
പോർട്ട് ലൂയിസ്: കനത്ത പ്രളയത്തിൽ വലഞ്ഞ് മൗറീഷ്യസ്. ആഞ്ഞടിച്ച ബെലാൽ ചുഴലിക്കാറ്റ് മൗറീഷ്യസിലേക്ക് നീങ്ങിയതോടെയാണ് പ്രളയം ശക്തമായത്. ഒരറിയിപ്പുണ്ടാകുന്നത് വരെ മൗറീഷ്യസ് രാജ്യാന്തര വിമാനത്താവളം അടച്ചു. ഇന്ത്യന്‍ മഹാസമുദ്രത്തിൽ രൂപം കൊണ്ട ചുഴലിക്കാറ്റ് മൗറീഷ്യസ് തീരത്തേക്ക് നീങ്ങുകയാണ്. വെള്ളപ്പൊക്കത്തിൽ മൗറീഷ്യസിന്റെ തലസ്ഥാനമായ പോർട്ട് ലൂയിസിൽ സാരമായ നാശ നഷ്ടമാണ് ഉണ്ടായിട്ടുള്ളത്.
നഗരത്തിൽ നിർത്തിയിട്ട നിരവധി കാറുകളാണ് മുങ്ങിപ്പോയത്. ദ്വീപ് രാജ്യത്തിന് രൂക്ഷമായ വെല്ലുവിളി സൃഷ്ടിക്കുന്നതാവും ബെലാൽ എന്നാണ് കാലാവസ്ഥാ വിദഗ്ധർ വിശദമാക്കുന്നത്. ദ്വീപിലെ ബാങ്കുകൾ, സ്കൂളുകൾ, സർക്കാർ ഓഫീസുകൾ, സ്വകാര്യ സ്ഥാപനങ്ങൾ എന്നിവയെല്ലാം അടച്ച് ജീവനക്കാരെ വീടുകളിലേക്ക് മാറ്റിയിരിക്കുകയാണ്. 130 കിലോമീറ്റർ വേഗതയിലാണ് ബെലാൽ തീരത്തേക്ക് അടുക്കുന്നത്. സർക്കാർ സ്ഥാപനങ്ങൾ അവധി പ്രഖ്യാപിച്ചതോടെ വീടുകളിലേക്ക് ഇറങ്ങിയ മിക്ക ആളുകളുടേയും കാറുകൾ പ്രളയത്തിൽ മുങ്ങിയ നിലയിലായിരുന്നു.
തീരത്തേക്ക് അടുക്കുമ്പോൾ ബെലാൽ ചുഴലിക്കാറ്റ് 70 കിലോമീറ്റർ വേഗതയിലേക്ക് ചുരുങ്ങുമെന്ന നിരീക്ഷണത്തിലാണ് കാലാവസ്ഥാ വകുപ്പുള്ളത്. മിക്കയിടങ്ങളിലും ശക്തമായ മഴയാണ് നേരിടുന്നത്. 1.3 മില്യണ്‍ ആളുകളാണ് മൗറീഷ്യസിലുള്ളത്. വിനോദ സഞ്ചാര മേഖലയാണ് മൗറീഷ്യസിന്റെ പ്രധാന വരുമാന മാർഗം. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ വലിയ കാറ്റിലും കനത്ത മഴയിലും സാരമായ നഷ്ടമാണ് മൗറീഷ്യസിനുണ്ടായത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam