
വാഷിങ്ടണ്‍: അമേരിക്കയിൽ വാഷിംങ്ടണിലെ വൈറ്റ് ഹൗസിന് സമീപത്ത് നടന്ന വെടിവയ്പ്പിൽ പരിക്കേറ്റ നാഷണൽ ഗാർഡ്സ് ഉദ്യോഗസ്ഥരിൽ ഒരാൾ മരിച്ചു. ആർമി സ്പെഷ്യലിസ്റ്റ് റാങ്കിലുള്ള സാറ ബെക്സ്ട്രോമാണ് മരിച്ചത്. തലയ്ക്ക് വെടിയേറ്റ രണ്ടാമത്തെ സൈനികന്‍റെ നില അതീവ ഗുരുതരമാണെന്ന് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് അറിയിച്ചു.
ഏറെ ബഹുമാനമുള്ള വ്യക്തി എന്നാണ് സാറ ബെക്സ്ട്രോമിനെ ട്രംപ് വിശേഷിപ്പിച്ചത്. യുഎസ് സൈനികരുമായി വീഡിയോ കോൾ ആരംഭിക്കുന്നതിന് തൊട്ടുമുമ്പാണ് താൻ അവരുടെ മരണ വിവരം അറിഞ്ഞതെന്ന് ട്രംപ് പറഞ്ഞു. പരിക്കേറ്റ മറ്റൊരു സൈനികൻ ജീവന് വേണ്ടി പൊരുതുകയാണെന്നും അദ്ദേഹത്തിൻ്റെ ആരോഗ്യ നില വളരെ മോശമാണെന്നും സൈനികരെ അഭിസംബോധന ചെയ്യവെ ട്രംപ് പറഞ്ഞു.
അഫ്ഗാൻ സ്വദേശിയായ 29കാരൻ റഹ്മാനുള്ള ലകാൻവാൽ ആണ് ആക്രമണം നടത്തിയതെന്ന് വ്യക്തമായി. 2021 ൽ ബൈഡൻ ഭരണകാലത്തെ 'ഓപ്പറേഷൻ അലൈസ് വെൽകം' പദ്ധതി വഴി യു എസിലെത്തിയതാണ് ഇയാളെന്നാണ് വിവരം. വൈറ്റ് ഹൗസിൽ നിന്ന് ഏറെ അകലെയല്ലാതെയുള്ള മെട്രോ സ്റ്റോപ്പിന് സമീപത്ത് വച്ചാണ് വെടിവയ്പുണ്ടായത്. പതിനഞ്ചോളം തവണയാണ് അക്രമി വെടിയുതിർത്തത്. നാഷണൽ ഗാർഡുകളുടെ നേരെയെത്തി അക്രമി വെടിവയ്ക്കുകയായിരുന്നു. രണ്ട് സൈനികർക്ക് ഗുരുതരമായി പരിക്കേറ്റെങ്കിലും അക്രമിയെ വേഗത്തിൽ കീഴ്പ്പെടുത്താൻ നാഷണൽ ഗാർഡുകൾക്ക് സാധിച്ചു.
സുരക്ഷാ ഉദ്യോഗസ്ഥർക്ക് വെടിയേറ്റതിന് പിന്നാലെ വൈറ്റ് ഹൗസിന് സുരക്ഷ കൂട്ടി. ആക്രമണം നടത്തിയ അഫ്ഗാൻ പൗരന്റെ വീട്ടിൽ പരിശോധന നടത്തി. നിരവധി ഇലക്ട്രോണിക്സ് ഉപകരണങ്ങൾ പിടിച്ചെടുത്തു. അഫ്ഗാനടക്കം 19 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് നൽകിയ ഗ്രീൻ കാർഡുകൾ പുനഃപരിശോധിക്കാൻ ട്രംപ് ഭരണകൂടം തീരുമാനിച്ചു.
രണ്ട് നാഷണൽ ഗാർഡ് സൈനികർക്ക് വെടിവെയ്പ്പിൽ ഗുരുതര പരിക്കേറ്റ ആക്രമണം ഭീകര പ്രവർത്തനമാണെന്നാണ് പ്രസിഡന്റ് ട്രംപ് വിശേഷിപ്പിച്ചത്. അക്രമിയെ മൃഗമെന്ന് വിളിച്ച ട്രംപ്, ഈ ആക്രമണത്തിന് ആ മൃഗം വലിയ വില കൊടുക്കേണ്ടി വരുമെന്നും പറഞ്ഞു. ഇത് ഹീനമായ ആക്രമണവും ഭീകരതയുമാണ്. രാജ്യത്തിനും മനുഷ്യരാശിക്കുമെതിരായ കുറ്റകൃത്യമാണെന്നും ട്രംപ് പ്രതികരിച്ചു. യു എസ് മുൻ പ്രസിഡന്‍റ് ബറാക്ക് ഒബാമയും നിലവിലെ വൈസ് പ്രസിഡന്‍റ് ജെ ഡി വാൻസും വൈറ്റ്ഹൗസിന് സമീപത്തെ വെടിവയ്പ്പിൽ പ്രതികരിച്ച് രംഗത്തെത്തി. അമേരിക്കയിൽ അക്രമത്തിന് സ്ഥാനമില്ല എന്നാണ് മുൻ യു എസ് പ്രസിഡന്‍റ് ബറാക് ഒബാമ പ്രതികരിച്ചത്. ഹൃദയം തകർക്കുന്ന സംഭവമാണ് ഉണ്ടായതെന്ന് പറഞ്ഞ വാൻസ്, ഗുരുതരമായി പരിക്കേറ്റ നാഷണൽ ഗാർഡ് സൈനികരുടെ ധീരതയെ പ്രശംസിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam