടാാമൃഗത്തിന്‍റെ ചിത്രമാണുള്ളത്.
കൂടാതെ, കാഴ്ചപരിമിതർക്ക് നോട്ട് തിരിച്ചറിയാനായി എംബോസ് ചെയ്ത കറുത്ത ഡോട്ടും സുരക്ഷാ ത്രെഡും ഇതിലുണ്ട്. ഇന്ത്യയിലെ സിക്കിം, പശ്ചിമ ബംഗാൾ, ബിഹാർ, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് എന്നീ അഞ്ച് സംസ്ഥാനങ്ങളുമായി നേപ്പാൾ 1850 കിലോമീറ്ററിലധികം അതിർത്തി പങ്കിടുന്നുണ്ട്. കാലാപാനി-ലിപുലേഖ്-ലിംപിയാധുര മേഖല വളരെക്കാലമായി സംഘർഷ പ്രദേശങ്ങളാണ്. ചരിത്ര രേഖകളും ഭരണ നിയന്ത്രണവും ഉദ്ധരിച്ച് ഇന്ത്യ ട്രൈ-ജംഗ്ഷൻ പ്രദേശം ഉത്തരാഖണ്ഡിലെ പിത്തോറഗഡ് ജില്ലയുടെ ഭാഗമാണെന്ന് അവകാശപ്പെടുന്നു. നേപ്പാൾ സ്വന്തം ചരിത്ര വ്യാഖ്യാനങ്ങൾ ആവര്‍ത്തിക്കുകയും ചെയ്യുന്നു.