'വിമാനത്തില്‍ നിന്ന് അവര്‍ വീണത് എന്റെ വീടിന് മുകളില്‍'; ദുരന്തം വിവരിച്ച് അഫ്ഗാന്‍ യുവാവ്

By Web TeamFirst Published Aug 19, 2021, 9:50 PM IST
Highlights

ഒരാളുടെ ജനന സര്‍ട്ടിഫിക്കറ്റ് ബോഡിയില്‍ നിന്ന് ലഭിച്ചു. രണ്ട് പേര്‍ക്കും 30ല്‍ താഴെയായിരുന്നു പ്രായം. സുഫിയുല്ല ഹൊതാക്ക്, ഫിദ മുഹമ്മദ് എന്നിവരാണ് മരിച്ചത്.
 

കാബൂള്‍: കഴിഞ്ഞ ദിവസം ലോകമാകെ ചര്‍ച്ച ചെയ്ത വിഷയമാണ് അമേരിക്കന്‍ സൈനിക വിമാനത്തിന്റെ ടയറില്‍ തൂങ്ങി രക്ഷപ്പെടാന്‍ ശ്രമിച്ച അഫ്ഗാന്‍ യുവാക്കള്‍ മുകളില്‍ നിന്ന് വീണ് മരിച്ച സംഭവം. ലോകത്തെ നടുക്കിയതായിരുന്നു ആ സംഭവം. തന്റെ വീടിന്റെ ടെറസിന് മുകളിലേക്കാണ് രക്ഷപ്പെടാന്‍ ശ്രമിച്ചതെന്ന് വെളിപ്പെടുത്തി വാലി സാലെക് എന്ന അഫ്ഗാന്‍ യുവാവ് രംഗത്തെത്തി. അദ്ദേഹം പറയുന്നതിങ്ങനെ:

''തിങ്കളാഴ്ച ഞങ്ങള്‍ എല്ലാവരും വീട്ടിനുള്ളില്‍ ഇരിക്കുകയായിരുന്നു. അപ്പോഴാണ് ഭയാനകമായ ശബ്ദം ടെറസില്‍ നിന്ന് കേട്ടത്. ട്രക്കിന്റെ ടയര്‍ പൊട്ടിത്തെറിക്കുന്ന ശബ്ദത്തിന് സമാനമായിരുന്നു അത്. ഞാന്‍ ഓടി ടെറസിലെത്തി. കണ്ട കാഴ്ച ഭയാനകമായിരുന്നു. രണ്ട് മൃതശരീരങ്ങള്‍, തലപൊട്ടി തലച്ചോര്‍ പുറത്തുവന്നിരിക്കുന്നു. വയറെല്ലാം പൊട്ടി ആന്തരികാവയവങ്ങല്‍ പുറത്തുവന്ന അവസ്ഥയിലാണ്. കാഴ്ച കണ്ട ഭാര്യ അപ്പോഴേ ബോധംകെട്ട് വീണു. വിമാനത്തില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച രണ്ടുപേര്‍ വീണെന്ന് ടിവിയില്‍ കണ്ടെന്ന് അയല്‍വാസിയാണ് വന്നു പറഞ്ഞത്. ഒരു ടവലിലാണ് അവശിഷ്ടം മാറ്റിയത്. പിന്നീട് ബന്ധുക്കളും ഞങ്ങളും അവശിഷ്ടം പള്ളിയിലേക്ക് മാറ്റി''-അദ്ദേഹം പറഞ്ഞു.

ഒരാളുടെ ജനന സര്‍ട്ടിഫിക്കറ്റ് ബോഡിയില്‍ നിന്ന് ലഭിച്ചു. രണ്ട് പേര്‍ക്കും 30ല്‍ താഴെയായിരുന്നു പ്രായം. സുഫിയുല്ല ഹൊതാക്ക്, ഫിദ മുഹമ്മദ് എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ചയാണ് ദാരുണ സംഭവമുണ്ടായത്. ചരക്കുമായെത്തിയ യുഎസ് സൈനിക വിമാനത്തില്‍ രക്ഷപ്പെടാനായി ആയിരങ്ങളാണ് കാബൂള്‍ എയര്‍പോര്‍ട്ടില്‍ എത്തിയത്. വിമാനത്തിനുള്ളില്‍ കയറാന്‍ കഴിയാത്ത രണ്ട് പേര്‍ ടയറില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിച്ചു. എന്നാല്‍ ടേക്ക് ഓഫ് ചെയ്ത് കുറച്ച് നിമിഷത്തിന് ശേഷം ഇരുവരും താഴേക്ക് പതിച്ചു. കഴിഞ്ഞ ദിവസം ഇവരുടെ മരണം യുഎസ് സ്ഥിരീകരിച്ചു. മൊത്തം ഏഴ് പേരാണ് വിമാനത്താവളത്തില്‍ മരിച്ചത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!