
മെക്സിക്കോ സിറ്റി: കുപ്രസിദ്ധ മെക്സിക്കൻ മയക്കുമരുന്ന് മാഫിയ തലവനായ, എൽ മെൻചോ എന്ന പേരിൽ അറിയപ്പെടുന്ന നെമെസിയോ റൂബൻ ഒസെഗുര സെർവാന്റസിനെ കൊലപ്പെടുത്തി സംയുക്ത സേന. മെക്സിക്കോയിലെ ഏറ്റവും വലിയ മയക്കുമരുന്ന് തലവന്മാരിലൊരാളാണ് നെമെസിയോ റൂബൻ ഒസെഗുര സെർവാന്റസ് എന്ന 'എൽ മെൻചോ'. ഞായറാഴ്ച നടന്ന സൈനിക ഓപ്പറേഷനിലാണ് ഇയാൾ കൊല്ലപ്പെട്ടതെന്ന് സൈന്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഇയാളുടെ മരണവാർത്ത പുറത്തുവന്നതോടെ രാജ്യത്തിന്റെ പല ഭാഗങ്ങളിലും വലിയ രീതിയിലുള്ള അക്രമസംഭവങ്ങൾ അരങ്ങേറുകയാണ്.
ജാലിസ്കോ ന്യൂ ജനറേഷൻ കാർട്ടൽ എന്ന മയക്കുമരുന്ന് സംഘത്തിന്റെ തലവനായിരുന്നു 59-കാരനായ ഒസെഗുവേര. ജാലിസ്കോ സംസ്ഥാനത്തെ ടപാൽപ എന്ന പട്ടണത്തിൽ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലിൽ ഇയാൾക്ക് ഗുരുതരമായി പരിക്കേറ്റു. തുടർന്ന് മെക്സിക്കോ സിറ്റിയിലേക്ക് എയർലിഫ്റ്റ് ചെയ്യുന്നതിനിടെയാണ് മരണം സംഭവിച്ചത്. അമേരിക്ക ഇയാളുടെ തലയ്ക്ക് 15 മില്യൺ ഡോളർ (ഏകദേശം 125 കോടി രൂപ) വിലയിട്ടിരുന്നു. എൽ മെൻചോയുടെ മരണത്തിന് പിന്നാലെ ഇയാളുടെ സംഘാംഗങ്ങൾ ജാലിസ്കോ സംസ്ഥാനത്ത് 20-ൽ അധികം റോഡുകൾ അടച്ചു. കാറുകളും ട്രക്കുകളും കത്തിച്ചാണ് ഇവർ റോഡുകൾ തടഞ്ഞത്. പിന്നീട് ഈ അക്രമം മറ്റ് സംസ്ഥാനങ്ങളിലേക്കും വ്യാപിക്കുകയായിരുന്നു.
ജനങ്ങളോട് ശാന്തരാകാൻ മെക്സിക്കൻ പ്രസിഡന്റ് ക്ലോഡിയ ഷെയ്ൻബോം അഭ്യർത്ഥിച്ചു. കേന്ദ്രസർക്കാർ സംസ്ഥാന അധികാരികളുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്നും അവർ അറിയിച്ചു. സിനലോവ കാർട്ടൽ സ്ഥാപകരായ ഹൊവാക്വിൻ 'എൽ ചാപ്പോ' ഗുസ്മാൻ, ഇസ്മായേൽ സംബാദ എന്നിവർക്ക് ശേഷം പിടിയിലാകുന്ന ഏറ്റവും വലിയ മെക്സിക്കൻ മയക്കുമരുന്ന് തലവനാണ് 'എൽ മെൻചോ' എന്നറിയപ്പെടുന്ന ഒസെഗുവേര. എൽ ചാപ്പോയും സംബാദയും ഇപ്പോൾ അമേരിക്കയിൽ ജയിൽ ശിക്ഷ അനുഭവിക്കുകയാണ്.
മെക്സിക്കൻ സൈനിക ഇന്റലിജൻസിന് പുറമെ, യുഎസ് അധികൃതർ നൽകിയ അധിക വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ റെയ്ഡ് നടത്തിയതെന്ന് സൈന്യം ഞായറാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ഒസെഗുവേരയെ കൂടാതെ മറ്റ് ആറ് കാർട്ടൽ അംഗങ്ങളെയും വധിച്ചു. ഏറ്റുമുട്ടലിൽ മൂന്ന് സൈനികർക്ക് പരിക്കേറ്റിട്ടുണ്ട്.സംഭവവുമായി ബന്ധപ്പെട്ട് രണ്ട് കാർട്ടൽ അംഗങ്ങളെ അറസ്റ്റ് ചെയ്തു. വിമാനങ്ങളെയും കവചിത വാഹനങ്ങളെയും തകർക്കാൻ ശേഷിയുള്ള റോക്കറ്റ് ലോഞ്ചറുകൾ ഉൾപ്പെടെ നിരവധി ആയുധങ്ങൾ പിടിച്ചെടുത്തതായും പ്രസ്താവനയിൽ പറയുന്നു.
അക്രമം വ്യാപിച്ചതോടെ, ഈ വേനൽക്കാലത്ത് നാല് ലോകകപ്പ് മത്സരങ്ങൾക്ക് വേദിയാകേണ്ട ജാലിസ്കോ സംസ്ഥാനത്ത് ഞായറാഴ്ചത്തെ എല്ലാ പൊതുപരിപാടികളും തിങ്കളാഴ്ച സ്കൂളുകൾക്ക് അവധിയും നൽകിയിട്ടുണ്ട്.സംസ്ഥാന തലസ്ഥാനമായ ഗ്വാഡലഹാരയിലെ തെരുവുകൾ ശൂന്യമാണ്. കടകളും ഫാർമസികളും പെട്രോൾ പമ്പുകളും അടഞ്ഞുകിടക്കുകയാണ്.ഒസെഗുവേരയുടെ കാർട്ടലിന് സ്വാധീനമുള്ള അയൽ സംസ്ഥാനമായ മിച്ചോവാക്കനിലേക്കും വിനോദസഞ്ചാര നഗരമായ പ്യൂർട്ടോ വല്ലാർട്ടയിലേക്കും അക്രമം പടർന്നിട്ടുണ്ട്.
2009-ൽ രൂപീകരിച്ച ഈ കാർട്ടൽ മെക്സിക്കോയിലെ ഏറ്റവും അക്രമാസക്തമായ മയക്കുമരുന്ന് കടത്ത് സംഘടനകളിലൊന്നായി മാറിയെന്ന് യുഎസ് ജസ്റ്റിസ് ഡിപ്പാർട്ട്മെന്റ് പറയുന്നു. ജാലിസ്കോ കാർട്ടലിനെ അമേരിക്ക ഒരു തീവ്രവാദ സംഘടനയായാണ് പ്രഖ്യാപിച്ചിട്ടുള്ളത്. കൊക്കെയ്ൻ, ഹെറോയിൻ, മെത്താംഫെറ്റാമൈൻ, ഫെന്റനൈൽ എന്നിവ അമേരിക്കയിലേക്ക് കടത്തുന്നതായി ഇവർക്കെതിരെ ആരോപണമുണ്ട്.യുഎസ് ഡെപ്യൂട്ടി സ്റ്റേറ്റ് സെക്രട്ടറി ക്രിസ്റ്റഫർ ലാൻഡൗ സൈനിക നടപടിയെ സ്വാഗതം ചെയ്തു. ഒസെഗുവേരയെ ഏറ്റവും ക്രൂരനും രക്തദാഹിയുമായ മയക്കുമരുന്ന് രാജാക്കന്മാരിൽ ഒരാൾ എന്നാണ് ക്രിസ്റ്റഫർ ലാൻഡൗ വിശേഷിപ്പിച്ചത്.ഇത് മെക്സിക്കോയ്ക്കും യുഎസ്സിനും ലാറ്റിനമേരിക്കയ്ക്കും ലോകത്തിനും ഒരു വലിയ മുന്നേറ്റമാണ്, എന്നാണ് ക്രിസ്റ്റഫർ ലാൻഡൗ കൂട്ടിച്ചേർത്തത്.
ഫെന്റനൈൽ പോലുള്ള മയക്കുമരുന്നുകളുടെ ഒഴുക്ക് തടയണമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മെക്സിക്കോയ്ക്ക് മേൽ സമ്മർദ്ദം ചെലുത്തുന്നതിനിടെയാണ് ഈ റെയ്ഡ് നടന്നത്. മയക്കുമരുന്ന് വ്യാപാരം തടയാൻ ഷെയ്ൻബോം സർക്കാർ വേണ്ടത്ര നടപടികൾ സ്വീകരിക്കുന്നില്ലെന്ന് ആരോപിച്ച് ട്രംപ് മെക്സിക്കൻ കയറ്റുമതിക്ക് താരിഫ് ഏർപ്പെടുത്തുമെന്ന് ആവർത്തിച്ച് ഭീഷണിപ്പെടുത്തിയിരുന്നു.അക്രമം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് മെക്സിക്കോയുടെ പല ഭാഗങ്ങളിലുമുള്ള യുഎസ് പൗരന്മാരോട് അടുത്ത അറിയിപ്പ് ഉണ്ടാകുന്നതുവരെ സുരക്ഷിതമായി ഒരിടത്ത് തുടരാൻ നിർദ്ദേശിച്ചിട്ടുണ്ട്.ജാലിസ്കോ, ഗെരേറോ, മിച്ചോവാക്കൻ സംസ്ഥാനങ്ങളിൽ സുരക്ഷാ സേനയുമായുള്ള വെടിവയ്പ്പുകളും സ്ഫോടനങ്ങളും ചൂണ്ടിക്കാട്ടി കാനഡയും യാത്രാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.അക്രമസംഭവങ്ങളെ തുടർന്ന് യുഎസ്, കനേഡിയൻ എയർലൈനുകൾ മെക്സിക്കോയിലേക്കുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam