
ന്യൂയോര്‍ക്ക്: കുട്ടികളുടെ സമൂഹമാധ്യമ അടിമത്തത്തിൽ ചരിത്ര വിധിയുമായി യുഎസ് കോടതി. വ്യക്തികളില്‍ ആസക്തിയുണ്ടാക്കുന്ന വിധത്തില്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ പ്രവര്‍ത്തിക്കുന്നെന്ന പരാതിയില്‍ മെറ്റയ്ക്കും ഗൂഗിളിനും 56 കോടി നഷ്ട പരിഹാരം വിധിച്ചു. ഇന്‍സ്റ്റഗ്രാമിന്റെ മാതൃ സ്ഥാപനമായ മെറ്റ, യുട്യൂബിന്റെ മാതൃസ്ഥാപനമായ ഗൂഗിള്‍ എന്നിവയ്ക്കാണ് ലോസ് ഏഞ്ചല്‍സിലെ കോടതി പിഴ ചുമത്തിയത്. മെറ്റ 4.2 മില്യണ്‍ ഡോളറും ഗൂഗിള്‍ 1.8 മില്യണ്‍ ഡോളറും നഷ്ടപരിഹാരം നല്‍കണമെന്നാണ് കോടതിയുടെ ഉത്തരവ്. മെറ്റയും യൂടൂബും കാരണം മാനസികാരോഗ്യം തകർന്നെന്ന യുവതിയുടെ ഹർജിയിലാണ് വിധി.
ചെറുപ്പം മുതലുള്ള സോഷ്യല്‍ മീഡിയ ഉപയോഗം മൂലം നിരവധി മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്നു എന്ന് ചൂണ്ടിക്കാട്ടി കാലിഫോര്‍ണിയ സ്വദേശിനിയായ ഇരുപതുകാരിയാണ് കോടതിയെ സമീപിച്ചത്. ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക്, വാട്ട്‌സ്ആപ്പ് എന്നിവയും ഗൂഗിളും 20 വയസ്സുകാരിയുടെ മാനസികാരോഗ്യത്തിന് ഹാനികരമായ ആസക്തി ഉളവാക്കുന്ന സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ മനഃപൂർവ്വം നിർമ്മിച്ചതായി കോടതി കണ്ടെത്തി. കുട്ടികളുടെ മനസിനെ ബാധിക്കുന്നു എന്നറിഞ്ഞിട്ടും കമ്പനികൾ പ്ലാറ്റ്ഫോമുകളിൽ മാറ്റം വരുത്തിയില്ലെന്ന് ലോസാഞ്ചലസ് കോടതി പറഞ്ഞു. കോടതി വിധിക്കെതിരെ അപ്പീൽ പോകുമെന്ന് കമ്പനികൾ വ്യക്തമാക്കി.
യുവതിയുടെ പരാതിയില്‍ ഒമ്പത് ദിവസങ്ങളിലായി 40 മണിക്കൂറിലധികം വാദം നീണ്ടു. തുടർന്നാണ് കോടതി ചരിത്രപരമായ വിധി പറഞ്ഞത്. മെറ്റയും യൂട്യൂബും അവരുടെ പ്ലാറ്റ്ഫോമുകളുടെ രൂപകല്‍പ്പന, പ്രവര്‍ത്തനം എന്നിവയില്‍ മതിയായ ശ്രദ്ധ കാണിച്ചില്ലെന്നാണ് കോടതിയുടെ കണ്ടെത്തല്‍. ആഗോള ഡിജിറ്റല്‍ മേഖലയില്‍ വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നതാണ് വിധിയെന്നാണ് വിലയിരുത്തല്‍. കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് മെറ്റയും ഗുഗിളും ഇതിനോടകം തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
കൗമാരക്കാരുടെ മാനസികാരോഗ്യം വളരെ സങ്കീർണ്ണമാണ്, അത് ആപ്ലിക്കേഷനുകളുമായി ബന്ധപ്പെട്ട് മാത്രമല്ലെന്നാണ് ഇവർ വാദിക്കുന്നത്. വിധിയോട് ബഹുമാന പൂര്‍വം വിയോജിക്കുന്നു എന്നാണ് മെറ്റ ഗൂഗിള്‍ പ്രതിനിധികളുടെ പ്രതികരണം. ഓരോ കേസും വ്യത്യസ്തമായതിനാൽ ഞങ്ങൾ ശക്തമായി സ്വയം പ്രതിരോധിക്കുന്നത് തുടരും, കൗമാരക്കാരെ സംരക്ഷിക്കുന്നതിൽ ഞങ്ങൾക്ക് ആത്മവിശ്വാസമുണ്ടെന്നും ഗൂഗിൾ വക്താവ് പ്രതികരിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam