
ടെൽ അവീവ്: ഇറാനും ഇസ്രയേലും തമ്മിലുള്ള ആക്രമണം ശക്തമായതോടെ പശ്ചിമേഷ്യ വീണ്ടും യുദ്ധഭീതിയിൽ. ഇന്ന് പുലർച്ചെ ഇസ്രയേൽ തുടങ്ങിവച്ച ആക്രമണങ്ങളുടെ തുടർച്ചയായി ഇപ്പോഴും ഇരു രാജ്യങ്ങളും തമ്മിൽ പോര് രൂക്ഷമായി തുടരുകയാണ്. ടെഹറാനിൽ കുറച്ച് മുന്നേ പോലും സ്ഫോടന ശബ്ദം കേട്ടതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇസ്രയേൽ ആക്രമണത്തിന് ഇറാൻ തിരിച്ചടി നൽകിയതിന് പിന്നാലെയാണ് ഇറാനിൽ വീണ്ടും ആക്രമണമുണ്ടായിരിക്കുന്നത്. ഇറാനും തിരിച്ചടി തുടരുകയാണെന്നാണ് വ്യക്തമാകുന്നത്. യെമനിൽ നിന്നും ഇസ്രായേലിലേക്ക് റോക്കറ്റ് ആക്രമണം രൂക്ഷമായിട്ടുണ്ട്. ഇറാൻ ആക്രമണം കടുപ്പിച്ചതോടെ ജെറുസലേമിൽ മുന്നറിയിപ്പ് സൈറൺ മുഴങ്ങിയിരിക്കുകയാണ്.
പശ്ചിമേഷ്യ യുദ്ധ ഭീതിയിലായതോടെ സ്ഥിതി നിരീക്ഷിക്കുകയാണെന്ന് അമേരിക്കയും വ്യക്തമാക്കി. ഇസ്രയേലിനെ സഹായിക്കാൻ യുദ്ധക്കപ്പലുകൾ അടക്കം അമേരിക്ക സജ്ജമാക്കുന്നതായും റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. എന്നാൽ ഇറാനെ ആക്രമിക്കാൻ അല്ല യുദ്ധക്കപ്പലുകൾ അടക്കം സജ്ജമാക്കുന്നതെന്നാണ് അമേരിക്കയുടെ വിശദീകരണം. യുദ്ധക്കപ്പലുകളും സൈനിക സന്നാഹങ്ങളും മേഖലയിൽ സജ്ജമാക്കുന്നത് ഇറാനെ പ്രതിരോധിക്കാൻ മാത്രമാണെന്നാണ് പെന്‍റഗണിൽ നിന്നുള്ള പ്രതികരണം. ഇസ്രയേലിന്റെ മിസൈൽ പ്രതിരോധ ശേഷിയെ സഹായിക്കാനുള്ള നീക്കമാണ് ഇതെന്നും യാതൊരു ആക്രമണ ലക്ഷ്യവുമില്ലെന്നും യു എസ് സൈനിക വൃത്തങ്ങൾ അറിയിച്ചു. യുദ്ധ സാഹചര്യം ശക്തമായതോടെ പ്രസിഡന്റ് ട്രംപ് ഇന്ന് ദേശീയ സുരക്ഷാ സമിതിയുമായി യോഗം ചേരാൻ തീരുമാനിച്ചിട്ടുണ്ട്.
അതിനിടെ ഇറാനെതിരെ പുതിയ ഭീഷണിയുമായി അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് രംഗത്തെത്തിയിരുന്നു. ഇറാൻ ആണവ നിർവ്യാപന കരാറിൽ ഒപ്പിട്ടില്ലെങ്കിൽ ഇതിലും രൂക്ഷമായ ആക്രമണം നേരിടേണ്ടി വരുമെന്നാണ് ട്രംപിന്‍റെ ഭീഷണി. ആണവ പദ്ധതിയിൽ നിന്ന് ഇറാൻ പിൻവാങ്ങണമെന്നത് ഏറെക്കാലമായുള്ള ആവശ്യമാണ്. ഇനിയും അതിന് തയ്യാറായില്ലെങ്കിൽ ഇറാൻ അതിരൂക്ഷമായ ആക്രമണം ഏറ്റുവാങ്ങേണ്ടിവരുമെന്നും അമേരിക്കൻ പ്രസിഡന്‍റ് വ്യക്തമാക്കി. ഇസ്രയേലിൽ നിന്ന് ഇന്ന് പുലർച്ചെ ലഭിച്ചതിലും കൂടുതൽ പ്രഹരം ഏറ്റുവാങ്ങേണ്ടി വരുമെന്നാണ് ട്രംപ് വിശദീകരിച്ചത്.
തന്റെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിൽ എഴുതിയ കുറിപ്പിൽ ഇറാനെതിരായ വരാനിക്കുന്ന ആക്രമണങ്ങളുടെ സൂചനയും ട്രംപ് നൽകി. ഇറാനോട് ശക്തമായ വാക്കുകളിൽ പറഞ്ഞിട്ടും ആണവ നിർവ്യാപന കരാർ ഇതുവരെയും യാഥാർഥ്യമായില്ല. ഇസ്രയേൽ ആക്രമണത്തിൽ ഇറാന് ശക്തമായ നാശനഷ്ടം ഉണ്ടായിട്ടുണ്ട്. ഇനി വരാനിരിക്കുന്ന ആക്രമണം ഇതിലും ക്രൂരമായിരിക്കും. ടെഹ്റാനിൽ ഒന്നും അവശേഷിക്കാത്ത സ്ഥിതി വിശേഷമുണ്ടാകുമെന്നും, അതിന് മുൻപ് ഇറാൻ ഉടമ്പടിക്ക് തയാറാകണമെന്നും ട്രൂത്ത് സോഷ്യൽ പ്ലാറ്റ്ഫോമിൽ ട്രംപ് കുറിച്ചു.
ഇസ്രയേൽ ഇന്ന് പുലർച്ചെ ടെഹ്റാനിൽ നടത്തിയ ആക്രമണങ്ങളിൽ പങ്കില്ലെന്ന അമേരിക്കയുടെ ആദ്യ നിലപാട് ചോദ്യം ചെയ്യുന്നതാണ് ട്രംപിന്‍റെ പുതിയ ഭീഷണി. ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ അമേരിക്കക്ക് പങ്കുണ്ടെന്ന് ഇറാൻ ആദ്യം തന്നെ ആരോപിച്ചിരുന്നു. ഒരു പങ്കുമില്ലെന്നാണ് ട്രംപ് തന്നെ രാവിലെ പറഞ്ഞത്. എന്നാൽ ആണവ നിർവ്യാപന കരാറിൽ ഒപ്പിട്ടില്ലെങ്കിൽ കടുത്ത ആക്രമണം നേരിടേണ്ടി വരുമെന്ന പുതിയ ഭീഷണി അമേരിക്കൻ പങ്ക് വ്യക്തമാക്കുന്നതാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam